എന്‍റെ നേരംപോക്കുകാര്‍!!

Friday, August 31, 2012

ഓണം ഐതിഹ്യം- പറയപ്പെടാത്ത കഥ!



    ആത്യന്തികമായിട്ട് ഈ ഓണത്തിന്റെ ചരിത്രപരമായ ഉദ്ദേശശുദ്ധിയില്‍ എനിക്ക് തെല്ലു വിയോജിപ്പുകളുണ്ട്! കാരണം നിങ്ങളറിയുന്ന കഥയൊന്നും അല്ല, യഥാര്‍ത്ഥ കഥ!!! അക്കഥ ഈ ഞാന്‍ പറയാം! ശ്രദ്ധിച്ചു കേട്ടോണം!!!

   ആശയപരമായി, മാനുഷരെ എല്ലാരെയും ഒന്നുപോലെ കാണുന്ന, കള്ളമോ ചതിയോ പൊളിവചനമോ ഇല്ലാത്ത ആദര്‍ശ ധീരനും പ്രജാതല്പ്പരനുമായ മഹാബലി എന്നാ അസുര രാജാവിനെ, സാക്ഷാല്‍ മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനന്‍ തികച്ചും സ്വേച്ഛാധിപത്യപരമായി സ്വന്തം രാജ്യത്ത് നിന്നും പടിയടച്ചു പാതാളത്തിലോട്ടു ചവിട്ടി താഴ്ത്തിയ ക്രൂരതയുമായി ബന്ധപ്പെട്ടാണല്ലോ ഓണം ആഘോഷിക്കുന്നത്. നിലവില്‍ രണ്ടു ലോകത്തായി സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്ന മഹാബലി അടുത്ത ലക്ഷ്യമായി ദേവലോകത്തെ കണ്ടു കഴിഞ്ഞിരിക്കുമോ എന്നാ ദേവേന്ദ്രന്റെ സ്വാഭാവികമായ ആശങ്കയില്‍ നിന്ന് തന്നെയായിരുന്നു പ്രസ്തുത കര്‍മത്തിനുള്ള പ്രേരണ ഉണ്ടായി വന്നത്. തീ, കാറ്റ്‌, കടല്‍ എന്നിങ്ങനെ ഓരോ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യപ്പെട്ടിരിക്കുകയും ആ വിഷയങ്ങളിലെ കുഞ്ഞുകുട്ടി പരധീനതകളുമായി സസന്തോഷം ജീവിച്ചു വരുകയും ചെയ്യുന്ന ദേവന്മാര്‍ എന്നാ പ്രബല വിഭാഗത്തിനു എന്തിനു മുട്ട് വന്നാലും മുട്ടി നോക്കുവാനായിട്ടു ത്രിമൂര്‍ത്തികളുടെ 24 മണിക്കൂറും ലഭ്യമായ സേവനം ഉണ്ടെന്നതിനാല്‍ എന്ത് തോന്ന്യാസവും തങ്ങള്‍ക്കാകാം എന്നൊരു വിചാരം ഉണ്ടായിരുന്നു. പൊതുവേ നന്മയുടെ പ്രതിരൂപങ്ങളും ശ്രേഷ്ടരുമായി ചിത്രീകരിക്കപ്പെടുന്ന ദേവന്മാര്‍ യഥാര്‍ത്ഥത്തില്‍ സുഖലോലുപരും വിഷയസുഖ തല്പ്പരരും ആഡംബര ജീവിതം നയിച്ച്‌ വരുന്നവരുമാണെന്ന വസ്തുത നിലനില്‍ക്കെ ഇവരെ രായ്ക്കുരാമാനം ആദരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു വരുന്ന നമുക്കിടയില്‍ തന്നെയുള്ള നല്ലൊരു കൂട്ടര്‍ക്കെതിരെ പടവാളെടുക്കാനുള്ള ആശയം കൂടി എനിക്കില്ലാതില്ല! വരട്ടെ!

