എന്‍റെ നേരംപോക്കുകാര്‍!!

Thursday, June 20, 2013

പറയാതെ പ്രായം! :)







    പ്രായം കൂടുതല്‍ തോന്നിക്കുക എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ ശരീരപ്രകൃതിയും പെരുമാറ്റവും നോക്കികണ്ട് നടത്തുന്ന ഒരു വിലയിരുത്തലാണ്. പിഞ്ചിലേ പഴുക്കുന്ന ചിലരുണ്ട്..നടപ്പിലും പ്രവര്‍ത്തിയിലും ഒരു 40-45 വയസ്സ് തോന്നിപ്പിക്കുന്ന 22 വയസ്സുള്ള 'അപ്പൂപ്പന്മാര്‍' എന്റൊപ്പം പഠിച്ചിട്ടുണ്ട്! അവരെ പരസ്യമായി "ഡോ തന്തേ!" എന്ന് സ്നേഹത്തോടെ വിളിക്കാനും അവര്‍ തിരിച്ചു തന്തയ്ക്ക് വിളിക്കുമ്പോ നിര്‍വൃതിയോടെ കേട്ട് നിക്കാനും കോളേജില്‍ ആളുണ്ട്!!  

പക്ഷെ, ഇതേ വിഷയം തന്നെ ഒരു വലിയ 'പ്രശ്നമായി' കാണുന്നവരുമുണ്ട്.. തന്നെ കാണാന്‍ ഒരുപാട് വയസ്സ് കൂടുതല്‍ തോന്നിക്കും എന്ന അപകര്‍ഷതയുമായി പുറംലോകവുമായി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന അതിസുന്ദരനായ ഒരു സുഹൃത്ത്‌ എനിക്കുണ്ട്.. അവന്‍റെ ഗ്ലാമറിന്റെ പാതി കിട്ട്യാല്‍ കോളേജില്‍ ഒരു ലിറ്റില്‍ റോമിയോ ആയി വിലസാമായിരുന്നു എന്ന് സ്വപ്നം കണ്ടു നടക്കുമ്പോഴാണ് പഹയന് ഇമ്മാതിരി ഒരു ഏനക്കേട്!  അമ്മ പറയുംപോലെ വെറുതെയല്ല ദൈവം കുതിരയ്ക്ക് കൊമ്പ് കൊടുക്കാത്തത്! 



ഇനി നേരെ മറിച്ചാണ് ചിലരുടെ കാര്യം.. എത്ര വയസ്സുണ്ടെലും ഒരു ടീ-ഷര്‍ട്ടും ഇട്ട് 'ചെത്തുപയ്യന്‍' ആയി നടക്കുന്ന ഭാഗ്യവാന്മാര്‍! ഉദാഹരണത്തിന് മ്മടെ മമ്മുക്ക പോരെ! ഈ പ്രായത്തിലും എന്താ ഒരു ലുക്ക്! അപാര ഗ്ലാമറുള്ള അച്ഛന്‍ കാരണം ചമ്മി ചളമായ ഒരു +2 കാരന്‍റെ കഥ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.. എന്തോ കാര്യത്തിന് അച്ഛനെ കൂട്ടി ഓഫീസില്‍ വന്ന അവനോടു "അച്ഛനെ, വിളിച്ചു വരാന്‍ പറഞ്ഞിട്ട് ചേട്ടനേം വിളിച്ചാനോടാ വരുന്നേ!" എന്നായിരുന്നത്രേ അവിടുന്നുള്ള പ്രതികരണം.. അച്ഛന്‍ ഇത്രേം ഗ്ലാമര്‍ ആയത് തന്‍റെ തെറ്റാണോ എന്നായിരുന്നു പാവം പയ്യന്‍റെ പരിഭവം! 

