എന്‍റെ നേരംപോക്കുകാര്‍!!

Friday, March 11, 2016

മഴമേഘങ്ങള്‍ കാറ്റിനോട് പറഞ്ഞ കഥ

അതെന്തൊരു ദിവസമായിരുന്നു!

അന്ന് വിശ്രമമില്ലാതെ എഴുതികൊണ്ടേയിരുന്ന ഒരു പേന പൊടുന്നനേ മഷി തീര്‍ന്നു പണിമുടക്കുകയും കാലം തെറ്റി ഒരു മഴ ഇടിയോടുകൂടി വന്നു കോലാഹലമുണ്ടാക്കുകയും ചെയ്തു..
ആ മഴയിലേക്ക്‌ കുടയില്ലാതെ ഓടിയിറങ്ങി വേഴാമ്പലിനെപോലെ ആകാശത്തിലേക്ക് വാ തുറന്നു നില്‍ക്കുകയും ക്ലാരയെ ഓര്‍മ്മിക്കുകയും ചെയ്യുന്നതിനു പകരം ഏതൊരു സാധാരണക്കാരനെയുംപോലെ ഞാനും "എന്തൊരു കോപ്പിലെ മഴ" എന്ന് പറഞ്ഞു..
ഭാരമില്ലാതെ അനന്തമായ ആകാശത്ത് അവിഗ്നം പറന്നുകൊണ്ടിരുന്ന അപ്പൂപ്പന്‍താടി എത്ര വേഗം നിലം തൊട്ടു പറന്നു തുടങ്ങിയിരിക്കുന്നു!

മഴ തെല്ലൊന്നു ശമിച്ചപ്പോള്‍, പ്രകാശവും തേടി, കൂടേ എന്നുമുള്ള പ്രാരാബ്ദം ഭാണ്ഡമാക്കി ഇറങ്ങാന്‍ നേരം പടിവാതില്‍ക്കല്‍ നിന്ന് ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.
കനത്ത നിശബ്ദത പ്രതീക്ഷിച്ചിടത്ത് അത്ഭുതപ്പെടുത്തുന്ന സന്തോഷം! സ്വാതന്ത്രം!

ഹോ! നെഞ്ച് പിളരുന്നു!
തൊണ്ടയില്‍ അപ്പോഴും ഒരു ചോദ്യം കുരുങ്ങി നിന്നു..

"മരണംവരേ കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്...?"

വിക്കാതെ, ശബ്ദമിടറാതെ പണിപ്പെട്ടു അതൊന്നു പറഞ്ഞൊപ്പിച്ചു.. കാതോര്‍ത്തു.. ചുണ്ടുകള്‍ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു..

"മരിച്ചൂവെന്ന് തന്നെ കൂട്ടിക്കോളൂ..!"

മറുപടി വളരേ പെട്ടെന്നും ഉറച്ചതുമായിരുന്നു.. 
കണ്ണുകള്‍ ദേഷ്യംകൊണ്ടല്ലാതെ ചുവക്കുകയും ദേഹം ഉഷ്ണംകൊണ്ടല്ലാതെ വിയര്‍ക്കുകയും ചെയ്തു..
പെട്ടെന്നു അതിശക്തമായൊരു ഇടിമിന്നലുണ്ടാകുകയോ ഭൂമി പിളരുകയോ ചെയ്തില്ലാ..

പ്രകൃതി തനിക്കുപോലും മനുഷ്യന്‍ ഉണ്ടാക്കി കഴിഞ്ഞ മാറ്റങ്ങളെയോര്‍ത്ത് അന്തംവിട്ടു നില്‍ക്കയായിരുന്നിരിക്കണം!

2 comments:

  1. പ്രകൃതി അന്തം വിട്ട് നില്പ് തുടങ്ങീട്ട് കാലം കുറെ ആയിട്ടുണ്ടാവും

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete