എന്‍റെ നേരംപോക്കുകാര്‍!!

Wednesday, August 7, 2013

മധുരം (മലപ്പുറ)മലയാളം!

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ ഇത്രയും പ്രിയങ്കരിയായത് അവരുടെ വള്ളുവനാടന്‍ ഭാഷയിലെ വടിവൊത്ത സംസാരം കൊണ്ടാണെന്ന് കേള്‍ക്കുന്നു!
ഒരു മലപ്പുറത്തുകാരനാണ് വള്ളുവനാടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്നത് എങ്കില്‍ സംഗതി "കൊയയും"! പക്ഷെ, മലപ്പുറത്തുകാരന്‍റെ "ബാശ"യെ കുറ്റം പറയുന്നവര്‍ ഒന്ന് മനസിലാക്കണം..ഇത്രയും സിമ്പിള്‍ ആയ ആള്‍ക്കാരും സിമ്പിള്‍ ആയ ഭാഷയും ഈ ഭൂമിമലയാളത്തില്‍ എന്നല്ല, വേറൊരു നാട്ടിലും കാണൂല! 
കണ്ഠശുദ്ധി വരുത്തി, വലിച്ചു നീട്ടി കുറുക്കി, ഭംഗിയോടെ തൊടുത്തു വിടുന്ന അച്ചടി മലയാളത്തേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ പറയാനുള്ളത് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറയുന്നത്?

ഒരു ഹാജ്യാരും ഭാര്യയും ഹോട്ടെലില്‍ കയറി.. കഴിക്കാന്‍ ഓര്‍ഡര്‍ ചോദിച്ചപ്പോള്‍ ഹാജ്യാര്‍ നീണ്ട ഒരു ലിസ്റ്റ് തന്നെ കൊടുത്തു.. ഭാര്യ പറഞ്ഞത്/ ഉണ്ടാക്കിയത് ഒരു ശബ്ദം മാത്രം!
"ച്ചും!!"
എന്‍റെ ഭര്‍ത്താവ് ഓര്‍ഡര്‍ ചെയ്ത സംഗതികള്‍ തന്നെ മതി എനിക്ക് എന്ന് പറയാനാണ് ആ സ്ത്രീ അങ്ങനൊരു ശബ്ദം ഉണ്ടാക്കിയത്!
ആശയവിനിമയം സാധ്യമാകുന്നു എങ്കില്‍ ഭാഷയുടെ ധര്‍മം അവിടെ പൂര്‍ണമാകുന്നു! സായിപ്പിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, "Language is only for communication, not for the conversation!"

ഭാഷ ഇത്രേം ലോപിക്കുന്നത് വേറേവിടെയും ഇങ്ങനെ കണ്ടെന്നു വരില്ല..
"നീ" എന്ന് പറയുന്നതിനേക്കാള്‍ സുഖം "ജ്ജ്" എന്ന് പറയുമ്പോ കിട്ടും!"അവന്‍റെ" ഇവിടുത്തുകാര്‍ക്ക് "ഓന്‍റെ" ആകുന്നു! "എവിടെ" എളുപ്പത്തില്‍ "ഓടെ!" ആകുന്നു! അച്ചടിയില്‍ മലപ്പുറത്തിന്‍റെ ഭാഷയെ നെറ്റി ചുളിച്ചു കാണുന്നവര്‍ക്ക് അതിന്‍റെ പ്രായോഗികസുഖം ഓര്‍ക്കുമ്പോള്‍ ഒരിഷ്ടം തോന്നാതിരിക്കില്ല.. തെക്കന്‍ ജില്ലക്കാരുടെ സ്ലാങ്ങുകളില്‍ തോന്നുന്നതിനേക്കാള്‍ കൗതുകവും തോന്നും ഈ ഭാഷയോട്...

പക്ഷെ നേരത്തെ പറഞ്ഞ പോലെ മലപ്പുറത്തുകാരന്‍ ശുദ്ധമലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും "കൊയപ്പം" ചെയ്യും! പല മലയാളവാക്കുകളും അക്ഷരശുദ്ധിയോടെ ഉച്ചരിക്കാന്‍ ഇവിടുത്തുകാര്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നത് സത്യം.. കഷ്ടപ്പെട്ട് പറഞ്ഞോപ്പിക്കുന്ന ചിലതൊക്കെ കേട്ടാല്‍ അറിയാതെങ്കിലും ഒരു ചിരി വരുന്നത് സ്വാഭാവികം! എന്ന് മാത്രമല്ല, എത്രയൊക്കെ ശ്രമിച്ചാലും താന്‍ തുടര്‍ന്ന്‍ വരുന്ന ഭാഷാശൈലിയില്‍ നിന്ന് പൂര്‍ണമായൊരു വിടുതല്‍ അത്ര എളുപ്പവുമല്ല..

ഒരു കഥ പറയാം..

മലപ്പുറത്തെ ഒരു കാമുകി കാമുകന് വേണ്ടി കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്നു.. കാമുകന്‍ ഏറെ വൈകുന്നു.. വളിഞ്ഞ ചിരിയോടെ വന്നു നിന്ന അവനോട് കാമുകിയുടെ ശുദ്ധമലയാളം, 
"എടാ മുജീബെ, എത്ര നേരമായി ഞാന്‍ നിന്നെ കാത്തു നില്‍ക്കുന്നു! ഇത്ര നേരം "ജ്ജ് ഓടെര്‍ന്നു?!!!""  

ഇത്രേ ഉള്ളൂ മലപ്പുറം!