കഥകള്‍ വേറെയുമുണ്ട് ഒരുപാട്.. എനിക്ക് അനുഭവങ്ങള്‍ കുറവായതോണ്ട് പറഞ്ഞുകേട്ട ഒരുഗ്രന്‍ കഥ പറയാം! പറഞ്ഞയാള്‍ 25 വര്‍ഷം മുന്‍പ് സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുണ്ടായ ഒരു സംഭവകഥയാണ്! കഥ പറഞ്ഞു തന്നയാളും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ ആകയാലും അവരില്‍ ചിലരെ എനിക്ക് ഇനിയും അഭിമുഖീകരിക്കേണ്ടതാണ് എന്ന വസ്തുത നിലനില്‍ക്കുന്നതിനാലുംയഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല..! 


** 10 F ക്ലാസില്‍ നിന്ന് ഭയങ്കര ബഹളം.. തൊട്ടടുത്ത ക്ലാസിലേക്കും ശല്യം.. പരാതി.. ഒരു രക്ഷേം ഇല്ല.. പുതിയതായി ജോയിന്‍ ചെയ്യേണ്ട അദ്ധ്യാപകന്‍ ഇതുവരേം എത്തീട്ടില്ല.. അയാള്‍ക്ക് നല്‍കാന്‍ വച്ചതാണ് ആ ക്ലാസിന്‍റെ ചുമതല.. ഡിസിപ്ലിന്‍ എന്നാല്‍ ആര്‍മിയില്‍ ഇല്ലാത്തത്ര ചിട്ടക്കാരനാണ് പ്രിന്സിപല്‍ സര്‍.. സര്‍ കോപംകൊണ്ടു വിറച്ചു.. കുപ്രസിദ്ധമായ തന്‍റെ പിടി കെട്ടിയ ചൂരല്‍ വലിച്ചെടുത്ത് സര്‍ ക്ലാസിലേക്ക് നടന്നു.. വരാന്തയിലൂടെ കുതിച്ചുവരുന്ന സാറിനെ കണ്ട് അനുവദിക്കപ്പെട്ട അളവില്‍ സംസാരിച്ചുകൊണ്ടിരുന്ന ക്ലാസിലെ പിള്ളേര് വരെ പേടിച്ചു വിറച്ച് മിണ്ടാതായി.. പക്ഷെ, 10 Fല്‍ മാത്രം കഥയൊന്നും അറിയാതെ ആഘോഷം പൊടിപൊടിച്ചു.. ഒരു നിമിഷം.. സിംഹത്തെ പോലെ ചീറികൊണ്ട് ക്ലാസിലേക്ക് കയറി ചെന്ന സാറിനെ ഒന്നേ കണ്ടോള്ളൂ.., പിള്ളേരെല്ലാം മുയല്‍കുഞ്ഞുങ്ങളെ പോലെ ഓടി കിട്ടിയ സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു.. സര്‍ വിടുമോ?! ഒടുവില്‍ പാഞ്ഞ ഹതഭാഗ്യവാന്മാര്‍ ഒരു ഏഴു പേരെ കയ്യോടെ പിടികൂടി! ചെവിയ്ക്ക് പിടിച്ച് നൈസ് ആയിട്ട് ക്ലാസിനു പുറത്തേക്കിട്ടു! പിള്ളേര്‍ വിറച്ചു നീണ്ടു ക്യൂ ആയിട്ട് നിപ്പാണ്.. ഓരോരുത്തര്‍ക്കുമുള്ളത് തിരക്കുകൂട്ടാതെ വാങ്ങിക്കാനായിട്ട്! അക്കൂട്ടത്തില്‍ മുന്‍പ് സാറിന്റെ ചൂരലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല! സര്‍ പതിവുപോലെ ഡയലോഗിന് ഒന്നും നിന്നില്ല... ചൂരല്‍ വലത്തേ കയ്യിലോട്ട് പിടിച്ചു എല്ലാരോടും കൈ നീട്ടാന്‍ പറഞ്ഞു.. വായുവില്‍ ഉയര്‍ന്നു താഴുന്ന ചൂരല്‍.. ക്ലാസിലെ ബാക്കിയുള്ള ഓരോരുത്തരും മനസ്സില്‍ എണ്ണാന്‍ തുടങ്ങി..

1,2,3,....6,7.....

8?

