എന്‍റെ നേരംപോക്കുകാര്‍!!

Saturday, May 18, 2013

ഫ്രെന്‍സ് വിത്ത്‌ ടൈം മെഷീന്‍

കഴിഞ്ഞ ആഴ്ചയാണ്..
മൈക്രോപ്രോസ്സസറുകളുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോള്‍ അജയ് വിളിക്കുന്നു..
നീതുവിന്റെ കല്യാണം..
നേഴ്സറി മുതല്‍ പത്താം ക്ലാസ്സുവരെ ഒരുമിച്ചു പഠിച്ചതാണ്.. പോകാതിരിക്കുന്നതെങ്ങനെ...
അപ്പൊ എക്സാം..
ആ.. ഇനിയൊരു തവണയാകട്ടെ!
ഇതെത്രാമത്തെ തവണയാണ്! 
ഒടുവില്‍ പോകാമെന്ന് വച്ചു..
ആര്യാടന് നന്ദി!
കറന്റ്‌ പോകുന്ന 7-7:30നു, ദേ പോയി.. ദാ വന്നു!
അതാര്ന്നു പ്ലാന്‍..

കല്യാണവീട്ടില്‍ സ്ഥലത്തെ സകലമാന അലവലാതി സുഹൃത്തുക്കളും നേരത്തെ കാലത്തെ എത്തിച്ചേര്‍ന്നു കഠിനാധ്വാനത്തിലാണ്.
വിശാലമായ എണ്ണപാടങ്ങള്‍ കണ്ടിട്ടാണ് ഇവന്റയോക്കെ ശുഷ്കാന്തിയെന്നു ആര്‍ക്കാണ് അറിഞ്ഞൂടാത്തത്!
“അളിയാ! ലേറ്റ് ആയി പോയി! ഒടുക്കത്തെ ചാകരയാര്‍ന്നു!!”
കണ്ണ് നിറഞ്ഞു പോയി! നശിപ്പിച്ചു! നേരത്തെ വരായിരുന്നു!
വിട്ടു കൊടുക്കാന്‍ പറ്റൂലല്ലോ..
“ഇതൊക്കെയെന്ത്! അങ്ങ് യൂണിവേര്സിറ്റിയിലോട്ട് വാ..! അവിടല്ലേ ശരിക്കും ചാകര!!!”
ചളിപ്പ്‌ മാറ്റാന്‍ താല്കാലികശ്വാസത്തിനു പറഞ്ഞതാണേലും പറഞ്ഞതെത്ര വലിയ തെറ്റാണെന്ന് ചിന്തിച്ചപ്പോ കുറ്റബോധം തോന്നിപോയി! 
മുഖം കാണിച്ച സ്ഥിതിക്ക് പതുക്കെ സ്കൂട്ട്‌ ആവാന്നു വച്ചപ്പോ ദേ വീണ്ടും അജയ്!
ഷഫീഖും രഞ്ജിത്തും വരുന്നുണ്ട്.. കുറേയായി കണ്ടിട്ട്.. കണ്ടിട്ട് പോകാം..
വന്നു.. പറയത്തക്ക മാറ്റൊന്നുമില്ല രണ്ടിനും.. രണ്ജിത്തിനു കട്ടി മീശ! ഷഫീഖ് ഇത്തിരി തടിച്ചിട്ടുണ്ട്!
ഷഫീഖ്..
എല്ലാരുടെ ജീവിതത്തിലും ഉണ്ടാകും ഇതുപോലൊരു സുഹൃത്ത്.. ജീവിതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടുണ്ടാകാത്ത, എന്നാല്‍ ഓര്‍മ്മള്‍ മറിച്ച് നോക്കുമ്പോള്‍ ഇങ്ങനൊരാള്‍ ഇല്ലെങ്കില്‍ ഒരിക്കലും പൂര്‍ണമാകില്ല എന്ന് തോന്നിക്കുന്ന ഒരു സുഹൃത്ത്!

വിശേഷം അതല്ല.. ഈ 29തിനു പഹയന്റെ കല്യാണമാണ്!
നിനക്കും!
അത്ഭുതപ്പെടാതിരിക്കാന്‍ വഴിയില്ല.. കുട്ടികളി മാറീട്ടില്ല ഇപ്പഴും!

വീടിനു അടുത്ത് നിന്ന് തന്നാണ് പെണ്ണ്..

ബ്ലും!

“സത്യം പറ മോനെ! വല്ല ഉടായിപ്പിന്റേം ബാക്കിയാണാ ഈ കല്യാണം?!”

6 വര്ഷം മുന്പ്! കണ്ട അതെ നാണം!

പിന്നെ കഥകളായിരുന്നു!

പുതിയ വിശേഷങ്ങള്‍..
ഗള്‍ഫില്‍ പോകണതിനു മുന്‍പ് വിളിച്ചതാണ്. പോയത് പച്ച പിടിക്കതിരുന്നപ്പോ സ്വന്തമായി മൊബൈല്‍ ഷോപ്പ് തുടങ്ങിയിരിക്കുന്നു!
ബിസിനസ്‌മാന്‍!
ഒരു കൊച്ചുമുതലാളിയാണ് മുന്നിലിരിക്കുന്നത്! നേരത്തെ വിചാരിച്ചത് അപ്പഴേ മായ്ച് കളഞ്ഞു!

