എന്‍റെ നേരംപോക്കുകാര്‍!!

Monday, October 21, 2013

'ബഡായി' വിശേഷങ്ങള്‍




"ബഡായി" ഒരു തനതു കലാരൂപമാണ്‌! 
പ്രായഭേദമന്യേ അനുവര്‍ത്തിച്ചു വരുന്നതും ആര്‍ക്കും ആസ്വദിക്കാവുന്നതുമായി ഇതുപോലൊരു കല വേറെയില്ലെന്ന് പറയാം..
കൊച്ചുകുട്ടികള്‍ മുതല്‍ അപ്പൂപ്പന്മാര്‍ വരെ പയറ്റുന്ന അതിബൃഹത്തായ കളരി..
എന്‍റെയൊരു സുഹൃത്തിന്‍റെ അനിയത്തി അവളുടെ സ്കൂളിനു പിറകിലെ മലമുകളില്‍ ഓടി കളിക്കുന്ന ദിനോസര്‍ കുഞ്ഞുങ്ങളെ കാണാറുണ്ടായിരുന്നത്രെ! ഈ ഒരു കഥ എത്ര പേരോട് വേണേലും ഒരു മുഷിച്ചിലും കൂടാതെ ആവര്‍ത്തിക്കാന്‍ ആള്‍ക്ക് ഒരു മടിയുണ്ടായിരുന്നില്ല.. പക്ഷെ, ഓരോ തവണ പറയുമ്പോഴും ദിനോസറിന്‍റെ എണ്ണത്തിലോ വലിപ്പത്തിലോ ഒക്കെയായി കാര്യമായ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാറുണ്ട് എന്ന് മാത്രം!  

പഴയ പട്ടാളക്കാരുടെ നാട്ടിലെത്തിയാലുള്ള മാരകായുധമായിട്ടാണ് ബഡായി കുപ്രസിദ്ധി നേടിയിട്ടുള്ളത്.. പട്ടാളത്തിന്നു ചാടി പോന്നവന്‍ ആണേലും അവിടെ പാചകക്കാരന്‍ ആയിരുന്നവനാണേലും ഒരു യുദ്ധം പോലും കാണാത്തവനാണേലും തന്‍റെ ശൂരത്വം നാട്ടുകാരെ പൊടിപ്പും തൊങ്ങലും കേട്ടുകേള്‍വികളും വച്ച് കഥകളാക്കി അടിച്ചിറക്കിയിരുന്നത് ഒരു കാലത്തിന്‍റെ ഗ്രാമകാഴ്ചകളായിരുന്നു.. അവര്‍ നടത്തുന്ന യഥാര്‍ത്ഥ വധം ഇതാണെങ്കിലും തെറ്റില്ലാത്ത ഒരു ആസ്വാദകവൃന്ദം ഓരോ പട്ടാളക്കാരനും സ്വന്തമായിരുന്നു എന്നത് നേര്.. ഒരു രസം!

കോളേജില്‍ എന്‍റെയൊരു സുഹൃത്ത് താനറിയാത്ത ഒരു കാര്യവുമില്ല എന്ന ഭാവക്കാരനായിരുന്നു.. ഇന്ന് ക്ലാസില്‍ എന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടായെന്നു പറഞ്ഞാല്‍ ഉടന്‍ കക്ഷി പറയും, ഇത് ഞാന്‍ ഇന്ന ആള്‍ പറഞ്ഞ് രണ്ടാഴ്ച മുന്നേ അറിഞ്ഞിട്ടുണ്ടെന്ന്! ആളുടെ വലിയ കണക്ഷന്‍സ്‌ എല്ലാരേം അറിയിക്കാനാണ് ഇതൊക്കെ.. ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ്‌ ക്രികെറ്റ് കിട്ടുമെന്ന് അവന്‍ 2010ലെ അറിഞ്ഞിരുന്നു എന്നൊക്കെ പറഞ്ഞാണ് ഞങ്ങളവനെ കളിയാക്കാറു! കോളേജ് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നത്തെ കളിയില്‍ കോലിയുടെ മിന്നല്‍ സെഞ്ച്വറി അവന്‍ കഴിഞ്ഞ മാസമേ അറിഞ്ഞിരുന്നു എന്നു പറഞ്ഞാകുമായിരുന്നു നാളത്തെ കളിയാക്കല്‍!!   