സര്‍ നോക്കിയപ്പോ ദേ പിന്നേം ഒരാള്‍! ആള് പക്ഷെ കൈ നീട്ടുന്നില്ല! അല്ലെങ്കിലെ ഹൈവാള്‍ട്ട് കോപത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സാറിന്റെ മുഖം പിന്നെയും ചുവന്നു.. മൂക്ക് വിറച്ചു.. അനുസരണക്കേട്‌ പൊറുക്കുന്നതെങ്ങനെ? സര്‍ തല ഉയര്‍ത്തി ആളെ നോക്കി.. പേടിച്ചു വിറച്ചു, പെരുച്ചാഴിയുടെ പോലെ തിളങ്ങുന്ന ഉണ്ടകണ്ണുകളുമായി തന്നെ നോക്കുന്നു ആ പയ്യന്‍! സാര്‍ക്ക് സര്‍വ്വ നിയന്ത്രണവും വിട്ടു..

"നിന്നോടല്ലടാ #$%^&, കൈ നീട്ടാന്‍ പറഞ്ഞത്?!"

സാറിന്റെ ശബ്ദം വരാന്തയില്‍ അലയടിച്ചു.. അത് ക്ലാസിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു! ഓരോ ക്ലാസുകളില്‍ നിന്നും അധ്യാപകരും കുട്ടികളും സംഗതി എന്തെന്നറിയാന്‍ എത്തി നോക്കി.. 
പയ്യന്‍റെ മുഖം ആകെകൂടി വലിഞ്ഞു മുറുകി.. ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞു പോകും എന്നൊരവസ്ഥ!

"സര്‍..."
പാതി തൊണ്ടയില്‍ കുടുങ്ങി നിന്ന ആ വിളിയില്‍ ദയനീയതയുടെ അങ്ങേ തല വരെ ഉണ്ടായിരുന്നു..
അയാള്‍ടെ കൈകള്‍ ഉയര്‍ന്നു.. അതില്‍ ഒരു പേപ്പര്‍ ഉണ്ടാരുന്നു..

"... അപ്പോയിന്റ്മെന്റ് ലെറ്റര്‍ സര്‍....!"

ആ ക്ലാസിന്‍റെ ചുമതലയോട് കൂടി സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അദ്ധ്യാപകനായിരുന്നു ആ 'പയ്യന്‍'..!!!   


---ശുഭം---

വാല്‍ക്കഷണം:പ്രായം തോന്നിക്കില്ല എന്നതിന്റെ ഗുണം ഉപയോഗപ്പെടുത്തിയ ഇതേ അദ്ധ്യാപകന്‍ ബസില്‍ സ്ഥിരമായി CT (വിദ്യാര്‍ഥികള്‍ക്കുള്ള കണസഷന്‍ ടിക്കെറ്റ്) കൊടുത്ത് പോക്കുവരവ് നടത്തിയിരുന്നതിന്റെ ഫലമായി പേരിനൊപ്പം CT എന്ന് ചേര്‍ത്താണ് പിന്‍കാലത്ത് അറിയപ്പെട്ടിരുന്നതത്രേ!!!  

Sunday, June 16, 2013

ഒരു കോഴിക്കോടന്‍ മഹിമ..


      കോഴിക്കോട്ടുകാരുടെ ആതിഥേയമര്യാദ പ്രശസ്തമാണ്.. നഗരത്തില്‍ നിങ്ങള്‍ ആദ്യമാണെങ്കില്‍, പോകാനുള്ള സ്ഥലത്തെ കുറിച്ച് സംശയം ഉണ്ടെങ്കില്‍, ആദ്യം കാണുന്ന കോഴിക്കോട്ടുകാരനോട് വഴി ചോദിച്ച്കൊള്‍ക.. ഒരു സംശയോം കൂടാതെ അനുസരിച്ചുകൊള്ളുക!
ഇത്രേം വിശ്വസിക്കാവുന്ന ഒരു നഗരം മറ്റേതെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.. ഒരു തവണയെങ്കിലും കോഴിക്കോട് വന്നിട്ടുള്ളവര്‍ ഇവിടുത്തുക്കാരുടെ സ്നേഹം അറിഞ്ഞിരിക്കുമെന്ന് 100% ഉറപ്പ്!