     ദേവന്മാര്‍ ഇങ്ങനെ നല്ലതിന് മാത്രമായി ടൈപ്പ്‌ ചെയ്യപ്പെട്ടിരിക്കുമ്പോള്‍ നാട്ടില് നടക്കണ സകല കൊള്ളരുതായ്മകളുടെയും ദുഷ്ടതകളുടെയും  ഹോള്‍സെയില്‍ ഡീലേര്‍സായി ഒപ്പത്തിനൊപ്പം ബാലന്‍സ് ചെയ്തു പിടിച്ചു നിര്‍ത്തുന്നത് മറ്റേ വിഭാഗമായ അസുരന്മാര്‍ തന്നെ! നന്മ-തിന്മകളുടെ ഈ സന്തുലാവസ്ഥ തെറ്റിക്കാതെ കൊണ്ടുപോകാന്‍ ഒരു വിധമെല്ലാം സാധിപ്പിച്ചു വരികെ തികച്ചും അപ്രതീക്ഷിതമായി അസുരഗണത്തിനു ചീത്തപേര് വരുത്തി വച്ചുകൊണ്ട് ഒരാള്‍ മറുകണ്ടം ചാടി കളഞ്ഞു! മഹാവിഷ്ണുവിനെ ഉപാസനമൂര്‍ത്തിയാക്കിയ പ്രഹ്ലാദനായിരുന്നു ആ കുലംകുത്തി! വിഷ്ണുവിനെ നാല് തെറി പറഞ്ഞാല്‍ ആളെ ഉത്തമ അസുരനായി പരിഗണിച്ചു പോന്നിരുന്ന ഒരു സാഹചര്യത്തില്‍ നിന്നും ഈ ശുംഭന്‍ (പ്രകാശം പരത്തുന്നവന്‍ എന്നര്‍ത്ഥം!) മാത്രം എങ്ങിനെ തല തെറിച്ചവനായി എന്ന ചോദ്യത്തിന് പിന്നില്‍ നാരദമഹര്‍ഷിയുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ച ഒരു കഥ വേറെയുണ്ട് പറയാന്‍,! എന്തിനേറെ പറയണം, സ്വന്തം പിതാവ് ഹിരണ്യകശിപുവിന്റെ വയര്‍ മഹാവിഷ്ണുവിന്‍റെ മറ്റൊരു പ്രച്ഛന്നവേഷമായ നരസിംഹം പൊതിച്ചോര്‍ വലിച്ചു തുറക്കും പോലെ തുറന്നു ചോര കുടിക്കണ ഭീകര സീന്‍ ‘വിഷ്ണുപുരാണം’ സീരിയല്‍ കാണുംപോലെ കയ്യുംകൂപ്പി നിന്ന് കണ്ടു ഈ പുന്നാരമോന്‍,! അങ്ങനെയുള്ള പ്രഹ്ലാദന്റെ പേരക്കിടാവായിരുന്നു നമ്മുടെ കഥാനായകന്‍ മഹാബലി. ആ ഒരു ജനിതകവൈകല്യം പൂര്‍ണ രൂപത്തിലല്ലെങ്കിലും ഒരിത്തിരി മഹാബലിക്കും കിട്ടി പോയി! വിഷ്ണുവിനോടുള്ള ഭക്തി ആയിരുന്നില്ല, മറിച്ചു അസുരന്മാരുടെ ബേസിക് വിക്രിയകളായ കൊള്ളയും കൊലയും പോലുള്ള ദുഷ്ടവിചാരങ്ങള്‍ തൊട്ടു തീണ്ടിയില്ല നമ്മുടെ മഹാബലിയെ.. കഥയിലല്ല, പാട്ടില്‍ പറയും പോലെ,

 മാവേലി നാട് വാണീടും കാലം
 മാനുഷരെല്ലാരും ഒന്ന് പോലെ..
 .........................................................
 .........................................................