ചെറുപ്പത്തില്‍ ഈ ഞാനും ബഡായിയില്‍ ഞാനും ഒട്ടും മോശമായിരുന്നില്ല! രണ്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ഞാന്‍ സ്ഥിരമായി ഇട്ടു നടക്കാറുള്ള പച്ചയില്‍ കറുപ്പും വെളുപ്പും നിറങ്ങളുള്ള ഷര്‍ട്ട് എനിക്ക് ശക്തിമാന്‍ നേരിട്ട് സമ്മാനിച്ചതാണെന്നായിരുന്നു ഞാന്‍ കൂട്ടുകാരോട് പറഞ്ഞു വച്ചിരുന്നത്!! മാറിയിടാന്‍ വേറെ ഷര്‍ട്ട് ഇല്ലാഞ്ഞിട്ടാണെന്നൊക്കെ അവരോടെന്തിനു പറയണം.. പോരാത്തതിന് ശക്തിമാന്‍ അന്നത്തെ തരംഗമായിരുന്നോണ്ട് കഥ വിശ്വസിച്ചവര്‍ക്കൊക്കെ എന്നെ വല്ല്യ ബഹുമാനമായിരുന്നു! 

ഇങ്ങനെയൊക്കെയാണെങ്കിലും സന്ദര്‍ഭത്തിന് നിരക്കാത്തതും അസഹനീയവുമായ ബഡായികള്‍ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നേക്കാം..
ഇനി പറയാന്‍ പോകുന്ന ബഡായി കഥ ഞാന്‍ പറഞ്ഞു കേട്ടതാണെങ്കിലും കഥയിലെ അല്ല, സംഭവത്തിലെ കഥാപാത്രങ്ങളെല്ലാം എനിക്ക് നേരിട്ട് പരിചയമുള്ളവരാണ്.
കഥാനായകന്‍, അവന്‍റെ നല്ല പ്രായത്തില്‍ വാ തുറന്നാല്‍ ബഡായിയെ പറയൂ! ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്‍റെ പത്തിരട്ടി തനിക്കുണ്ടെന്ന് പറയും! പറയുന്ന കാര്യത്തില്‍ കണ്ണും മൂക്കുമില്ല! പറഞ്ഞതെന്താണെന്നൊരു നോട്ടവുമില്ല.. ക്ലാസിലെ പിള്ളേര്‍ക്കൊക്കെ ആളൊരു തൊല്ലയായിരുന്നെന്നു പ്രത്യേകം പറയേണ്ടല്ലോ.. നല്ല താല്‍പര്യത്തില്‍ ആരെന്തു പറഞ്ഞാലും ഇവന് ഒടനെ അതങ്ങ് പുച്ഛിച്ചു സ്വന്തം കഥയിറക്കും..
ഒരു ദിവസം ക്ലാസില്‍ ഒരുത്തന്‍ വന്നു എല്ലാരും കേള്‍ക്കെ നല്ല സന്തോഷത്തില്‍ പറഞ്ഞു, "മച്ചാനെ, എന്‍റെ വീട്ടില്‍ 1500Wന്‍റെ പുതിയ മ്യൂസിക്‌ സിസ്റ്റം വാങ്ങി!" 
എല്ലാരും അവനെ ചുറ്റി വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങുമ്പോള്‍ കഥാനായകന് സഹിച്ചില്ല.. ഉടന്‍ ആള് തന്‍റെ വെടി പൊട്ടിച്ചു,
"ഇതാണോ വല്ല്യ കാര്യം?! എന്‍റെ വീട്ടിലെ മ്യൂസിക്‌ സിസ്റ്റം 45000Wന്‍റെയാ!!"
അവന്‍ പറഞ്ഞു തീര്‍ന്നതും കൂട്ടത്തിന്നു ആരുടെയോ നിഷ്കളങ്കമായ ചോദ്യം!

"അപ്പൊ ട്രാന്‍സ്ഫോര്‍മര്‍ നിന്‍റെ വീട്ടിലാകും ലെ?!"    

പ്ലിംഗ്!

കുറെയേറെ സമയത്തേക്ക് കഥാനായകന്‍ രംഗത്ത് നിന്നും സ്വയം വിട്ടു നിന്ന് എല്ലാര്‍ക്കും സമാധാനം കൊടുക്കുകയുണ്ടായി എന്നാണ് അന്ന് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്..
എന്താല്ലേ! 

Sunday, October 13, 2013

എല്ലാം നീ കരുതും പോലെ തന്നെ..