പക്ഷെ, പത്രാസുകാരെ കോഴിക്കൊടുകാര്‍ക്ക് ഭയങ്കര പുച്ഛമാണ്!
'ആഷ്പുഷ്' ജീവിതശൈലി കൊണ്ടുനടക്കുന്ന മിനി മദാമ്മ/സായിപ്പിനെ നോക്കി സാധാരണക്കാരനായ പഴയ കോഴിക്കോടുകാരന്‍ പറയും,
" എന്താ ഓന്റെ/ഓളെ ഒരു 'കെട'!" എന്ന്! പത്രാസിനു അവര് പറയുന്ന പേരാണ് ഈ 'കെട' എന്ന്‍! കൊച്ചുകുട്ടികളാണ് ഈ പത്രാസുകാര്‍ എങ്കില്‍ അല്‍പം വാത്സല്യത്തോടെ " ഓന്റെ ഒരു 'കുളൂസ്' കണ്ടില്ലേ" എന്നൊക്കെ പറയും!
കോഴിക്കോട് ഏറെ വളര്‍ന്നപ്പോള്‍ തദ്ദേശീയരുടെം ജീവിതശൈലികള്‍ അതിനൊത്ത് മാറി മറിഞ്ഞു.. കോഴിക്കോടുകാരും പച്ചപരിഷ്കാരികളായി.. പക്ഷെ, സഹൃദയരായ കോഴിക്കോടുകാരന്‍ എന്ന ലേബല്‍ അവര് ഒരിക്കലും തെറ്റിച്ചിട്ടില്ല.. കോഴിക്കോട് വരുന്നവരെ അവര്‍ ദൈവത്തെ എന്ന പോലെ കണ്ടു പരിചരിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ..
പക്ഷെ, രസികരായ കോഴിക്കോട്ടുകാര്‍ ആളെ 'സുയിപ്പാക്കിയ' അപൂര്‍വ്വം കഥകളും ഇല്ലാതില്ല! അതിനവര്‍ക്ക് നല്ല കാരണങ്ങളും കാണും എന്നുള്ളത് നേര്! ഉമ്മറത്ത്‌ കുടുംബത്തോടൊപ്പം 'സൊറ' പറഞ്ഞിരിക്കുമ്പോള്‍ കേട്ട അങ്ങനെയൊരു കഥ പറയാം! 

കഥ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്നതാണ്.. ഉള്ളതാണോ അതോ വെറും കഥയാണോ എന്നൊന്നും അറിയില്ല.. കോഴിക്കോട് ബസ്‌ സ്റ്റാന്‍ഡില്‍ ഒരു ദിവസം ഒരു മോസ്റ്റ്‌ മോഡേണ്‍ പെങ്കൊച്ച് വന്നിറങ്ങി.. കൂളിംഗ്‌ ഗ്ലാസിന്റെ ഇടയിലൂടെ അവള് ടൌണ്‍ മൊത്തത്തില്‍ ഒന്നളന്ന് നേരെ ഓട്ടോസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.. ഓരോ സ്റെപ്പിലും അര ലോഡ് പുച്ഛം വീതം വാരി വിതറിയുള്ള ആ വരവില്‍ സ്റ്റാന്റ് മൊത്തം കോരിത്തരിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ പത്രാസ്സുകാരി ആദ്യത്തെ ഓട്ടോയിലെ ഡ്രൈവറോട് ചോദിച്ചു..

"ചേറ്റാ, മോഫ്യൂസില്‍ സ്റ്റാന്‍ഡില്‍ പോനം!!!"

