എന്‍റെ നേരംപോക്കുകാര്‍!!

Friday, January 27, 2012

പുഴയും കരയുംപുഴ, കൈവഴികള്‍ താണ്ടി
കരയെ തഴുകി
കടലില്‍ ലയിച്ചിരുന്നു.
കടല്‍, തിരകള്‍ താഴ്ത്തി
പുഴയെ സ്വീകരിക്കുന്നത്
കര തൃപ്തനായി
കണ്ടു നില്‍ക്കും.

 കരയ്ക്ക്‌ പുഴയോട്
 സ്നേഹമായിരുന്നു.
 സ്നേഹമെന്നാല്‍ സൗഹൃദം.
 അനിര്‍വചനീയം..

കരയിലെ പൂക്കള്‍ക്ക്‌
മണമില്ലായിരുന്നു.
നിറംകെട്ട്, മണമില്ലാതെ
കെട്ടുപിണഞ്ഞ വള്ളികളില്‍
കുലകളായത് പൂത്തു നിക്കണത്
കാണികള്‍ക്ക്‌ അത്ര പഥ്യമായിരുന്നില്ല.
എന്നാല്‍ പുഴ കാണികളെ
കാര്യമാക്കിയിരുന്നില്ല.
അവള്‍ കരയോട്
സൗഹൃദം പങ്കിട്ടു..

ഇടവപാതിയും തുലാവര്‍ഷവും
പുഴയെ കര കവിച്ചപ്പോള്‍
കര പുഴയുടെ അതിപ്രവാഹത്തെ
നെഞ്ചിലേറ്റി സ്നേഹിച്ചു.
മീനം പുഴയെ വറ്റിച്ചപ്പോള്‍,കര
വര്‍ഷ പ്രവാഹങ്ങളുടെ
ഓര്‍മകളില്‍ നിര്‍വൃതിയണഞ്ഞു.
സൂര്യന്‍ കണ്ണുരുട്ടിയ പകലുകളില്‍
തൊണ്ട വരണ്ട് കര
പുതുമഴക്കായി കരഞ്ഞു.
മഴയ്ക്കായി കരയുമ്പോള്‍
കരയുടെ ചിന്തകള്‍ മുഴുക്കെ
തീരംതല്ലി സ്നേഹിച്ച പുഴയായിരുന്നു.

 കാലം ഒത്തിരി ഒഴുകി കഴിഞ്ഞപ്പോള്‍
 പുഴയിലെ വെള്ളം കുറഞ്ഞു വന്നു.
 വര്‍ഷകാലത്ത്‌ നിറഞ്ഞൊഴുകിയിരുന്നത്
 വര്‍ഷത്തിലൊന്നായി പോലും ഒഴുകാതായി.
 നിര്‍ജീവയായി ഒഴുകുന്ന പുഴയെ നോക്കി
 പാവം കര കണ്ണീരണിഞ്ഞു.

കര, കഥയറിഞ്ഞപ്പോഴേക്കും
ആട്ടം ഏറെ കഴിഞ്ഞിരുന്നു.
പുഴ, പുതു വഴികള്‍ തേടി
രണ്ടായി പിരിഞ്ഞ്
മറുകര തലോടി
കടലിലെത്താന്‍ തുടങ്ങിയിരുന്നു.
മറുകരയുടെ തീരങ്ങളില്‍
പല സുഗന്ധം പരത്തുന്ന
പല പൂക്കള്‍ വിരിയുന്ന
ഉദ്യാനമുണ്ടായിരുന്നു.
നിറവും മണവും നിറഞ്ഞ്
ശലഭങ്ങള്‍ പാറി നടന്ന്‍,
കാണികളുടെ കണ്ണുകള്‍ക്ക്‌
വിരുന്നൂട്ടിയ ഉദ്യാനം.
ഒടുവില്‍ പുഴയും
കാണികളുടെ ഭാഗം ചേര്‍ന്നെന്നു
കര മനസിലാക്കി.

പുഴയുടെ അതിപ്രവാഹങ്ങള്‍
മറുകര തഴുകുന്നത് കണ്ട്
കര ശബ്ദമില്ലാതെ കണ്ണ് തുടച്ചു.
കര സൗഹൃദം കാണിച്ചു
കയ്യുയര്‍ത്തി കാട്ടിയപ്പോള്‍
മറുകര കൊഞ്ഞനംകുത്തി കളിയാക്കി.
പുഴയാകട്ടെ, ഭാവഭേദമില്ലാതെ
ശാന്തയായി ഒഴുക്ക് തുടര്‍ന്നു.
കടല്‍ ഒന്നുമറിയാതെ
തിരകളെ താഴ്ത്തി
പുഴയെ സ്വീകരിച്ചു,തന്‍റെതാക്കി..