    ഇവിടെയാണ്‌ കഥയുടെ യഥാര്‍ത്ഥ ട്വിസ്റ്റ്‌ വരുന്നത്! നല്ലവരും സത്ഭാഷികളും സര്‍വ്വോപരി ശുദ്ധ വെജിറ്റെറിയനുമായുള്ള ആ നല്ല ജീവിതം അസുരന്മാര്‍ക്ക് പെട്ടെന്ന് മടുത്തു തുടങ്ങി. വിത്ത് ഗുണം പത്തു ഗുണം! രാജാവ് ഒരുത്തന്‍ ഇങ്ങനായതുകൊണ്ട് പാവങ്ങള്‍ മൊത്തത്തില്‍ പൊറുതി മുട്ടി. മര്യാദയ്ക്ക് കൊള്ളയും കൊലയും ബലാല്‍സംഗവുമൊക്കെ നടത്തി ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വെച്ചാല്‍ എന്നാ കഷ്ടമാ! സ്വാഭാവികമായും ഒരു ‘മുല്ലപ്പൂ’ മണം രാജ്യത്തങ്ങനെ വീശി അടിക്കാന്‍ തുടങ്ങി! തനിക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം നടന്നു വരുന്നത് മഹാബലി അറിയുന്നുണ്ടായിരുന്നു. അദ്ദേഹം ഗഹനമായ ചിന്തയിലങ്ങനെ ആണ്ട് ചുമ്മാ രണ്ടാഴ്ച പല്ല് തേപ്പും ചായ കുടീം ഇല്ലാതെ കഴിച്ചു. മാന്യമായ ഒരു റിട്ടയര്‍മെന്റ്! സംഗതി ആ വഴിക്കാണ് ചിന്ത വന്നെത്തിയത്. പക്ഷെ, ക്യാപ്റ്റന്‍ താനാണെലും കളിയൊക്കെ നടക്കുന്നത് അസുരഗുരു സാക്ഷാല്‍ ശുക്രാചാര്യന്റെ പൂമുഖത്താണ്. ഒരുമാതിരി പ്രധാനമന്ത്രി - പാര്‍ട്ടി അദ്ധ്യക്ഷ പരിപാടി തന്നെ! അവിടെ പറഞ്ഞു സംഗതി ഒപ്പിട്ടു കിട്ടിയാലെ കാര്യം നടക്കൂ. അത് ശരിയാക്കാം. എന്നാലും..