"ബ്ലും!"
ചോദ്യത്തില്‍ അന്തംവിട്ട ഡ്രൈവര്‍ ചേട്ടന്‍ ചുറ്റുമൊന്നു നോക്കി.. പിന്നീട്, ഒട്ടും അമാന്തിച്ചു നില്‍ക്കാതെ ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി.. പെങ്കൊച്ചിനെ കയറ്റി.. കോഴിക്കോട് നഗരം ഒരു മൂന്നാല് ആവര്‍ത്തി പ്രദക്ഷിണം വച്ചതിനു ശേഷം ഓട്ടം തുടങ്ങിയിടത്ത് നിന്ന് രണ്ട് സ്റ്റെപ് പിറകില്‍ കൊണ്ട് വണ്ടി നിര്‍ത്തി കാശും വാങ്ങി ഓടിച്ചുപോയി!

NB: കാര്യം മനസിലാകാത്തവരോട്, കോഴിക്കോട് ബസ്‌ സ്റ്റാന്‍റ്റിന്റെ മറ്റൊരു പേരാണ് മോഫ്യൂസില്‍ സ്റ്റാന്റ്! 

Wednesday, June 5, 2013

ഷോര്‍ണൂര്‍- തൃശ്ശൂര്‍ TT


രണ്ടാഴ്ച മുന്‍പാണ്.. ഞങ്ങള്‍ 3 പേര്‍ സുഹൃത്ത്  സ്നിജിത്തിന്‍റെ (സ്പെല്ലിംഗ് തെറ്റിയിട്ടില്ല!) ചേച്ചിയുടെ കല്യാണത്തിന് പട്ടിക്കാടിലേക്ക് പോകുന്നു.  ഷൊര്‍ണൂരില്‍ ട്രെയിനില്‍ വന്നിറങ്ങി. അവിടുന്ന് തൃശ്ശൂര്‍. പിന്നെ പട്ടിക്കാട്. അതാണ്‌ പ്ലാന്‍.(പ്ലാന്‍ ഒക്കെ ഓരോ സ്ഥലത്ത് വന്നിറങ്ങുമ്പോള്‍ അപ്പാപ്പോള്‍ ഉണ്ടായി വരുന്നതാണ്!).
ഷോര്‍ണൂരിന്നു കെഎസ്ആര്ടീസിയില്‍ കയറിയ ഉടനെ സഫാഫ് വിന്ഡോ സീറ്റില്‍ സ്ഥാനം പിടിച്ചു! അതെനിക്ക് തീരെ പിടിച്ചില്ല. ഒരു കാര്യഗൌരവം ഇല്ലാത്ത ചെക്കന്‍! ഇപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം! മുന്‍പും ഈ സീറ്റിനു വേണ്ടി ഇവന്‍റടുത്ത് അടിയുണ്ടാക്കിയിട്ടുള്ളതാണ്! മാറി തരാന്‍ ഒരു ഉദ്ദേശവും ഇല്ലാന്നു കണ്ടപ്പോ ഞാന്‍ പറഞ്ഞു. 

“യാത്ര ഒരുപാടുള്ളതാണ്! റോഡ്‌ ആണേല്‍ ലാലേട്ടന്റെ മുഖം പോലെയും! കുത്തി കുലുങ്ങി പോയിട്ട് ഞാനെങ്ങാനും വാള് വച്ചാല്‍ നാറും കേട്ടാ!”

