എന്‍റെ നേരംപോക്കുകാര്‍!!

Friday, March 11, 2016

മഴമേഘങ്ങള്‍ കാറ്റിനോട് പറഞ്ഞ കഥ

അതെന്തൊരു ദിവസമായിരുന്നു!

അന്ന് വിശ്രമമില്ലാതെ എഴുതികൊണ്ടേയിരുന്ന ഒരു പേന പൊടുന്നനേ മഷി തീര്‍ന്നു പണിമുടക്കുകയും കാലം തെറ്റി ഒരു മഴ ഇടിയോടുകൂടി വന്നു കോലാഹലമുണ്ടാക്കുകയും ചെയ്തു..
ആ മഴയിലേക്ക്‌ കുടയില്ലാതെ ഓടിയിറങ്ങി വേഴാമ്പലിനെപോലെ ആകാശത്തിലേക്ക് വാ തുറന്നു നില്‍ക്കുകയും ക്ലാരയെ ഓര്‍മ്മിക്കുകയും ചെയ്യുന്നതിനു പകരം ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും "എന്തൊരു കോപ്പിലെ മഴ" എന്ന് പറഞ്ഞു..
ഭാരമില്ലാതെ അനന്തമായ ആകാശത്ത് അവിഗ്നം പറന്നുകൊണ്ടിരുന്ന അപ്പൂപ്പന്‍താടി എത്ര വേഗം നിലം തൊട്ടു പറന്നു തുടങ്ങിയിരിക്കുന്നു!

മഴ തെല്ലൊന്നു ശമിച്ചപ്പോള്‍, പ്രകാശവും തേടി, കൂടേ എന്നുമുള്ള പ്രാരാബ്ദം ഭാണ്ഡമാക്കി ഇറങ്ങാന്‍ നേരം പടിവാതില്‍ക്കല്‍ നിന്ന് ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.
കനത്ത നിശബ്ദത പ്രതീക്ഷിച്ചിടത്ത് അത്ഭുതപ്പെടുത്തുന്ന സന്തോഷം! സ്വാതന്ത്രം!

ഹോ! നെഞ്ച് പിളരുന്നു!
തൊണ്ടയില്‍ അപ്പോഴും ഒരു ചോദ്യം കുരുങ്ങി നിന്നു..

"മരണംവരേ കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്...?"

വിക്കാതെ, ശബ്ദമിടറാതെ പണിപ്പെട്ടു അതൊന്നു പറഞ്ഞൊപ്പിച്ചു.. കാതോര്‍ത്തു.. ചുണ്ടുകള്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു..

"മരിച്ചൂവെന്ന് തന്നെ കൂട്ടിക്കോളൂ..!"

മറുപടി വളരേ പെട്ടെന്നും ഉറച്ചതുമായിരുന്നു.. 
കണ്ണുകള്‍ ദേഷ്യംകൊണ്ടല്ലാതെ ചുവക്കുകയും ദേഹം ഉഷ്ണംകൊണ്ടല്ലാതെ വിയര്‍ക്കുകയും ചെയ്തു..
പെട്ടെന്നു അതിശക്തമായൊരു ഇടിമിന്നലുണ്ടാകുകയോ ഭൂമി പിളരുകയോ ചെയ്തില്ലാ..

പ്രകൃതി തനിക്കുപോലും മനുഷ്യന്‍ ഉണ്ടാക്കി കഴിഞ്ഞ മാറ്റങ്ങളെയോര്‍ത്ത് അന്തംവിട്ടു നില്‍ക്കയായിരുന്നിരിക്കണം!

Monday, February 15, 2016

ഭ്രാന്ത്

അല്ലയോ സുന്ദരികളെ..!
നിങ്ങളുടെ കാമുകന്‍ യാത്രകളെ സ്നേഹിക്കുന്ന കലാകാരനാണേങ്കില്‍, തീര്‍ച്ചയായും അയാള്‍ ഒരു ഭ്രാന്തനുമായിരിക്കും!

അയാള്‍ നിങ്ങളെ ഭ്രാന്തമായി ആലിംഗനം ചെയ്യുകയും
ഭ്രാന്തമായി ചുംബിക്കുകയും ഭ്രാന്തമായി തന്നെ ഭോഗിക്കുകയും ചെയ്തെന്നിരിക്കും..