   ആളു പച്ചക്കറി ആണേലും അസുരന്‍ തന്നെ ആണല്ലോ! കുബുദ്ധിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. ഭാവി കാര്യങ്ങളെ കുറിച്ച് വീണ്ടും ചിന്തിച്ചപ്പോഴാണ് മഹാബലിക്ക് വേറെ ചില കാര്യങ്ങളെ കുറിച്ച് ബോധം വന്നത്. റിട്ടയര്‍മെന്റ് എന്നാണ് പേരെങ്കിലും ഇതൊരു പിന്മാറ്റമാണ്. ഭരണം മാറി വരുമെങ്കില്‍ ഇനിയത് എത്തി ചേരുക വിമതരുടെ കയ്യില്‍ തന്നെ! അങ്ങനെയെങ്കില്‍ ഇക്കണ്ടകാലം സഹിച്ചതിനെല്ലാംകൂടി കണക്ക് കൂട്ടി പിള്ളേര് പണി തന്നാലോ!! തലയെടുക്കുന്ന രീതിയൊക്കെ അന്ന് പശുവിനെ തീറ്റിക്കും പോലെ എളുപ്പ പണിയല്ലേ! ഇനി അഥവാ നാട് കടത്തിയാലോ? കേരളത്തിന്‌ തൊട്ടടുത്ത്‌ പാണ്ടി ദേശം. ശിഷ്ടകാലം പച്ചരിചോറും സാമ്പാര്‍ സാദവും കഴിച്ചു ജീവിക്കാനോ! അതിലും ഭേദം തലയങ്ങു എടുക്കുന്നത് തന്നെ! ഇനി അതൊക്കെ പോട്ടെ. അതിലും വലിയൊരു സംഗതി വേറെയുണ്ട്! രാജ്യഭാരം വിട്ടുകൊടുത്താല്‍ പിന്നെ തന്നെ ആരാണ് മൈന്‍ഡ് ചെയ്യുക??? ചരിത്രത്തിന്റെ ഏതേലും താളുകളില്‍ ഒട്ടും അറിയപ്പെടാത്ത ഏതേലും കൊശവന്‍ രാജാക്കന്മാരുടെ പേരിനൊപ്പം ചേര്‍ക്കപ്പെടുമായിരിക്കും തന്റെ പേരും! നോ! അതിനുവദിച്ചു കൂടാ! അതിനാണോ ഞാനീ നാള്‍ വരെ കഷ്ടപ്പെട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചത്! എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാം! അടുത്ത ദിവസം രാവിലെ തന്നെ മഹാബലി തേരെടുത്ത് ശുക്രാചാര്യന്റെ ആശ്രമത്തിലോട്ടു വിട്ടു. ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഗംഭീര യാഗം നടത്തണം. ലോകര്‍ തന്റെ പ്രകടനം കണ്ടു ഞെട്ടണം! നടത്തണോ? നടത്താം! കുറച്ചേറെ കാലമായിട്ടു മേലനങ്ങി വല്ലോം ചെയ്തിട്ട്. ശുക്രചാര്യനും ഓക്കേ പറഞ്ഞു. പിന്നെ താമസിച്ചില്ല. ഒരുക്കങ്ങള്‍ തകൃതിയില്‍ നടത്തി. യാഗവും തുടങ്ങി. വിചാരിച്ച പോലെ ലോകര്‍ ഞെട്ടി. ദേവേന്ദ്രനും! ഇരിക്കപൊറുതി ഇല്ലാതെ ഇന്ദ്രന്‍ നേരെ വൈകുണ്‍ഠത്തിലോട്ടു ചെന്ന് വിഷ്ണുവിനോട് സങ്കടമുണര്‍ത്തിച്ചു. വിവരമൊക്കെ അപ്പൊ അറിയുന്നെ ഉള്ളൂ എന്നാ മട്ടില്‍ കൃത്രിമ ഗൌരവമൊക്കെ കാണിച്ചു പുള്ളിക്കാരന്‍ സംഗതി മുഴുവന്‍ കേട്ടു. ഉടന്‍ വേണ്ടത്‌ ചെയ്യാമെന്നൊരു ഉറപ്പും കൊടുത്തു. യഥാര്‍ത്ഥത്തില്‍ മഹാബലിയുടെ ഉദേശമൊക്കെ മൂപ്പര്‍ മനകണ്ണില്‍ കണ്ടു മനസിലാക്കിയിരുന്നു! അങ്ങനെ വിഷ്ണു ഭൂമിയില്‍ ചെന്ന് വാമനനായി പിറന്നു. ഏകദേശം ഒരു സമയമായെന്നു തോന്നിയപ്പോ ഒരു ഓലകുടയും മറ്റു സെറ്റപ്പ്‌കളുമെടുത്തു ഒരു നടയങ്ങു നടന്നു യാഗ സ്ഥലത്തേക്ക്. ദൂരേന്ന് വരുമ്പഴെ ആളെ കണ്ടു, മഹാബലിയും ശുക്രാചാര്യരും. മഹാബലി ഉള്ളാലെ സന്തോഷിച്ചു! മോനെ! മനസ്സില്‍ ലഡ്ഡു പൊട്ടി! ശുക്രാചാര്യര്‍ പാവം, സംഗതികളുടെ കിടപ്പുവശം അറിയാതെ നേരത്തെ തന്നെ മഹാബലിയെ ഉപദേശിച്ചു. പഹയന്‍ വന്നു പലതും ചോദിച്ചെന്നു വരും. കേട്ട ഭാവം നടിക്കെണ്ടാ, പണി കിട്ടുമെന്ന്! മഹാബലി ഉണ്ടോ കേള്‍ക്കുന്നു! അടുത്തെത്തിയ വാമനനോട് ആരും കാണാതെ കണ്ണിറുക്കി കാണിച്ചു മഹാബലി! അച്ഛനെ പച്ചയ്ക്ക് വലിച്ചു കീറി കൊന്നു കൊല വിളിക്കുന്നത്‌ ഭയഭക്തി ബഹുമാനം നോക്കി നിന്ന് നിര്‍വൃതി അടഞ്ഞ മകന്‍ പ്രഹ്ലാദന്‍, പേരകുട്ടിക്ക് ഉണ്ടായേക്കാന്‍ പോകുന്ന യോഗമെന്തെന്നു കാണാന്‍ നേരത്തെ കാലത്തെ വന്നു സീറ്റ്‌ പിടിച്ചിരുന്നു അവിടെ! ബാക്കിയൊക്കെ നിങ്ങക്കറിയുംപോലെ മൂന്നടി ചോദിച്ചതും, മൂന്നാമത്തെതിനു തല വച്ച് കൊടുത്തതും വര്‍ഷത്തില്‍ ഒരു ദിവസം പതാളത്തിന്നു വിസിറ്റിംഗ് വിസ അനുവദിച്ചതും ഒക്കെ തന്നെ! അങ്ങനെ പാതാളത്തില്‍ ബുര്‍ജ്‌ ഖലീഫ കണക്കിന് ഒരു ഭീമന്‍ കെട്ടിടത്തില്‍ ഫ്ലാറ്റ് നമ്പര്‍ 12ല്‍ ധന്വന്തരി കുഴമ്പു തേച്ചു ചൂട് വെള്ളത്തില്‍ കുളിയും പ്രകൃതി ചികിത്സയുമൊക്കെയായി സകല സൗഭാഗ്യവുമായി കഴിഞ്ഞു വരുന്ന മഹാബലി അവിടിരുന്നു ബോറടിക്കുമ്പോ വര്‍ഷാവര്‍ഷം നടത്തിവരുന്ന വിദേശ ട്രിപ്പ്‌ ആണ് നമ്മളിവിടെ നാടടച്ചു കൊണ്ടാടുന്ന ഓണം!!!