പറഞ്ഞതില്‍ ഭീഷണിയുടെ ഒരു ലാഞ്ചന ഉണ്ടായിരുന്നത് കൊണ്ട് കൂടിയാകണം, സംഗതിയേറ്റൂ! മനസ്താപത്തോട് കൂടിയെങ്കിലും അവന്‍ വിന്ഡോ സീറ്റ് എനിക്ക് വിട്ടു തന്നു! ഉദ്യമത്തില്‍ വിജയശ്രീലാളിതനായ ഞാന്‍ രാജകീയമായി, പുറംകാഴ്ചകളെല്ലാം കണ്ടു കത്തിവച്ച്, യാത്ര തുടങ്ങിയതേ ഉള്ളൂ. ചെറുതുരുത്തി എത്തുംമുന്‍പ് ദാ വരുന്നു ഒരു ഊക്കന്‍ മഴ! ചെറിയ ഇടിയും അതിന്റെ മുന്നോടിയായി മിന്നലും ഒക്കെയായിട്ട്‌ മുന്നോട്ടു പോകുംതോറും സംഗതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ പോലല്ലല്ലോ, രണ്ടാഴ്ച മുന്‍പ് ഒരു മഴയെങ്കിലും പെയ്താ മതി എന്നായിരുന്നല്ലോ ഇവിടുത്തെ അവസ്ഥ. കണ്ടക്ടര്‍ ഓരോ വിന്ഡോയുടെയും ഷട്ടര്‍ ഓടി നടന്നു താഴ്ത്തുന്നു. ബസില്‍ ആള് വളരെ കുറവ്. അവിചാരിതമായി കിട്ടിയ സുവര്‍ണാവസരം. എന്നിലെ മഴസ്നേഹി ഉണര്‍ന്നു ! ഞാന്‍ കയ്യും തലയുടെ പാതിയും പുറത്തേക്കിട്ടു മഴ കൊള്ളാന്‍ തുടങ്ങി! അഹങ്കാരമെന്നു നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ വെള്ളം തുള്ളി തെറിച്ച് ദേഹത്ത് വന്നു വീഴുമ്പോഴുള്ള ആ ഒരു സന്തോഷം! എത്ര കാലത്തിനു ശേഷമാണെന്നോ മഴ നനയുന്നത്! സന്തോഷം ഇരട്ടിക്കുമേല്‍ മറിഞ്ഞു നൊസ്റ്റാള്‍ജിയയുമായി കൂട്ടികുഴഞ്ഞു ഒരു പ്രത്യേകപരുവമായി നില്ക്കുമ്പോഴുണ്ട് പിറകീന്നു ഒരു തോണ്ടല്‍ (POKE!)!

തിരിഞ്ഞപ്പോള്‍ ഒരു പ്രാഞ്ചിയേട്ടന്‍, ഉദ്ദേശം ഒരു 40-45 വയസ്സ് പ്രായം കാണും, കലിപ്പില് നിക്കുന്നു. ഞാന്‍ നോക്കിയ ഉടനെ എന്റടുത്ത് കൈ കൊണ്ട് ഷട്ടര്‍ താഴ്ത്താന്‍ ആംഗ്യംകാണിച്ചു. എനിക്കു ഭയങ്കരമായിട്ട് ദേഷ്യം വന്നു. ഇയാളാരപ്പാ എന്റടുത്ത് ആജ്ഞാപിക്കാന്‍! പക്ഷെ എന്‍റെ  ക്ഷമാശീലം എന്നെ രക്ഷിച്ചു! പ്രായം ആയിവരുന്ന മനുഷ്യനല്ലേ! ഞാന്‍ തിരിഞ്ഞിരുന്നു ഷട്ടര്‍ പാതി താഴ്ത്തി ഒരു കൈകൊണ്ടു പിടിച്ച് മറ്റേ കൈ പുറത്തേക്കിട്ട് മഴ ആസ്വാദനം തുടര്‍ന്നു! എന്റടുത്താ കളി! ഇതാകുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലല്ലോ. കടീം മാറും വിശപ്പും മാറും എന്ന മറ്റേ തിയറി തന്നെ! പക്ഷെ, ഒരു 5 മിനിറ്റ് കഴിഞ്ഞില്ല, പിറകീന്നു വീണ്ടും തോണ്ടല്‍! അതേ ആള് തന്നെ! ഇപ്രാവശ്യം കലിപ്പ് കൂടീട്ടുണ്ട്!

 “പറഞ്ഞാ മനസിലാവ്ല്ലടാ?! വെള്ളം തെറിക്ക്ണ്ന്ടടാ! അടയ്ക്കാടാ!”

നല്ല ക്ലാസ് തൃശ്ശൂര്‍ സ്ലാങ്ങില് നാല് അലക്കല്‍! ആളൊരു പ്രാഞ്ചിയേട്ടന്‍ ആണെന്ന് എനിക്കപ്പഴാണ് ശരിക്കും ബോദ്ധ്യമായത്! പക്ഷെ, ആരായാലെന്താ, ഒറ്റ കാര്യം പറയുന്നതിനിടയില്‍ മൂന്ന് പ്രാവശ്യാണ് എന്നെ ‘ഡാ’ന്നു വിളിച്ചത്! 

