എന്‍റെ നേരംപോക്കുകാര്‍!!

Monday, October 27, 2014

നമുക്ക് ചുറ്റും..

ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാകും പലപ്പോഴും സിനിമയിലൊക്കെ കാണിക്കുക..
എന്നാല്‍ സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ കണ്ടെന്നുമിരിക്കും..

ബാംഗ്ലൂരില്‍ ഓഫീസിലെ ലേഡിസ് സ്റ്റാഫിന് കമ്പനി നേരിട്ടാണ് താമസ്സവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിട്ടുള്ളത്.. (കാശ് ഒന്നും കൊടുക്കേണ്ടാ, അതവരുടെ ശമ്പളത്തിന്നു വലിച്ചോളും!). ഭക്ഷണം തയ്യാറാക്കാനും ഓഫീസിലെ ക്ലീനിംഗ് ഇത്യാദി കാര്യങ്ങള്‍ക്കും ഒരു ചേച്ചിയെ ചുമതല പെടുത്തിയിട്ടുണ്ട്..
ആദ്യ ദിവസം തന്നെ ചേച്ചിയെ പരിചയപ്പെട്ടു.. എന്‍റെ അമ്മയുടെ പ്രായമുണ്ടാകും.. എറണാകുളം ആണ് സ്വദേശം..
ശാന്തസ്വഭാവം.. അവരെകൊണ്ട് ഇക്കണ്ട ജോലികളെല്ലാം ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന് കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കുന്നത്ര മെലിഞ്ഞു ക്ഷീണിച്ച പ്രകൃതം..
പക്ഷെ അവര്‍ ഭയപ്പെടുത്തുന്ന പോലെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു..
എപ്പോ കാണുമ്പോഴും ഒരേ ഭാവം.. ഒരേ പുഞ്ചിരി..
സൗഹൃദം കലര്‍ന്ന നേര്‍ത്ത ശബ്ദത്തില്‍ എറണാകുളം സ്ലാങ്ങിലുള്ള സംസാരം..

"അവര്‍ ഒരുപാട് അനുഭവിച്ചതാണ്‌.."
സ്റ്റാഫില്‍ നിന്നും അവരേ കുറിച്ച് ഇങ്ങനൊരു കമന്റ്‌ കേട്ടപ്പോള്‍ തീര്‍ച്ചയായും ആ ഭൂതകാലം അറിയാന്‍ തോന്നി..
സാധാരണ ജീവിതം.. വിവാഹം.. ഭര്‍ത്താവ് തികഞ്ഞ മുഴുക്കുടിയന്‍.. കഷ്ടതകള്‍.. വിവാഹമോചനം.. നിനച്ചിരിക്കാതെ മറ്റൊരു വിവാഹം.. അതും വിവാഹമോചിതനായ, ഒരു പെണ്‍കുട്ടിയുടെ പിതാവായ ഒരാളെ.. കഷ്ടകാലം അവസാനിച്ചിരുന്നില്ല.. വിവാഹശേഷം തിരിച്ചറിഞ്ഞ മുഖം മറ്റൊന്ന്.. അവരിലുള്ളതും കൂടി കവര്‍ന്നു, അവര്‍ക്കൊരു മകളെ കൂടി സമ്മാനിച്ചു, അയാളുടെ മകളെ കൂടി തലയില്‍ കെട്ടി വച്ച് അയാള് നാട് കടന്നു.. രണ്ടു തവണ സംഭവിച്ച അബദ്ധം പിന്നീടുണ്ടായില്ല.. സ്വന്തം മകളെയും മകളായ് തീര്‍ന്നവളെയും ഒരുപോലെ കണ്ടു ആ കുഞ്ഞുങ്ങളുമായി ജീവിതം തുടങ്ങി.. അന്യരുടെ വീട്ടുവേല ചെയ്തു അഭിമാനത്തോടെ അവര്‍ ആ രണ്ടു മക്കളെയും വളര്‍ത്തി.. വളര്‍ത്തുമകള്‍ പ്രായത്തില്‍ മൂത്തതായിരുന്നു.. പഠിക്കാന്‍ മിടുക്കി..
നഴ്സിങ്ങിനു പഠിക്കാന്‍ ആ മകളെ ബാംഗ്ലൂരിലേക്ക് വിടാന്‍ ഒരുങ്ങുമ്പോള്‍ നാട്ടുകാരും അടുപ്പമുള്ളവരും പലതും പറഞ്ഞു വിലക്കി നോക്കി.. ബ്ലേഡിന് പണം പലിശക്കെടുത്ത് പഠിപ്പിക്കാനായി ആ പെണ്‍കുട്ടിയെ വിടുമ്പോള്‍ അവര്‍ക്ക് പക്ഷെ വിശ്വാസമുണ്ടായിരുന്നു.. അവള്‍ തിരിച്ചു വരുമ്പോള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടി.. കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി.. വളര്‍ത്തുമകള്‍ പഠനശേഷം നാട്ടിലേക്ക് തിരിച്ചു വന്നില്ല.. കോളേജില്‍ തന്നെ ഒരുത്തനെ പ്രണയിച്ചു വിവാഹം ചെയ്തു ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി.. വിളിച്ചാല്‍ ഫോണെടുക്കാതായി.. ഒടുവില്‍ നമ്പര്‍ തന്നെ ഇല്ലാതായി.. മറുതലയ്ക്കല്‍ കടം വാങ്ങിയ പണം പലിശയും കൂട്ടുപലിശയും എല്ലാം ചേര്‍ന്ന് മുതലിനെ പലമടങ്ങാക്കി വിഴുങ്ങി പെരുത്തു.. കടക്കാരുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ മറ്റുവഴികളില്ലാതെ അവര്‍ക്ക് ജോലിക്കായ് ഇങ്ങോട്ട് വരേണ്ടി വന്നു..