   ഇപ്പൊ മനസിലായല്ലോ, യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചു എന്ന്! ചരിത്രത്തില്‍ രേഖപെടുത്താതെ തന്നെ മറഞ്ഞു പോകുമായിരുന്ന മഹാബലി എന്നാ രാജാവിന്റെ കഥ, മലയാളികള്‍ തങ്ങളുടെ ദേശീയ ഉത്സവമാക്കി മാറ്റിയെടുത്തതിനു പിന്നിലെ ചരട് വലികളുടെ കഥ!! ഇനിയും ഇങ്ങനെ വല്ലോം അറിയണേല്‍ ചോദിച്ചോളൂ ട്ടോ! പറഞ്ഞു തരാന്‍ സന്തോഷമേ ഉള്ളൂ! ഇതൊക്കെ എന്ത്!!! 

Sunday, August 26, 2012

തിരിച്ചു വരവ്


അരങ്ങോഴിഞ്ഞപ്പോഴും അണിയറയില്‍
വേഷങ്ങള്‍ പിന്നെയും ബാക്കി
തിരിച്ചറിഞ്ഞപ്പോള്‍ വൈകിയിരുന്നു,
ആരവങ്ങളും ആര്‍പ്പും കഴിഞ്ഞിരുന്നു..
കാലില്‍കിടന്ന വള്ളി ചെരിപ്പും,
ഇരിപ്പുറച്ചെന്നു വച്ച മരകസേരയും,
ആണ്‍പിള്ളേരു കൊണ്ട് പോയി..
ആലയങ്ങളില്‍ ആളകന്നപ്പോള്‍
ആശ്രയവും ഇല്ലാതായി..
ആലകളില്‍ മിനുക്കപെടാതെ
ആയുധങ്ങള്‍ തുരുമ്പെടുത്തു..
നഷ്ടങ്ങള്‍ക്ക്‌ മുതലെറിഞ്ഞവന്‍
എന്നൊരു പേര്ദോഷവും കേട്ടു..
കാലമേറെ കഴിഞ്ഞപ്പോള്‍
കാരണങ്ങള്‍ മതിയാകാതായി..
പിന്നെ,
കാണാന്‍ കണ്ണുകളും
കേള്‍ക്കാന്‍കാതുകളും
ഉണ്ടെന്നായപ്പോള്‍ വീണ്ടും!

 ആശ തോന്നിയപ്പോള്‍ മുതല്‍
 ആശയം വിലങ്ങായി..
 ആശങ്കകള്‍ ഒടുവില്‍
 അസ്ഥാനത്തായില്ല..
 കണ്ണ് തുറന്നു പിടിച്ചപ്പോള്‍
 കലവറകള്‍ കാണാമെന്നായി..
 കൈ ഉയര്‍ന്നപ്പോള്‍ വഴുതി മാറിയതും
 പിടി തരാതെ മുങ്ങി നടന്നതും
 അന്നൊരിക്കല്‍ ചുടലയില്‍
 വെണ്ണീറായി പുകഞ്ഞതും
 കണ്ണടച്ച് തുറക്കും മുന്‍പേ
 കണ്മുന്നില്‍ തെളിയുമെന്നായി..
 ഇനി മടങ്ങാം 
 വീണ്ടും അരങ്ങിലേക്ക്..
 ആടാന്‍ ഉഴിഞ്ഞിട്ട വേഷങ്ങള്‍
 പുതു ഭാവത്തില്‍ പകര്‍ന്നാടാന്‍..
 ആരവങ്ങള്‍ ഉയരട്ടെ,,
 ഒടുവിലെ ജയം, എനിക്കാണ്..

Sunday, August 5, 2012

ഹെഡ്‌ ന്‍ ടെയില്‍






ഹെഡ്‌

ആരുടെതുമല്ലാതിരുന്ന നീ
എന്‍റെ മാത്രമായിരുന്നു,
ആരുടെതെക്കയോ ആയപ്പോള്‍
എനിക്കാരുമല്ലാതായിരിക്കുന്നു..



ടെയില്‍

എന്റെതാക്കുവാന്‍ വേണ്ടി
എന്ത് ചെയ്തൂ ഞാന്‍,
എനിക്കുള്ളതു തന്നെയായിട്ടാകണം
എന്നിലേക്ക് വന്നതു നീ..!