അപമാനിക്കപെട്ടിരിക്കുന്നു! 

എന്‍റെ മഴസ്നേഹം നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കുംവരെ അറിയാം! ഇയാള്‍ക്കറിയാത്തത് എന്‍റെ കുറ്റമാണോ?

ദേഷ്യം ഇങ്ങനെ ഇരച്ചു കയറുന്നുണ്ട്. ഒപ്പം ഉള്ളത് സഫാഫും വിഷ്ണുവും. എന്നെ തല്ലുന്ന നിലയിലോട്ടു കാര്യങ്ങള് വളര്‍ന്നാല്‍, ഏതാ ഈ ചെക്കന്‍ തല്ലു വാങ്ങുന്നല്ലോന്നും പറഞ്ഞ് മാറി നിന്ന് കണ്ടു കളയും രണ്ടും! 

ഒരു തവണ കൂടി ഞാനൊന്ന് തിരിഞ്ഞു നോക്കി. ആള് പഴയ കലിപ്പില്, എന്തേലും പറയാനുണ്ടോടാ മോനെ, എന്ന ഭാവത്തില് എന്നേം നോക്കി. ഞാന്‍ തല തിരിച്ചു. പക്ഷെ നാവ് തരിച്ചു വരുന്നു. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാനെന്തരു മലയാളിയാണ്! അയാള്ക്ക് ‌ മാറിയിരിക്കാന്‍ പിറകിലും മുന്നിലുമായിട്ടു ഒരുപാട് സീറ്റുണ്ട്. മാറി ഇരുന്നാലെന്താണ്? കയ്യിലെ വള ഉരിഞ്ഞു പോകുമോ?! ചോദിച്ചാലോ? ഞാന്‍ വീണ്ടും തിരിഞ്ഞു.

ബ്ലും!

ഈ നോട്ടത്തിലാണ് സംഗതികളുടെ കിടപ്പ് മനസിലായത്! ഇത്തവണ ഞാന്‍ ആളെ നോക്കിയപ്പോള്‍ ആള് നോക്കുന്നത് എന്നെയല്ല! ഞങ്ങടെ സീറ്റിനു നേരെ അപ്പുറത്തുള്ള സീറ്റിലോട്ടാണ് പുള്ളിക്കാരന്റെ കണ്ണ്! അവിടെ രണ്ടു യുവമിഥുനങ്ങള്‍ സ്ഥലകാലബോധം അഞ്ചു പൈസയ്ക്കില്ലാതെ പ്രണയലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു! അവിടെ കാര്യപരിപാടികളിലേക്ക് സംഗതികള്‍ നീങ്ങികൊണ്ടിരിക്കുകയാണ്! മ്മടെ പ്രാഞ്ചിയേട്ടന്‍ നൈസായിട്ട് സീന്‍ പിടിച്ചോണ്ടിരിക്യാണ്!!! ഞങ്ങടെ പിറകിലെ സീറ്റിലിരുന്നാല്‍ അങ്ങേര്‍ക്ക്  സീന്‍ നന്നായി കാണാം! പക്ഷെ പിള്ളേര്‍ക്ക്  അങ്ങേരെ കാണാനും പറ്റൂല! അതായത് പ്രസ്തുത റിയാലിറ്റി ഷോയിലെ സ്വയം പ്രഖ്യാപിത ജഡ്ജായി സേവനമനുഷ്ടിക്കുകയാണ് ആ ആസ്വാദകന്‍! അതാണ്‌ പുള്ളിക്ക് സീറ്റ് മാറിയിരിക്കാന്‍ ഇത്ര ബുദ്ധിമുട്ട്!