Saturday, January 7, 2012

ഒരു ഡിറ്റിഎച്ച് അനുഭവപാഠം       ഇതൊരു അനുഭവ കുറിപ്പാണ്. കയ്യിന്നു കാശിറക്കാതെ ചുളുവില്‍ പത്തു ചാനല്‍ കാണാമെന്ന് കരുതിയ എന്റെ പാവം അച്ഛന് പറ്റിയ പറ്റിന്റെ കഥ.
 ഒരു ദിവസം കോളെജ് വിട്ടു അബദ്ധത്തില്‍ നേരത്തെ എത്തിയപ്പോള്‍ വീട് മൊത്തത്തില്‍ ഒരു ശ്മശാന മൂകത. അമ്മേടേം അച്ഛന്റേം എന്റെ നേരെ താഴെ ഉള്ള രണ്ടു ചെകുത്താന്മാരുടെം(അനിയന്മാര്‍ എന്ന് ഉദ്ദേശം!)  മുഖത്ത്‌ കടുന്നല് തലോടിയ പോലൊരു ഭാവം. ആകെ മൊത്തം ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്..
 കാര്യം അറിയാഞ്ഞിട്ട് എനിക്കും ചെറിയൊരു വിഷമം. അമ്മയ്ക്കും അച്ഛനും കൂടി കുഴീക്ക്‌ കാലും നീട്ടിയിരുന്നു ഉപദേശം വിളമ്പുന്ന അര ഡസനോളം കാര്ന്നോന്മാരുല്ലതാണ്. അവര് വല്ലതും...

    ചോദിച്ചപ്പോള്‍ പറയാനും വിഷമം. പറഞ്ഞ വന്നപ്പോള്‍ കാര്യം നിസ്സാരം..(?) കലൈഞ്ജര്‍ കൂടി പോയിരിക്കുന്നു. തെറ്റിദ്ധരിക്കരുത്, സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയെ കുറിച്ചല്ല.. അദ്ദേഹത്തിന്റെ പേരിലുള്ള പാര്‍ട്ടി ചാനലിനെ കുറിച്ചാണ് പറഞ്ഞു വന്നത്. മാരന്മാരോട് ഉടക്കിയപ്പോള്‍ സണ്‍ നെറ്റ്‌വര്‍ക്ക്നോട്‌ മത്സരിക്കാന്‍ തുടങ്ങിയ കലൈഞ്ജര്‍ ചാനലിനെ കുറിച്ച്.  സ്റ്റാലിന്‍ അണ്ണന്‍ നിര്‍മിക്കുന്ന പുത്തന്‍ പുതുസ് തിരൈ പടങ്ങള്‍ തിയേറ്റര്‍ വിട്ടു രണ്ടു മാസത്തിനുള്ളില്‍ കാണാനുള്ള വഴിയാണ് അടഞ്ഞിരിക്കുന്നത്. വിഷമിക്കേണ്ടത് തന്നെ.. കഷ്ടമേ കഷ്ടം..!