നമ്മളൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഭാരം പേറിയായിരിക്കും ഓരോ ചിരിക്കുന്ന മുഖങ്ങളും മുന്നില്‍ നില്‍ക്കുന്നുണ്ടാകുക.. അവരിപ്പോഴും ചിരിക്കുന്നുണ്ട്.. മനസ്സില്‍ മകളുടെ മുഖമായിരിക്കണം.. ഏഴാം ക്ലാസില്‍ പഠിക്കുന്ന, ഒരമ്മയുടെ പരിചരണം അത്യാവശ്യം വേണ്ടുന്ന കൌമാരക്കാരിയായ സ്വന്തം മകളെ ജ്യേഷ്ഠന്‍റെ വീട്ടില്‍ ഏല്‍പ്പിച്ചാണ് അവരിപ്പോള്‍ ഇവിടെ ഇങ്ങനെ.. എടുത്താല്‍ പൊങ്ങാത്ത ഈ ജോലികള്‍ ചെയ്യുമ്പോഴും അവരുടെ ചിന്തകളില്‍ മകലായിരിക്കണം.. അവളിപ്പോ എന്ത് ചെയ്യുകയാകും എന്നതാകാം.. കടക്കാര്‍ ജ്യേഷ്ടന്‍റെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കി എന്ന് കേട്ട് ദീപാവലിയ്ക്ക് രണ്ടു ദിവസം മുന്‍പായി അവര് നാട്ടിലേക്ക് പോകയുണ്ടായി.. രണ്ടു ദിവസം മുന്‍പാണ് തിരിച്ചു വന്നത്.. കടക്കാരെ അവര്‍ എന്ത് പറഞ്ഞാകും സമാധാനിപ്പിച്ചിട്ടുണ്ടാകുക എന്നറിയില്ല..
അവര്‍ ഇപ്പോഴും അതെ പുഞ്ചിരിക്കുന്ന മുഖത്തോട് കൂടി തന്നാണ് ഇപ്പോഴും...

