എന്‍റെ നേരംപോക്കുകാര്‍!!

Monday, December 15, 2014

ഇതു താണ്ടാ പോലീസ്!

സഹമുറിയനൊപ്പം ജയനഗര്‍ ഫോര്‍ത്ത് ബ്ലോക്കിന്നു ചെറ്യേരു ഷോപ്പിങ്ങും കഴിഞ്ഞു തിരിച്ചു പോരാന്‍ നോക്കുമ്പോ ബൈക്ക് പാര്‍ക്ക്‌ ചെയ്തിടത്ത് കാണാനില്ല..
നല്ല ചെമന്ന നിറത്തില്‍ വെട്ടി തിളങ്ങുന്ന പുതുപുത്തന്‍ യമഹ എഫ്സി ബൈക്കാണ്.. ഓടിച്ചോണ്ട് പോകുമ്പോ അപ്രത്തുന്നും ഇപ്രത്തുന്നും ആളോള് കണ്ണ്‍ മിഴിച്ചു നോക്കണത് കാണുമ്പോ കുളിര് തരണ ബൈക്കാണ്! (ഓണര്‍ വേറെയാണേലും!)


സംഭവസ്ഥലത്ത് കൊച്ചു വര്‍ത്താനം പറഞ്ഞോണ്ടിരുന്ന രണ്ടു ഹിന്ദിക്കാരോട് കാര്യം ചോദിച്ചപ്പോ വണ്ടി പോലീസ് കൊണ്ടോയീന്നു അറിയാന്‍ പറ്റി.. വണ്ടി നിര്‍ത്തിയിട്ടതിന്‍റെ തൊട്ടുപുറകില്‍ കാട് പിടിച്ചു മൂടിയൊരു ബോര്‍ഡില്‍ ഞങ്ങള് വണ്ടി നിര്‍ത്തുന്നതിനും മുന്നേ ആരാണ്ട് 'No Parking' എന്നെഴുതി വച്ചതാണ് കാരണം!
ചുമ്മാ ഒരു രസത്തിനു ഫൈന്‍ എത്രയാകുംന്നു അന്വേഷിച്ചു വച്ചു.. കര്‍ണ്ണാടക റെജിസ്ട്രേഷന്‍ ആണേല്‍ വല്ല്യ സീനില്ല..
എന്താണേലും 300 മുതലങ്ങു കേറി 2000 വരേയൊക്കെ ആയേക്കുമെന്നു കേട്ടപ്പോ നെഞ്ചിന്നു ഒരു പെരുപ്പ്‌ കീഴോട്ടിറങ്ങി പെരുവിരലിലൂടെയങ്ങ് അന്തര്‍ധാനം ചെയ്തു! 