എനിക്ക് ചിരിയും മറ്റെന്തക്കയോ സമ്മിശ്രവികാരങ്ങളും ഒരുമിച്ചു വന്നു. ഞാന്‍ എന്‍റെപ്രതികാരത്തെ കുറിച്ചു കുറച്ചു നേരത്തേക്ക് മറന്നു. ഇങ്ങനെ ഒരു മനുഷ്യനോടു എന്ത് പറയാനാണ്! വയസ്സാന്‍ കാലത്ത് അങ്ങേരുടെ ഒരു കാര്യം! ഈ വൈകിയ നേരത്തും അയാളെ കാത്തിരിക്കുന്ന ഒരു ഭാര്യ അയാള്‍ക്കും  ഉണ്ടാകില്ലേ. ആളുകള്‍ ശ്രദ്ധിക്കാം എന്നുപോലും ഓര്‍ക്കാതെ പെര്‍ഫോര്‍മന്‍സ്  നടത്തികൊണ്ടിരിക്കുന്ന പിള്ളേരുടെ കാര്യമോ!

ഹോ! കുറച്ചു നേരത്തിനു ഞാന്‍ ഭയങ്കര സദാചാരവാദിയായി പോയി!

ചിന്ത വീണ്ടും എന്‍റെ മഴ ആസ്വാദനത്തിന് ഭംഗം വരുത്തിയ പ്രാഞ്ചിയേട്ടനോടുള്ള പ്രതികാരത്തില്‍ എത്തി. എന്തെങ്കിലും ചെയ്യാതിരുന്നാല്‍ ഒരു സമാധാനം കിട്ടൂല! 

ഒടുവില്‍ ഒന്ന് തീരുമാനിച്ചു. തൃശ്ശൂര്‍ ബസ്‌ ഇറങ്ങുമ്പോള്‍ അയാളെ നോക്കി,
“നിങ്ങള് മഴ നനയാതെ പോണതൊന്നു കാണണല്ലോ മാഷെ!” എന്നൊരു പൊളപ്പന്‍ ഡയലോഗ് കാച്ചണം എന്ന് മനസ്സില്‍ കുറിച്ചിട്ടു! അയാളെന്തായാലും കുടയെടുത്തു കാണില്ല! ഹോ! അത് കേട്ട്  ചമ്മി നില്‍ക്കുന്ന അയാള്‍ടെ മുന്നിലൂടെ സ്ലോ
മോഷനില്‍ നടന്നു നീങ്ങുന്ന എന്നെയോര്‍ത്ത് എനിക്ക് തന്നെ രോമാഞ്ചം വന്നു!

പക്ഷെ എന്‍റെ  കണക്കുകൂട്ടലുകള്‍ പിഴച്ചു. തൃശ്ശൂര്‍ സ്റ്റാന്റിലെക്ക് ബസ്‌ കയറുമ്പോള്‍ മഴ സ്വിച്ച് ഇട്ടപോലെ നിന്നിരുന്നു! നോക്കി നിക്കണ നേരം കൊണ്ട് പ്രാഞ്ചിയേട്ടനും മിഥുനങ്ങളും ബസിലെ ബാക്കി യാത്രക്കാരും അവരവരുടെ ജീവിതങ്ങളിലേക്ക് നടന്നു പോയി.  ഓരോ ബസും ഒരുപാട് ജീവിതങ്ങളും വഹിച്ചാണല്ലോ ഓരോ യാത്രയും നടത്തുന്നത്. സമയം നന്നായി ഇരുട്ടിയിരുന്നതുകൊണ്ടും വിശപ്പിന്‍റെ വിളി ഒരു മയവും കൂടാതെ തുടരുന്നതുകൊണ്ടും അയാളോട് ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി! അല്ലെങ്കില്‍ കാണായിരുന്നു!! :D
എന്തായാലും അയാളോട് ഡിങ്കഭഗവാന്‍ ചോദിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍, ഞങ്ങള്‍ടെ പാട്ടിനു പോന്നു.

വാല്‍ക്കഷ്ണം: യുവമിഥുനങ്ങളുടെ പെര്‍ഫോര്‍മന്‍സിന് ഞങ്ങളാരും മാര്‍ക്ക് ഇട്ടില്ലേ എന്ന് ചോദിക്കരുത്! ;)

ഞങ്ങളിലാരും ഗാന്ധിയരല്ല!!! :D ;)