ഇതിപ്പോ എഴുതുമ്പോള്‍ എനിക്കവരോട് ഒരിത്തിരി കടപ്പാട് കൂടിയുണ്ട്.. കന്നഡ ഫുഡ്.. കന്നഡ ഫുഡ്.. എന്ന് നിലവിളിച്ചു രണ്ടാഴ്ചയായി പട്ടിണി കിടക്കുന്ന എനിക്ക്, ജീവാമൃതം പോലെ നല്ല നാടന്‍ ചോറും സാമ്പാറും അച്ചാറും ആരും കാണാതെ എന്‍റെ ടിഫിന്‍ ബോക്സില്‍ നിറച്ചു തന്നൂ ഇന്നവര്‍!
റൂമില്‍ വന്നു ടിഫിന്‍ ബോക്സ് തുറന്നു കുറച്ചു നേരം അതിലേക്കു നോക്കി നിന്നപ്പോള്‍ എനിക്ക് കരച്ചില് വന്നില്ലെന്നെയുള്ളൂ..
ഇവിടെ വന്നേപിന്നെ ആദ്യമായ് വയറു നിറഞ്ഞു ഭക്ഷണം കഴിച്ചു ഇന്ന്..
മനസ്സും നിറഞ്ഞു...

Friday, October 10, 2014

പിഞ്ചിലെ കരിയുന്ന പൂക്കള്‍..

+2വിനു പഠിക്കുന്ന കാലത്ത് – അതായത് 5-6 വര്‍ഷം മുന്‍പ്- വീട്ടില്‍ 8-9 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഞാന്‍ സയന്‍സ് ട്യൂഷന്‍ എടുത്തിരുന്നു.. ഞാന്‍ എന്ത് പഠിപ്പിച്ചു, പിള്ളേര്‍ എന്ത് പഠിച്ചു എന്നൊന്നും ചോദിക്കരുത്! അതൊക്കെ ഒരു ചടങ്ങായി അന്ന് നടന്നുപോയി എന്നുമാത്രം പറയാം!
ഞാന്‍ പറയുന്നതില്‍ പാതി എനിക്കേ മനസിലാകാത്തതായിരുന്നോണ്ട് ക്ലാസ്സില്‍ ചോദ്യങ്ങളോ സംശയങ്ങളോ കാര്യായിട്ട് ഉണ്ടായിരുന്നില്ല.. അതുകൊണ്ട് തന്നെ കുട്ടികളുമായി കാര്യമായ ബന്ധവും ഉണ്ടായിരുന്നില്ല.. അന്ന് ആ ട്യൂഷന്‍ ക്ലാസുകൊണ്ട് ആകെയുണ്ടായ ഒരു മെച്ചം, വഴിയിലോ ആള് കൂടുന്നിടത്തോ വച്ച് കാണുമ്പോള്‍ കുറച്ചു സുന്ദരികളില്‍ നിന്നും സുന്ദരന്മാരില്‍ നിന്നും അനര്‍ഹമായ ബഹുമാനം കിട്ടിയിരുന്നൂ/കിട്ടികൊണ്ടിരിക്കുന്നൂ എന്നുള്ളത് മാത്രമാണ്!