എല്ലാം നീ കരുതും പോലെ തന്നെ..
ഈ ജനലിനരികില്‍,
ചില്ലുകൂട്ടില്‍ പ്രകാശം പരത്തുന്ന ചന്ദ്രന്‍റെ
പുകച്ചുരുളുകള്‍ വ്യക്തത തരാത്ത പ്രതലത്തില്‍
നിന്‍റെ മുഖം ആവാഹിച്ചുകൊണ്ട് ഞാന്‍ നില്‍പ്പുണ്ട്.
ആവര്‍ത്തനത്തിന്‍റെ ഒരു വിരസതയ്ക്കും പിടികൊടുക്കാതെ..

കാലുകളില്‍ നിന്നും പടര്‍ന്നിറങ്ങിയ ചെറുവേരുകള്‍ക്ക്
ശരീരഭാരം താങ്ങാനാവാതെ വരുമ്പോള്‍
എവിടെയുമെന്നപോലെ ഇവിടെയും
ഹൃദയം അതേറ്റെടുത്തിരിക്കുന്നുവെന്നു മാത്രം.
ആ വേരുകളാണ് നിന്നിലേക് ആഴ്ത്തുവാന്‍ 
ഓരോ തവണയും പരാജയത്തിനായി ആരംഭം കുറിക്കുന്നത്!

അതല്ലെങ്കിലും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!,
നിലനില്‍പ്പുള്ള എന്തിനും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള
ശാശ്വതമല്ലാത്ത ഈ കാത്തിരിപ്പിന്,
ഋതുക്കളുടെ മാത്രം ദൂരം സ്വപ്നം കണ്ടത്
എന്നത്തെയും വിഡ്ഢിത്തം!
അതിനിനി ഒരുപക്ഷെ 
നീയെന്ന പ്രണയതീരം
ലക്‌ഷ്യം വച്ച് കുതിക്കുന്ന
എന്‍റെ മോഹങ്ങളുടെ ചെറുവഞ്ചികള്‍
നിരാശയുടെ ചുഴികളില്‍ തകര്‍ന്നടിയുന്ന ദൂരം മാത്രം..

എന്നെക്കാള്‍ നന്നായി നിനക്കറിയാമെങ്കിലും
ഒരു കാര്യം നിന്നോട് പറയാതെ വയ്യ..

നിന്നെ നഷ്ടപ്പെടുന്നുവെന്ന് തോന്നുന്ന 
ഓരോ ദിവസവും
ഓരോ നിമിഷവും
എനിക്ക് നിന്നോടുള്ള പ്രണയം
സ്വീകാര്യതയുടെ കെട്ടുകളില്‍ കിടന്നു 
വീര്‍പ്പുമുട്ടി മരിച്ചു വീഴും.
വള്ളിപടര്‍പ്പുകളില്‍ വിരിയുന്ന
നിറംമങ്ങിയ ചെറുപുഷ്പങ്ങള്‍
അലങ്കരിക്കുന്ന കല്ലറകളിലത്
അന്ത്യവിശ്രമം കൊള്ളും.. ആരുമറിയാതെ..

എന്നാല്‍
എനിക്ക് സമര്‍പ്പിക്കപ്പെട്ടവളെന്ന
കനപ്പെട്ട വിശ്വാസപ്രമാണത്തില്‍
നീ അടിയുറച്ചു നില്‍ക്കുമെങ്കില്‍
എന്‍റെ വിലക്കുകള്‍ക്ക് 
ശക്തിയില്ലാതായി തീരും!
ചന്ദ്രപ്രതലത്തില്‍ ആവാഹിച്ചെടുത്ത 
നിന്‍റെ സുന്ദരമുഖം 
മറ്റൊരു ചന്ദ്രനെന്ന പോലെ വിളങ്ങും!
എന്‍റെ ഉദ്യാനത്തില്‍ വിരിയുന്ന 
ഓരോ പുഷ്പവും 
നിന്‍റെ ചുംബനങ്ങള്‍ക്കായി കൊതിക്കും.

എന്‍റെ പ്രണയത്തിന്‍റെ അഗ്നി
ഓരോ അണുവിലും ആവര്‍ത്തിക്കപ്പെടും!

പ്രിയതമേ, എന്‍റെ പ്രണയം 
നിന്റെതാകുന്നു...
നിന്‍റെ മാത്രം!