എന്‍റെ നേരംപോക്കുകാര്‍!!

Friday, January 27, 2012

പുഴയും കരയും



പുഴ, കൈവഴികള്‍ താണ്ടി
കരയെ തഴുകി
കടലില്‍ ലയിച്ചിരുന്നു.
കടല്‍, തിരകള്‍ താഴ്ത്തി
പുഴയെ സ്വീകരിക്കുന്നത്
കര തൃപ്തനായി
കണ്ടു നില്‍ക്കും.

 കരയ്ക്ക്‌ പുഴയോട്
 സ്നേഹമായിരുന്നു.
 സ്നേഹമെന്നാല്‍ സൗഹൃദം.
 അനിര്‍വചനീയം..

കരയിലെ പൂക്കള്‍ക്ക്‌
മണമില്ലായിരുന്നു.
നിറംകെട്ട്, മണമില്ലാതെ
കെട്ടുപിണഞ്ഞ വള്ളികളില്‍
കുലകളായത് പൂത്തു നിക്കണത്
കാണികള്‍ക്ക്‌ അത്ര പഥ്യമായിരുന്നില്ല.
എന്നാല്‍ പുഴ കാണികളെ
കാര്യമാക്കിയിരുന്നില്ല.
അവള്‍ കരയോട്
സൗഹൃദം പങ്കിട്ടു..

ഇടവപാതിയും തുലാവര്‍ഷവും
പുഴയെ കര കവിച്ചപ്പോള്‍
കര പുഴയുടെ അതിപ്രവാഹത്തെ
നെഞ്ചിലേറ്റി സ്നേഹിച്ചു.
മീനം പുഴയെ വറ്റിച്ചപ്പോള്‍,കര
വര്‍ഷ പ്രവാഹങ്ങളുടെ
ഓര്‍മകളില്‍ നിര്‍വൃതിയണഞ്ഞു.
സൂര്യന്‍ കണ്ണുരുട്ടിയ പകലുകളില്‍
തൊണ്ട വരണ്ട് കര
പുതുമഴക്കായി കരഞ്ഞു.
മഴയ്ക്കായി കരയുമ്പോള്‍
കരയുടെ ചിന്തകള്‍ മുഴുക്കെ
തീരംതല്ലി സ്നേഹിച്ച പുഴയായിരുന്നു.

 കാലം ഒത്തിരി ഒഴുകി കഴിഞ്ഞപ്പോള്‍
 പുഴയിലെ വെള്ളം കുറഞ്ഞു വന്നു.
 വര്‍ഷകാലത്ത്‌ നിറഞ്ഞൊഴുകിയിരുന്നത്
 വര്‍ഷത്തിലൊന്നായി പോലും ഒഴുകാതായി.
 നിര്‍ജീവയായി ഒഴുകുന്ന പുഴയെ നോക്കി
 പാവം കര കണ്ണീരണിഞ്ഞു.

കര, കഥയറിഞ്ഞപ്പോഴേക്കും
ആട്ടം ഏറെ കഴിഞ്ഞിരുന്നു.
പുഴ, പുതു വഴികള്‍ തേടി
രണ്ടായി പിരിഞ്ഞ്
മറുകര തലോടി
കടലിലെത്താന്‍ തുടങ്ങിയിരുന്നു.
മറുകരയുടെ തീരങ്ങളില്‍
പല സുഗന്ധം പരത്തുന്ന
പല പൂക്കള്‍ വിരിയുന്ന
ഉദ്യാനമുണ്ടായിരുന്നു.
നിറവും മണവും നിറഞ്ഞ്
ശലഭങ്ങള്‍ പാറി നടന്ന്‍,
കാണികളുടെ കണ്ണുകള്‍ക്ക്‌
വിരുന്നൂട്ടിയ ഉദ്യാനം.
ഒടുവില്‍ പുഴയും
കാണികളുടെ ഭാഗം ചേര്‍ന്നെന്നു
കര മനസിലാക്കി.

പുഴയുടെ അതിപ്രവാഹങ്ങള്‍
മറുകര തഴുകുന്നത് കണ്ട്
കര ശബ്ദമില്ലാതെ കണ്ണ് തുടച്ചു.
കര സൗഹൃദം കാണിച്ചു
കയ്യുയര്‍ത്തി കാട്ടിയപ്പോള്‍
മറുകര കൊഞ്ഞനംകുത്തി കളിയാക്കി.
പുഴയാകട്ടെ, ഭാവഭേദമില്ലാതെ
ശാന്തയായി ഒഴുക്ക് തുടര്‍ന്നു.
കടല്‍ ഒന്നുമറിയാതെ
തിരകളെ താഴ്ത്തി
പുഴയെ സ്വീകരിച്ചു,തന്‍റെതാക്കി..

6 comments:

  1. ദുഃഖം നിറഞ്ഞ ചിന്തകളെ
    ഒരു കവി സ്വയം സ്നേഹിക്കുന്നതു പോലെ
    നീ എന്നെ സ്നേഹിക്കണം.
    കൈക്കുമ്പിളില്‍ ജലം കോരിയെടുക്കവേ
    തന്‍റെ മുഖം പ്രതിഫലിച്ചു കണ്ട
    ... ശാന്തമായ ഒരു തടാകത്തെ
    സഞ്ചാരി ഓര്‍ക്കുന്നതു പോലെ
    നീ എന്നെ ഓര്‍ക്കണം.
    ജനിച്ചു വീഴും മുമ്പേ മരിച്ചുപോയ
    തന്‍റെ കുഞ്ഞിനെ അമ്മ ഓര്‍ക്കുന്നതു പോലെ
    നീ എന്നെ ഓര്‍ക്കണം..............

    ReplyDelete
    Replies
    1. ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ ഓര്‍ക്കണമെന്ന് പറയുന്നത് മറക്കുന്നതെങ്ങനെയാണ്!
      ജലത്തില്‍ പ്രതിഫലിക്കപ്പെട്ടതു
      ഹൃദയത്തിലും...
      മറക്കില്ല ഒരിക്കലും..:)

      Delete
  2. കരയ്കും പുഴയ്കും കഴിയാതെ പോയത് ഷരുന്‍നു കഴിയട്ടെ എന്നു ആശംസിക്കുന്നു.കവിത നന്നയിട്ടുണ്ട്. വീണ്ടും എഴുതുക ......................ആശംസകള്‍ !!!

    ReplyDelete
    Replies
    1. ക്ഷമിക്കണം, കര ഞാന്‍ തന്നയാണ്! പക്ഷെ കാര്യങ്ങള്‍ക്കു ഏറെ മാറ്റം സംഭവിച്ചിട്ടുണ്ട്..:)
      ആശംസകള്‍ക്ക് നന്ദി!

      Delete
  3. പരപ്പനങ്ങാടിക്കാരന്‍റെ കവിത പാലത്തിങ്ങല്‍ക്കാരന്‍ ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്തൊക്കെയാനെലും നമ്മള് ഇന്ത്യക്കാര്‍ അല്ല്യോ..!!!
      നന്ദി...:)

      Delete