അന്ന് ആ ട്യൂഷന് എന്നെ സഹിക്കാന്‍ വന്നിരുന്ന കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു . (ശരിയ്ക്കും ഒരുപാട് പെങ്കുട്ടികളുണ്ടാര്‍ന്നു !) അവളില്‍ ഞാന്‍ ശ്രദ്ധിക്കേണ്ടതായി ഒന്നുമുണ്ടായിരുന്നില്ല. ക്ലാസ്സില്‍ മര്യാദയ്ക്ക് വരും. അതെ മര്യാദ പാലിച്ച് തലയും താഴ്ത്തിയിരിക്കും. പോകുമ്പോള്‍ വല്ലപ്പോഴും ഒരു പുഞ്ചിരി സമ്മാനിക്കും! ഒരു സുന്ദരികുട്ടി! പഠിക്കാന്‍ വല്ല്യ മിടുക്കിയൊന്നുമായിരുന്നില്ല. എങ്കിലും ഒരു ക്ലാസ്സുപോലും മുടക്കാതെ വരുമായിരുന്നു അന്നൊക്കെ..
കാലാന്തരത്തില്‍ ട്യൂഷന്‍ ഇല്ലാതായി.. +2 കഴിഞ്ഞു ഞാന്‍ ബിടെക്കിനു ചേര്‍ന്നു.. ആ കുട്ടിയുടെ ബാച്ച് SSLC കഴിഞ്ഞു.. +2വിനു ചേരുന്നതിനു മുന്‍പ് ഏകജാലകം പ്രകാരം അപേക്ഷ തയ്യാറാക്കാന്‍ കുട്ടി എന്റടുത്താണ് വന്നത്.. കാരണം അവളെ സഹായിക്കാന്‍ ആ കുടുംബത്തില്‍ കുറച്ചെങ്കിലും വിദ്യാഭ്യാസമുള്ള ആരുമുണ്ടായിരുന്നില്ല. സാമ്പത്തികമായി നല്ല മെച്ചത്തിലാണു ആ കുടുംബം എന്നിരിക്കിലും, നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസകാര്യത്തില്‍ അവിടെ തല്പരകക്ഷികള്‍ ഉണ്ടായില്ല. പഠിക്കാന്‍ മിടുക്കി അല്ലാതിരുന്നിട്ടും അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും ആ കുട്ടി കാണിച്ച ആ ഒരു താല്പര്യം എനിക്ക് നന്നേ ബോധിച്ചു..
പിന്നേം വര്‍ഷങ്ങള്‍ കടന്നുപോയി.. കഴിഞ്ഞ വര്‍ഷം കുട്ടി +2 കഴിഞ്ഞു.. SSLC പോലെ തന്നെ +2നും ഭാരിച്ച മാര്‍ക്കൊന്നും ഉണ്ടാര്‍ന്നില്ല.. പക്ഷെ, ആള് വിട്ടു കൊടുത്തില്ലാ.. വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. അടുത്തുള്ള വനിതാ കോളേജില്‍ അപേക്ഷ കൊടുത്തു.. ഇലക്ട്രോണിക്സ് തന്നെ പഠനവിഷയമായി കിട്ടി! നാട്ടീന്നു കോളെജിലേക്കു അത്യാവശ്യം ദൂരമുണ്ടായിരുന്നു. ദിവസേനയുള്ള പോയ്‌വരവ് മുട്ടന്‍ സീനായിരിക്കും. ഹോസ്റ്റലില്‍ നില്‍ക്കുവാന്‍ അനുവാദം ഇല്ലാഞ്ഞിട്ടോ എന്തോ, ആ സീന്‍ മുട്ടില്ലാതെ നടന്നു.. അവള് കോളേജു ജീവിതം ആരംഭിച്ചു.
സ്വാഭാവികമായും ഈ എന്‍റെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ എറണാകുളത്തുകാരനാകേണ്ടി വന്നു! കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അമ്മ പറഞ്ഞു, ആ കുട്ടീടെ കല്യാണം നിശ്ചയിച്ചൂവെന്ന്.. ഞാന്‍ ചോദിക്കുംമുന്നേ തന്നെ അമ്മ ബാക്കിയെന്നോണം പറഞ്ഞത്, അവളെ കല്യാണത്തിന് ശേഷവും തുടര്‍ന്നു പഠിക്കാന്‍ ചെറുക്കന്റെ വീട്ടുകാര് സമ്മതിച്ചിട്ടുണ്ട് എന്നായിരുന്നു.. അത് പറയുമ്പോള്‍ അമ്മേടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ ശ്രദ്ധിച്ചു. എനിക്കും സന്തോഷം തോന്നി.. എനിക്ക് നേരിട്ട്, നന്നായറിയാവുന്ന ആ സ്വപ്നങ്ങള്‍ക്ക് ഒരു മോശം അവസാനം ഉണ്ടാകില്ലല്ലോ.
ഇന്ന് വൈകുന്നേരം അമ്മയോടൊപ്പം ഇരിക്കുമ്പോള്‍ റോഡിലൂടെ ആ കുട്ടി എന്നേയും അമ്മയേം നോക്കി ഒരു വിളറിയ ചിരി തന്നു, തലയും താഴ്ത്തി കടന്നുപോയി.
നടന്നുപോകുന്ന കുട്ടിയേ നോക്കികൊണ്ട്‌ അമ്മ, ആ കുട്ടിയുടെ കല്യാണം നിശ്ചയിച്ചൂവെന്ന് പറഞ്ഞു.. ഇതുകഴിഞ്ഞ തവണ വന്നപ്പോ അമ്മ പറഞ്ഞതാണല്ലോയെന്ന് പറഞ്ഞു ഞാന്‍.. ഉടന്‍ അമ്മ പറഞ്ഞു, അവള് പഠിത്തം നിര്‍ത്തിയെന്നു! സത്യത്തില്‍ അത് കേട്ട ഉടനെ എനിക്കെന്തോ മിന്നല്‍ കടന്നു പോയപോലെ തോന്നി.. അപ്പോ ചെറുക്കന്‍ അവളെ പഠിപ്പിക്കാമെന്ന് പറഞ്ഞതോ? നിശ്ചയിക്കുമ്പോള്‍ അവര്‍ അങ്ങനെ പറഞ്ഞിരുന്നെങ്കിലും കല്യാണത്തോട് അടുത്തപ്പോള്‍ അവര് വാക്ക് മാറ്റി പറഞ്ഞത്രേ.. പെണ്ണിന്റെത വീട്ടുകാര്ക്ക് ഇനി എന്തായാലും പ്രശ്നമല്ലായിരുന്നു..