      പറയുന്നത് ഏതെന്കിലും സ്വകാര്യ ഡിറ്റിഎച്ച് സേവനദാതാക്കളെ കുറിച്ചല്ല.(അതാണെങ്കില്‍ പരാതിയെങ്കിലും പറയാമായിരുന്നു..) കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ത്താമാദ്ധ്യമമായ ദൂരദര്‍ശന്റെ ഡയറക്റ്റ് ഹോം സര്‍വിസ്നെ പറ്റിയാണ്.. നൂറിനു മീതെ ചാനലുകള്‍ തികച്ചും സൗജന്യമായി വീട്ടില്‍ എത്തിച്ചു തരും എന്നൊക്കെ കൊട്ടിഘോഷിച്ചാണ് തുടങ്ങി വച്ചത്. ഉല്‍ഘാടിച്ചത് ബഹു: പ്രധാനമന്ത്രിയും. ആകെ കിട്ടിയിരുന്ന അമ്പത്‌ ചാനലില്‍ മുപ്പത്തന്ജും ദൂരദര്‍ശന്‍ ചാനലുകള്‍ തന്നെ. മലയാളമെന്നു പറയാന്‍ അമൃതയും കൈരളിയും ജയ്ഹിന്ദും മാത്രം. മൂന്നു-നാല് മ്യൂസിക്‌ ചാനലും നേരത്തെ പറഞ്ഞ കലൈന്ജരും കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ നോക്കണ്ട. ശുദ്ധ വേസ്റ്റ്..  കുറെ ഏറെ വരും എന്ന് പറഞ്ഞു കുറെക്കാലം അങ്ങനെ പോയി. പെട്ടെന്ന്‍ ഒരു ദിവസമാണ്, അമൃതയും ജയ്ഹിന്ദും അപ്രത്യക്ഷമായി. മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം പൂര്‍ണമായും അനുകൂല നടപടി എടുക്കാത്തോണ്ട് ഡിഎംകെ, കലൈഞ്ജര്‍ ചാനല്‍ പിന്‍വലിക്കാനുള്ള സാധ്യതയെ കുറിച്ച് ഞാന്‍ അന്നേ തമാശിച്ചതാണു..! അതും സംഭവിച്ചു..

   എന്നിട്ടും കീഴടങ്ങാനാ ഉദ്ദേശം..? അടുത്ത ദിവസം വന്നപ്പോഴും എല്ലാരും  പെട്ടിക്ക് മുന്നില്‍ തന്നെ..! ഇപ്രാവശ്യം ഹിന്ദി ആണ്. ധര്‍മേന്ദ്രയുടെ പഴയൊരു റൊമാന്റിക്‌ മൂവി.. ഇത് തന്നെ ധാരാളം.. പിന്നെ മലയാളം എന്ന് പറയാന്‍ കൈരളി ഉണ്ടല്ലോ..! അത്ഭുതം തോന്നിയില്ല. സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന് ജീവിക്കാന്‍ മനുഷ്യനോളം കഴിവ്‌ ഏതു ജീവിക്കുണ്ട്..! അതും അങ്ങനെ മുന്നോട്ട് പോയില്ല. പുതു വര്ഷം പുലര്‍ന്നപ്പോള്‍ കൈരളിയും ഔട്ട്‌..!!!
 കഴിഞ്ഞ ദിവസം മാതൃഭൂമി പത്രമാണ് കാര്യം പറഞ്ഞത്‌. ഭീമമായ വാര്‍ഷിക വരിസംഖ്യ താങ്ങാനാകാത്തതാണ് സ്വകാര്യ ചാനലുകളെ ഡിറ്റിഎച്ചില്‍ നിന്നും അകട്ടിയതത്രേ.. ഒരു സ്വകാര്യ ചാനലില്‍ നിന്നും 80 ലക്ഷം വരെ വാങ്ങിയിരുന്ന വരിസംഖ്യ ഏകപക്ഷീയമായി 3.25 കോടിയാക്കി ഉയര്‍ത്തുകയായിരുന്നു.. മറ്റു സ്വകാര്യ ടിറ്റിഎച്ച് സേവനദാതാക്കള്‍ ആകട്ടെ തികച്ചും സൗജന്യമായാണ് മലയാളം ചാനലുകള്‍ അടക്കം സംപ്രേക്ഷണം ചെയ്യുന്നത്.. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കു തോന്നും ഇങ്ങനെ തുടര്‍ന്ന് പോകാന്‍..,..?

  എന്റെ കഥയുടെ ക്ലൈമാക്സിന്റ്റെതായ സംഭവം അറിയുന്നത്, ഇത് എഴുതാനിരുന്ന ശേഷമാണ്..! ഇന്ന് അച്ഛന്‍ പുറത്തു പോയിരിക്കുന്നത് നാട്ടിലെ സകലമാന സ്വകാര്യ ടിറ്റിഎച്ച് സേവനദാതാക്കളുടെയും ഷോര്‍ട്ട് ലിസ്റ്റ്‌ എടുതാണത്രേ..!!! അതായത്‌ നിലവിലെ ഡിഷിനും റിസീവരിനും പകരം പുതിയൊരു കൊട്ടയും സ്വീകരിണിയും ഉടന്‍ എത്തും!!! ഇനി എല്ലാം നേരില്‍..!!!,..!!!

സംഭവാമി യുഗേ.. യുഗേ..!!!