അയാള്‍ ഒരു ചിത്രകാരനെങ്കില്‍ നിങ്ങളുടെ ശരീരത്തെ ഒരു കാന്‍വാസെന്നപോലെ പെരുമാറുകയും
തന്‍റെ വിരലുകള്‍കൊണ്ട്‌ സദാ ഭ്രാന്തമായി വരച്ചുകൊണ്ടിരിക്കുകയും ചെയ്യും..

ഇനി അയാളൊരു ഗിറ്റാറിസ്റ്റ് ആണെങ്കില്‍ നിങ്ങള്‍ അയാള്‍ക്കു മുന്നില്‍ അതിമനോഹരമായ ഗിറ്റാര്‍ തന്നെയായിരിക്കും!
സാന്ദ്രമായ, ഭ്രാന്തന്‍ ഈണങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഭ്രാന്തമായി തന്നെ തന്ത്രികളെ ഒരുക്കികൊള്‍ക!

അയാളൊരു എഴുത്തുകാരനെങ്കില്‍ നിങ്ങള്‍ എത്ര ഭ്രാന്തമായെഴുതിയിട്ടും തീരാത്ത ഒരു നോവലാകാതെ വയ്യ!
അവസാനവരികള്‍ ഒരിക്കലും വന്നു ചേരരുതേയെന്നു നിങ്ങള്‍ ഭ്രാന്തമായി ആഗ്രഹിച്ചുകൊണ്ടെയിരിക്കും.. (ശരിക്കും!)

അയാളുടെ ചുണ്ടുകള്‍ നിങ്ങളുടെ പിന്‍കഴുത്തില്‍ നിന്നും വിടര്‍ന്ന കണ്ണുകളിലേക്കും തിരിച്ചും തീവണ്ടിപാതകള്‍ തീര്‍ത്തുകൊണ്ടിരിക്കും..
വിരലുകളെ സൂക്ഷിക്കുക!
അവ അരക്കെട്ടുകളില്‍ നിന്നും താഴേക്ക് പുതിയവഴികള്‍ കണ്ടെത്തുന്ന തിരക്കിലായിരിക്കും!
കാരണം അയാള്‍ യാത്രകളെ അത്ര ഭ്രാന്തമായി സ്നേഹിക്കുന്നു!!

അല്ലയോ സുന്ദരികളെ,
നിങ്ങളുടെ ഭ്രാന്തനായ കാമുകന്‍റെ ഭ്രാന്തുകളെ നിങ്ങളും തിരിച്ചു ഭ്രാന്തമായി സ്നേഹിക്കുന്നുവെങ്കില്‍ നിങ്ങളൊരു ഭ്രാന്തിയായ കാമുകിയുമായിരിക്കണം!
(ഹാ! അതെന്തൊരു ഭ്രാന്തമായ അവസ്ഥയായിരിക്കും!)

നിയന്ത്രണാതീതമായി അധികരിച്ചു വരുന്ന ഭ്രാന്തന്‍ പ്രണയത്തെ നിങ്ങള് തള്ളി പറഞ്ഞുവെന്നുതന്നെ കരുതുക..
അവന്‍റെ ഭ്രാന്തുകള്‍ നിങ്ങളുടെ ചിന്തകളെ ഭ്രാന്തമായി പിന്തുടര്‍ന്നുകൊണ്ടേയിരിക്കും! (ശരിക്കും അതെന്തൊരു ഭ്രാന്തായിരിക്കും!)

സുന്ദരികളെ!
നിങ്ങള്‍ സ്വയം ഭ്രാന്തിയല്ലെന്നു വിശ്വസിക്കുന്നുവെങ്കില്‍
നിങ്ങള്‍ പ്രണയിക്കുന്നവന്‍ യാത്രകളെ സ്നേഹിക്കുന്ന ഒരു ഭ്രാന്തന്‍ കലാകാരനാകാതിരിക്കാന്‍ ശ്രദ്ധിക്ക!
(അല്ലെങ്കില്‍ വല്ലാത്തൊരു ഭ്രാന്തന്‍ യാത്രയ്ക്ക് സജ്ജയാകുക!)