അങ്ങനെ അവള്‍ പഠിത്തം അവസാനിപ്പിച്ചു..
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കുട്ടിയുടെ കല്യാണം നടക്കും.. കണ്ടിരുന്ന കുഞ്ഞുസ്വപ്നങ്ങള്‍ക്കു പകരം ഇനി അവള്‍ ‘കുഞ്ഞിക്കാല്‍’ സ്വപ്നം കാണാന്‍ വിധിക്കപ്പെടും. ഭര്‍ത്താവ്‌, കുഞ്ഞുങ്ങള്‍, കുടുംബം, കെട്ടുപാടുകള്‍... അവളുടെ ജീവിതം ഇനി എഴുതി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയില്‍ ഓടി തീരും..

പ്രസ്തുത സംഭവത്തോട് സമാനമായൊരു സംഭവം എന്‍റെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന ഒരാള്‍ക്ക് രണ്ടര പതിറ്റാണ്ട് മുന്‍പ് ഉണ്ടായിട്ടുണ്ട് എന്ന് കൂടി പറയുന്നത്, അത്രയും കാലത്തിനു ശേഷവും നമ്മുടെ വ്യവസ്ഥിതികള്‍ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചിട്ടില്ലാ എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. കുറുക്കുവഴികളിലൂടെയെങ്കിലും കീഴടക്കപ്പെട്ട സ്വപ്നങ്ങളില്‍ രമിക്കുമ്പോഴും എനിക്കെന്‍റെ സ്വപ്‌നങ്ങള്‍ എവിടെയോ നഷ്ടപ്പെട്ടുപോയെന്നു വിലപിക്കുന്ന ചില പെണ്‍സുഹൃത്തുക്കളോട്, ഇങ്ങനെ സ്വപ്നങ്ങളേ കാണാന്‍ വിധിയില്ലാതെ പോകുന്ന കുറെ ജന്മങ്ങള്‍ നിങ്ങള്‍ക്കിടയിലുണ്ട് എന്നോര്‍മ്മപ്പെടുത്തട്ടെ..
നമ്മളെന്താ ഇങ്ങനെ???