ഓടി പിടിച്ചു ജയനഗര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് നോക്കിയപ്പോ സിനിമാ തിയേറ്ററിന്‍റെ പാര്‍ക്കിംഗ് ഏരിയായില്‍ പോയപോലെ.. സ്റ്റേഷന്‍റെ പരിസരത്ത് റോഡിനിരുവശത്തുമായി നിറഞ്ഞു കവിഞ്ഞ് കാറും ബൈക്കും നിരനിരയായി നിര്‍ത്തിയിട്ടേക്കുന്നു.. ഏതെടുത്താലും പത്ത്!!
നിരയില്‍ അങ്ങേയറ്റത്തായി നമ്മുടെ സുന്ദരന്‍ ബൈക്ക് പരിചയം കാട്ടി ഹാന്‍ഡില്‍ പതിയെ തിരിച്ചു ഹെഡ് ലൈറ്റ് മിന്നിച്ചു.. തൊട്ടടുത്ത് ഒരു നീല ഷര്‍ട്ടുകാരന്‍.. ഹിന്ദിയില്‍ പിറകിലൊരു ബോര്‍ഡ് ചൂണ്ടിക്കാട്ടി ഒരു പേപ്പറില്‍ ബില്ലും എഴുതി തന്നു സ്റ്റേഷനിലേക്ക് പൊക്കോളാന്‍ പറഞ്ഞു.. ബോര്‍ഡില്‍ വണ്ടി വലിച്ചു കൊണ്ടുപോകുന്ന നല്ല ഭംഗിയുള്ള പൈന്റിങ്ങും അതിനു താഴെ 200+100 മുന്നൂറു രൂപയാകുന്ന രേഖാചിത്രവും കൊടുത്തിട്ടുണ്ട്! കാശടക്കാന്‍ സഹമുറിയന്‍ കേറിപോയ നേരത്താണ് കരളലിയിപ്പിക്കുന്ന ആ കാഴ്ച!
ഒരു വലിയ ലോറിയില്‍ ഒരെട്ടു പത്തു ബൈക്കുകള്‍ കുത്തി നിറച്ചു കയറ്റി വന്നു സ്റ്റേഷന്‍ പരിസരത്തു ലോഡെറക്കുന്നു!
അടുത്ത ലോഡെടുക്കാനായി വീണ്ടും വണ്ടി തിരിക്കുന്നു!
മന്ദംമന്ദം കടന്നു പോകുന്ന ലോറിയുടെ 'കിളി' ഇരിക്കുന്നിടത്തിരുന്നു ഒരു ട്രാഫിക്‌ പോലീസുകാരന്‍ ലൌഡ് സ്പീക്കറിലൂടെ,
"ബംഗളൂരുവിലെ അപ്പികളെ! ട്രാഫിക്കില്‍ മൊട കാണിക്കണ എല്ലാ പയലുകളുടെം വണ്ടികളുടെ കാര്യങ്ങളും മറ്റും ഇതാ ഇതുപോലാകും.. സൂക്ഷിച്ചോളിന്‍!"
എന്ന് കന്നഡയില്‍ അനൌണ്‍സ് ചെയ്യുന്നുണ്ട്..
(കര്‍ണ്ണാടകയുടെ തിരോന്തരം ആണല്ലോ ബാംഗ്ലൂര്‍! അതാണ്‌ തര്‍ജ്ജമ ഇങ്ങനെ! )


ഫൈനടച്ചു വരുന്ന സഹമുറിയന്‍റെ കയ്യിന്നു രസീത് വാങ്ങി നോക്കിയപ്പോ അതില് പ്രിന്റിയിരിക്കണത് 200.. വാങ്ങിയത് 300!! 
പോലീസ് ഇവടേം അവടേം പോലീസ് തന്നെ..
ഇതുതാണ്ടാ പോലീസ്!!


എന്നാലും ആ 300 രൂപാ ഉണ്ടാര്‍ന്നേല്‍ പച്ചയില്‍ നീല വരകളുള്ള ആ ഞെരിപ്പന്‍ ടീഷര്‍ട്ടുകൂടി വാങ്ങായിരുന്നു! ഹും!" (ആത്മഗതം!)