പിന്നെ, പഴയ വിശേഷങ്ങള്‍.. പ്രായത്തിന്റെ സ്റ്റാന്‍ഡേര്‍ഡിന് അന്ന് വലിയ സംഭവങ്ങളായി തോന്നിയിരുന്ന അവന്റെ സ്വതസിദ്ധമായ തമാശകള്‍!

പ്രിയപ്പെട്ട സുഹൃത്തേ! നീ ഇതൊന്നും മറന്നില്ലെന്നോ! എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ആവര്‍ത്തിക്കുന്നു അവന്‍! അതെ ഭാവങ്ങളോടെ.. അതെ ശൈലിയില്‍.. അവന്‍ പറയുന്നത് കണ്ണും മിഴിച്ചു കണ്ടിരുന്നപ്പോ അതെ ഇരിപ്പില് 6 വര്ഷം പിറകോട്ടു പോയ പോലെ..

നീ ഒരു ടൈംമെഷീന്‍ ആണോടാ കുട്ടാ?!

ഒട്ടും മാറാത്ത ഇങ്ങനേം മനുഷ്യരോ? ഞാന്‍ മാത്രമല്ലല്ലോ വല്ലപ്പോഴും ഇതൊക്കേയോര്ത്തു ചിരിക്കുന്നത് എന്നറിഞ്ഞപ്പോള് വല്ലാത്ത സന്തോഷം..

മനസിലുറപ്പിച്ച കട്ട്‌ ഓഫ്‌ ടൈം എല്ലാം കഴിഞ്ഞ് ഈ കളി എക്സ്ട്രാ ടൈമിലാണ് തീര്‍ന്നു വീട്ടില്‍ എത്തിയത്..
അപ്പഴെ മനസിലുറപ്പിച്ചു.. എന്തായാലും അവന്റെ കല്യാണത്തിന് പോവണം.. മെയ്‌ 29.. കലണ്ടറിലും കുറിച്ചിട്ടു..
കുറഞ്ഞ സമയംകൊണ്ട് ഇത്രേം ഓര്‍മകള്‍! ആര് തന്നതാണേലും എങ്ങനെ മറക്കാനാണ്!

---------------------------------------------------------------------------------------------
കഥ ഇവിടെ തീരുന്നില്ല.. എന്നും വിദ്യാര്‍ത്ഥി പക്ഷത്ത് നിലയുറപ്പിച്ച ചരിത്രമുള്ള പ്രിയപ്പെട്ട ഡിപ്പാര്ട്ട്മെന്റ് ഏറെ കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ കോഴ്സ് വൈവയുടെ ഡേറ്റ് നിശ്ചയിച്ചിരിക്കുന്നു ഇന്ന്!

എന്റെ വൈവ കൃത്യം മെയ്‌ 29തിനു 9:30നും 12:30നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തിലാകുന്നു! 
 
(Posted Facebook on May 18, 2013)

Wednesday, May 8, 2013

മരുഭൂമിയുടെ രുചിഅവള്‍ മുഖമുയര്‍ത്തി കൈകള്‍ പിറകില്‍ മണലില്‍ ചേര്‍ത്ത് നിവര്‍ന്നിരുന്നു.. കടലിനെ നോക്കി ദീര്‍ഘമായി നിശ്വസിച്ചു.. നിശ്വാസത്തിനൊത്തുയര്‍ന്നു താന്ന അവളുടെ നിറഞ്ഞ മാറിലേക്ക് അലക്ഷ്യമായി നോക്കി അയാള്‍ നെടുവീര്‍പ്പിട്ടു. അവള്‍ തല വീണ്ടും അയാളിലേക്ക് ചരിച്ച് പതുക്കെ പറഞ്ഞു..

"നിന്റെ ചുണ്ടുകള്‍ക്ക് ഉപ്പിന്‍റെ രുചിയാണ്.."

അയാളുടെ ചുണ്ടില്‍ ഒരു നനുത്ത ചിരി പരന്നു.. ആ ചിരിയില്‍ അവിടം മൊത്തം ഇളകി തെറിക്കുന്നതായി അവള്‍ക്കു തോന്നി.. എത്ര രാത്രികളില്‍ തന്‍റെ ഉറക്കം കെടുത്തിയിരിക്കുന്നു ഈ ചിരി..

അയാള്‍ കാലില്‍ പുരണ്ട മണല്‍ തരികള്‍ കൈകൊണ്ടു തട്ടി കളഞ്ഞ്കൊണ്ട് ഒരു നിമിഷം എന്തോ ചിന്തിച്ചു.. പിന്നെ, അവളുടെ വിടര്‍ന്ന മനോഹരമായ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

"ഈ പരന്നു കിടക്കുന്നത് ഒരു വലിയ മരുഭൂമിയായിരുന്നുവെങ്കില്‍ നീ എന്ത് പറയുമായിരുന്നു?"

കടല്‍ അലകളൊതുക്കി അവളുടെ മറുപടിക്കായി കാതോര്‍ത്തു..

"മയക്കുന്ന മരീചികകള്‍ നിറഞ്ഞ മരുഭൂമി.." അയാള്‍ കൂട്ടിച്ചേര്‍ത്തു..

കാറ്റില്‍ ഭ്രാന്തമായി ഇളകി പറന്ന കുറുനിരകളെ മാടിയൊതുക്കാന്‍ ഒതുക്കാന്‍ മിനക്കെടാതെ, തെല്ലു ആലോചിക്കാതെ അവള്‍ പറഞ്ഞു..

"മരുപച്ചകളുടെ രുചി എനിക്കറിയില്ല.."