Friday, November 28, 2014

ആദ്യപ്രണയം

ആദ്യപ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് അന്നത്തെ ചാപല്യങ്ങളല്ല..
അമ്മയുടെ കുസൃതി ചിരിയാണ്..
അറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലൊരു കളിയുണ്ട് അമ്മയ്ക്ക്..
ഒരല്‍പം ഇരുണ്ട്, മെലിഞ്ഞ്, കിലുങ്ങുന്ന പാദസരങ്ങളണിഞ്ഞു എന്നും പ്രലോഭിപ്പിച്ചിട്ടുള്ള ഉണ്ടകണ്ണുകളുമുണ്ടായിരുന്ന ആ കൗമാരകാലത്തെ 'തമാശ'യെ കുറിച്ച് ഇടയ്ക്ക് കുത്തിക്കൊണ്ടൊരു ചോദ്യമുണ്ടാകും അമ്മയ്ക്ക്..
മിക്കവാറും അത് തുടങ്ങുന്നത്, "നിന്‍റെ കൂടെ പഠിച്ചിരുന്ന ആ .... ഇല്ലേ?!" എന്നും പറഞ്ഞു കൊണ്ടാകും..
ആ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ വികസിക്കുന്ന കണ്ണുകളിലേക്കു നോക്കി അമ്മ ഗൂഡമായി പുഞ്ചിരിയ്ക്കും!
ബാക്കി പറയണമെങ്കില്‍ ഒന്നു മൂളണം, അല്ലെങ്കില്‍ തല ഉയര്‍ത്തണം..
അവളെ കുറിച്ചും മറ്റും ഇത്രേം വിവരങ്ങള് എവിടുന്നാണാവോ അമ്മയ്ക്ക് കിട്ടുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്!
അവളിതാ ഇപ്പൊ ഇവിടാണ്‌ പഠിക്കുന്നത്..
അവളിപ്പോ ഇതാണ് ചെയ്യുന്നത്..
അവള്‍ക്കിപ്പോ.. ഹാ.. കല്യാണമായി..
അപ്പോഴേയ്ക്കും അന്നത്തെ വികാരങ്ങളുടെ തീവ്രത തെല്ലും കുറയുകയും മനസ്സ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്!
പിന്നെടെപ്പോഴോ അവള്‍ക്കൊരു കുഞ്ഞു ജനിച്ചതായി പറഞ്ഞു കേട്ടു..
ഞാന്‍ മൂളിയില്ല..
തല ഉയര്‍ത്തിയതുമില്ലാ..
എന്നിട്ടും അമ്മ വിശേഷങ്ങള്‍ തുടര്‍ന്നു..
അമ്പലത്തില്‍ താലപ്പൊലിയുമായ്‌ നിറദീപങ്ങള്‍ക്ക് നടുവില്‍ ഒരു ദീപം പോലെ ശോഭിച്ചു നിന്ന അവള്‍, ഒരു കുഞ്ഞു ദീപത്തിന് ജന്മം കൊടുത്തിരിക്കുന്നു..
അതിനുശേഷം പിന്നെ അമ്മ അവളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല..
ആ കുസൃതിചിരി പിന്നെ മറ്റു പലതിനുമായങ്ങു ഭാഗം വെക്കപ്പെട്ടു..


അമ്മ അറിയാത്തതായി ഒന്നുമുണ്ടായിട്ടില്ല..
ഇനി ഉണ്ടാവുകയുമില്ല..

Sunday, November 23, 2014

കല്ലുകള്‍ക്കും പറയാനുള്ളത്..

നോര്‍ത്തിലെ അതിപുരാതനമായ ഒരു ക്ഷേത്രം..
അവിടുത്തേക്ക് നിലയ്ക്കാത്ത ഭക്തജനപ്രവാഹം..
ക്ഷേത്രത്തിലെ പ്രതിഷ്ടയുടെ അത്ഭുതസിദ്ധിയാണ് കാരണം.. ഭക്തര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ വിഗ്രഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നൂവത്രേ!
തങ്ങളുടെ പ്രാര്‍ത്ഥന ദൈവം അറിയുകയും തത്സമയം പ്രതികരിക്കുന്നൂവെന്നും കേട്ട് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ധാര-ധാരയായി ഒഴുകി..
ശാസ്ത്രം വളര്‍ന്നുകൊണ്ടിരുന്നു.. വിശ്വാസവും..
ചില ശാസ്ത്രകുതുകികള്‍ക്ക് ഇരിപ്പുറച്ചില്ല.. അവര്‍ക്ക് ഈ മഹാത്ഭുതത്തിനു പിന്നിലെ രഹസ്യം കണ്ടു പിടിക്കണമെന്ന് അതിയായ മോഹമുണ്ടായി..
ആഗ്രഹമുള്ളവര്‍ വഴിയും കണ്ടുപിടിക്കുമല്ലോ..
ഒടുവില്‍ ആ സത്യം അവര്‍ കണ്ടെത്തി..
ഭക്തര്‍ ഒരു പ്രത്യേകസ്ഥലത്ത് നില്‍ക്കുമ്പോഴാണ് വിഗ്രഹത്തിന്‍റെ കണ്ണില്‍ നിന്നും നീര്‍ വരുന്നത്..
ചവിട്ടി നില്‍ക്കുന്ന കല്ലിനു താഴെയായി ഒരു ജലപ്രവാഹമുണ്ട്..
ജലപ്രവാഹത്തില്‍ നിന്നും തുടങ്ങുന്ന ഒരു നേര്‍ത്ത കുഴല്‍ വിഗ്രഹത്തിനുള്ളിലൂടെ കടന്നു അതിന്‍റെ കണ്ണില്‍ അവസാനിക്കുന്നു.. ഭക്തര്‍ കല്ലില്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദം കാരണം ജലം കുറേശെയായി കുഴലിലേക്ക് കയറുകയും പ്രാര്‍ത്ഥന പാതിയില്‍ എത്തുന്ന വേളയിലാകുമ്പോഴേക്കും ദൈവത്തിന്‍റെ കണ്ണീരായി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു!
ഉണ്ടാക്കിയ ശില്‍പിയുടെ അല്ലെങ്കില്‍ ഉണ്ടാക്കിച്ച ആളുടെ അതിബുദ്ധി! രഹസ്യം പുറത്തായിട്ടും ഭക്തരത് അംഗീകരിച്ചില്ലെന്നു പ്രത്യേകം പറയണ്ടല്ലോ! അവരതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത് തോല്‍പ്പിക്കുകയും "വിശ്വാസം" പഴയതിലും പലമടങ്ങ്‌ ശക്തിയില്‍ തുടര്‍ന്ന് പോരികയും ചെയ്തു..

മതമേലാളന്മാര്‍ ഒരിക്കല്‍ വിശ്വാസികളെ ആകര്‍ഷിക്കാനും അതുവഴി തങ്ങള്‍ക്കു സസുഖം വാഴാനും കണ്ടുപിടിച്ച മാര്‍ഗങ്ങള്‍, ഇന്ന് വിജയകരമായി നടത്തികൊണ്ടുപോകുന്നത് ഭരണാധികാരികളാണ്..
മതമാകട്ടെ, മറ്റേതു ലഹരിയുമാകട്ടെ, ഗജനാവില്‍ വീഴുന്ന പണമാണ് അവരുടെ ഉന്നം.. അതല്ലെങ്കില്‍ ചൂട്ടു കത്തിച്ചു കാട്ടുന്ന പരിപാടി കാണാന്‍ വന്ന ആളുകള് ഉന്തിലും തള്ളിലും പെട്ട് മരിച്ചിട്ടും ആ പരിപാടി നിര്‍ത്തി വയ്ക്കാന്‍ നടപടി ഉണ്ടാകാതിരുന്നത് എന്താണാവോ!
ആരുടേയും ഒരു വിശ്വാസത്തെയും മുറിപ്പെടുത്താന്‍ ഉദ്ദേശമില്ലാ.. ഒരു ക്ഷേത്രത്തെയും പള്ളിയെയും പേരെടുത്തു പറഞ്ഞു വികാരങ്ങള്‍ വ്രണപ്പെടുത്തുന്നില്ല.. വിശ്വസിക്കുക എന്നപോലെ അവിശ്വസിക്കാനും അവകാശമുള്ള ഈ ലോകത്ത് വച്ചു പൊറുപ്പിക്കാന്‍ പറ്റാത്ത കുറെ അന്ധവിശ്വാസങ്ങള്‍ വേരോടെ പിഴുതെറിയുക തന്നെ വേണം.. വിവേകം ഉപയോഗിക്കാനുള്ളതല്ലെങ്കില്‍ പിന്നെന്തിനാണ് ഹേ വിദ്യാഭ്യാസം മലപോലെ ഉണ്ടെന്നു മേനി പറയുന്നത്..
അതെങ്ങനാ, ശാസ്ത്രസത്യങ്ങള് കണ്ടെത്താന്‍ റോക്കറ്റ് വിടും മുന്‍പ് രാഹുകാലം നോക്കുന്ന ടീംസ് ആണ്!!