എന്‍റെ നേരംപോക്കുകാര്‍!!

Friday, July 6, 2012

എന്നോടെന്തിനീ പിണക്കം!


    ഞാന്‍ +2വിനു പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്. പഠിക്കുന്ന ക്ലാസിലോക്കെ ഒരു വിഭാഗം പെണ്‍കുട്ടികളെ ശത്രുക്കളാക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു, എന്നും! അതെന്താ അങ്ങനേന്നു ചോദിച്ചാല്‍ അങ്ങനെയാണ്! വേണ്ടാന്നു നമ്മള് വിചാരിച്ചാലും കറങ്ങിത്തിരിഞ്ഞ് അതങ്ങനയെ വരൂ! എല്ലാരേം തൃപ്തിപെടുത്തി ജീവിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ ‘നല്ല’ വശങ്ങള്‍ മനസിലാക്കുന്നവര് നമ്മുടെ ശത്രുക്കളും, ആ ‘നല്ല’ വശങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവര്‍ അല്ലെങ്കില് സഹിക്കാന്‍ തയ്യാറുള്ളവര്‍ നമ്മുടെ മിത്രങ്ങളും ആകുമെന്നാണ് എന്റെ വിശ്വാസം!

     എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നുണ്ട്. എന്നെ വിശ്വസിച്ചു ഇത് വായിക്കുന്ന നിങ്ങളെ നിരാശരാക്കരുതല്ലോ. ഈ ശത്രുതയ്ക്ക് പിന്നിലെ ഫ്ലാഷ്ബാക്ക് അല്പം വിചിത്രമാണ്. കാരണം ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണം  എന്താണെന്നത് എനിയ്ക്ക് തന്നെ വല്ല്യ നിശ്ചയം പോരാ! ഞാന്‍ വിശ്വസിക്കുന്നതായിട്ടു ഒരു കാരണമുണ്ട് എങ്കിലും അതിവിടെ പറയാന്‍ നിവൃത്തിയില്ല. അതല്ലല്ലോ നമ്മുടെ വിഷയം. ഇങ്ങനൊരു ശത്രുത നിലനില്‍ക്കുന്നു എന്നാ കാര്യം ഞാന്‍ മനസിലാക്കുന്നത് അവരുടെ ചില പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ ഊന്നിയുള്ള പെരുമാറ്റത്തില്‍ നിന്നാണ്. ക്ലാസില്‍ എന്നെ പോലെ ഒരു സംഭവം ഉണ്ട് എന്ന സത്യത്തെ അവര് അന്ഗീകരിച്ച മട്ട് കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല, എന്‍റെ ഒപ്പം നില്‍ക്കുന്ന കിഴങ്ങന്മാരോട് സംസാരിക്കുകയും ഞാനെന്ന പൊതുമുതലില് അറിയാതെ പോലും ഒരു കയ്യേറ്റം നടത്താതെ തൊട്ടപ്പുറത്തൂടെ ഇളിച്ചുകൊണ്ട്‌ പോവുകയും തുടര്‍ന്നപ്പോള്‍ എന്‍റെ ഉറങ്ങി കിടന്ന ആത്മാഭിമാനം സടകുടഞ്ഞെണീട്ടു. എന്നാ ചെയ്യാനാ! എങ്കില്‍ അങ്ങനെ തന്നെ എന്നുറപ്പിച്ച് ഒരു ശീതയുദ്ധം ഞാനും മനസില് പ്രഖ്യാപിച്ചു! അല്ലാ പിന്നെ!

     നമ്മുടെ കഥയില്‍ വില്ലന്‍ യഥാര്‍ത്ഥത്തില്‍ എന്റെ മറ്റൊരു ഹോബിയാണ്! അധികം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തന്നെ ഇഷ്ടപെടാത്ത വേറൊരു ഹോബി കൂടി എനിക്കുണ്ട്. അത് പാട്ട് പാടല്‍ അഥവാ സിങ്ങിംഗ് ആണ്! ഓ! പാട്ടോ! എന്ന് പറഞ്ഞു പാട്ടിനെ അതിന്റെ പാട്ടിനു വിടരുത്‌. എന്റെ പാട്ടിനെ കുറിച്ചുള്ള മഹാരഥന്‍മാരുടെ പുകഴ്ത്തലുകള്‍ ഞാനെങ്ങാനും ഇവിടെ കുറിച്ചാല്‍ നിങ്ങള് വായന നിര്‍ത്തി ഓടും! അതുകൊണ്ട് ആ ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ച പിന്നീടാകട്ടെ.. അപ്പൊ പാട്ട്..  ഈ പാട്ടെന്നു പറഞ്ഞാല്‍, അങ്ങനെ എപ്പോഴും ഒന്നും ഉണ്ടാകില്ല. പെട്ടെന്നൊരു നിമിഷത്തില് ഉണ്ടാകുന്ന വിസ്ഫോടനമാകും പലപ്പോഴും അത്! പക്ഷെ, പാടണമെന്ന് തോന്നി കഴിഞ്ഞാല്‍ സമയവും സന്ദര്‍ഭവും ഒന്നും കലണ്ടറില്‍ കാണില്ല. സംയമനം പാലിക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും എക്സാം ഹാളിലൊക്കെ വച്ച് സ്ഥിരമായി സംഗതി വരാറുണ്ട്! പഴയത് പുതിയത് എന്നൊന്നും ഒരു വ്യത്യാസം ഇതിനില്ല. എങ്കിലും പഴയതിനോടാണ് ഒരിത്തിരി താല്പര്യം കൂടുതല്‍...,. വരിയിലോ ശ്രുതിയിലോ താളപ്പിഴ വന്നാലും വയലാറോ ദേവരാജന്‍ മാസ്റ്ററോ സമാധിയില്‍ നിന്നും ഇറങ്ങി വന്നു തല്ലില്ലാ എന്ന വിശ്വാസം!

     കഥ നടക്കുന്നത് അമേരിക്കയിലോ ആലത്തിയൂരോ അല്ലാ എന്ന് നേരത്തെ പറഞ്ഞു. ഒരു ഉച്ചകഴിഞ്ഞ നേരത്ത് കെമിസ്ട്രി ലാബിന്റെ മുന്നിലങ്ങനെ നില്‍ക്ക്വാണ് ഞാന്‍.,. വെറുതെ ഒന്നും അല്ല, നല്ല അന്തസായി പുറത്താക്കപെട്ടതാണ്! കാര്യം നിസ്സാരം... എന്നത്തേയും പോലെ, ആ ലാബിലേക്ക്‌ എന്താണോ വേണ്ടിയിരുന്നത്, അത് പഠിച്ചു വരപെട്ടില്ലാ എന്നതായിരുന്നു കുറ്റം! ജാസ്മിന്‍ മിസ്സ്‌ എത്ര ശരിയാക്കിയാലും ബോധ്യം വരാത്ത തന്റെ  തലയിലെ തട്ടം കൈകൊണ്ട് ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ട് ഇടക്കിടെ പുറത്തേക്കു വരികയും, തന്റെ സ്ഥായീഭാവമായ പുച്ഛം ഞങ്ങള്‍ക്കുമേല്‍ കൂടിയ അളവില് തന്നിട്ട് പോവുകയും ചെയ്യുന്നത്  നിര്‍ബാധം തുടരുന്നുണ്ട്. ഇവിടെ ഈ ‘ഞങ്ങള്‍’ എന്ന് പറഞ്ഞതിലാണ് കഥയുടെ ‘തിരിച്ചില്‍’ ഉള്ളത്. ആ കൂട്ടത്തില്‍, പരസ്യമായല്ലെങ്കിലും എന്നെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന പ്രസ്തുത വിഭാഗത്തിന്റെ അനിഷേധ്യ നേതാവും ഏതാനും അംഗങ്ങളും ഉണ്ടായിരുന്നു. അവളവളുടെ കുറ്റിചൂലില് ചുരിദാരു ചുറ്റിയ ചേലുള്ള ശരീരത്തീന്നു പൂത്താന്‍കീരിയുടെ പോലുള്ള കര്‍ണ്ണാനന്ദകരമായ ശബ്ദത്തില്‍ ഒപ്പമുള്ളവര്‍ക്കുമേല്‍ റൂളിംഗ് നടത്തികൊണ്ടിരിക്കുകയാണ്. ലാബിന്റെ നേരെ മുന്നില്‍ ഒരു കയ്യകലത്തിലാണ് നില്‍പ്പെങ്കിലും കണ്ടഭാവം അങ്ങോട്ടോ ഇങ്ങോട്ടോ കാണിച്ചില്ല ഞങ്ങള്. ജാസ്മിന്‍ മിസും അവളും തമ്മില്‍ അഹങ്കാരവും പുച്ഛവും കലര്‍ന്ന ആ ഭാവത്തിന്റെ കാര്യത്തില്‍ ഒരു മത്സരം തന്നെ നടക്കുന്നോ എന്ന് തോന്നി പോയി. ഉള്ള കാര്യം പറഞ്ഞാല്‍ അവിടുത്തെ നില്‍പ്പില്‍ ഏറ്റവും അസഹ്യമായെനിക്ക് തോന്നിയത് ആ പെണ്ണുംപിള്ളയുടെ സാന്നിധ്യമായിരുന്നു. ആ നികൃഷ്ടജീവിക്ക് എന്താണ് പഠിച്ചു വന്നാല്? ഇവിടെ വര്‍ഷങ്ങളായി പഠിക്കാതെ വരിക, പുറത്തു നില്‍ക്കുക തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഒരു കോട്ടവും തട്ടാതെ ചെയ്തു വരുന്ന എന്നെ പോലുള്ളവര്‍ക്കിടയില്‍ ഈ ജന്തുവിന് എന്താ കാര്യം? ഹും! ആരോട് പറയാന്‍. അവള്‍ക്കും അവളുടെ പിന്നിലെ ഹിഡുംബിമാര്‍ക്കും വല്ല കൂസലും വേണ്ടേ. ആ, എന്തേലും ആവട്ട്...!

     സമയം വളരെ പതുക്കെ അങ്ങനെ നീങ്ങുന്നേ ഉള്ളൂ. എന്റെ ഒപ്പമുള്ള കാപാലികന്മാര്‍ അവരുടേതായ ബിസിനെസ്സിലേക്ക് കടന്നപ്പോള്‍ എനിക്ക് കുറേശ്ശെയായി ബോറടിച്ചു തുടങ്ങി. നിന്നങ്ങനെ ഇളകിയാടി ഉറങ്ങി വീഴുമെന്ന അവസ്ഥയായി. എന്ത് ചെയ്യും എന്നൊക്കെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയപ്പോഴാണ്‌ നേരത്തെ പറഞ്ഞ നമ്മുടെ ഹോബിക്ക് രംഗപ്രവേശം ചെയ്യാന്‍ സമയവും സന്ദര്‍ഭവും ചേര്‍ന്നത്‌!,. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഒന്നും നോക്കാതെ കണ്ണോന്നൊരല്‍പ്പം അടച്ചു പിടിച്ചു, തൊണ്ട മയപെടുത്തി, മുഖത്ത് വേണ്ട ഭാവങ്ങള് വരുത്തി, യേശുദാസിനെ മനസില് ധ്യാനിച്ച്‌, ഞാന്‍ ഒരു പിടിയങ്ങു പിടിച്ചു.

 “എന്നോടെന്തിനീ പിണക്കം,
 ഇന്നുമെന്തിനാണെന്നോട് പരിഭവം!”

      ആദ്യ വരികള്‍ ശ്രുതിമധുരമായി ഒപ്പിച്ചെടുത്ത് അടുത്തതിലേക്ക് കടക്കുന്നതിനു മുന്നോടിയായി കണ്ണൊന്നു തുറന്നു പിടിച്ചപ്പോഴാണ്, എനിക്ക് പരിസരത്തെ കുറിച്ച് അല്പ്പമെന്കിലും ബോധം വന്നത്! അതുവരെ മൂക്ക് മുറിക്കപ്പെട്ട ശൂര്‍പ്പണകയെ പോലെ ഇളകിതുള്ളി നിന്നിരുന്ന നമ്മുടെ തലൈവിയുടെ, എന്റെ നിത്യഹരിത ശത്രുവിന്റെ മുഖത്ത് നാണം കലര്‍ന്ന ഒരു സമ്മിശ്രഭാവം!!! പാടിയ പാട്ടിനെ കുറിച്ചും, സന്ദര്‍ഭത്തില്‍ അത് തറച്ചു കയറിയിരിക്കുന്ന ആഴത്തെ കുറിച്ചും ചിന്തിച്ചപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ മൈനസ് 15 ഡിഗ്രി തണുപ്പില് മീന്‍ പിടിക്കാനിറങ്ങിയവനെ പോലെ ഞാന്‍ ഫ്രീസായി പോയി! അവളിലെ ആ വൃത്തികെട്ട ഭാവം ഒപ്പമുള്ള ഹിഡുംബികളിലെക്കും തട്ടി ചിന്തിയ മണ്ണെണ്ണ പോലെ പരന്നു! ഞാന്‍ പറ്റിപോയ അബദ്ധത്തിന്റെ തീവ്രതയില്‍ തരിച്ചങ്ങനെ നില്പാണ്. ഒപ്പമുണ്ടായിരുന്ന കാപാലികന്മാരൊന്നും ഏഴയലത്തുപോലും ഇല്ല എന്നാ സത്യം ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌. എങ്ങനെ രംഗത്തു നിന്നും സ്കൂട്ട് ആകും എന്നതായിരുന്നു എന്‍റെ അപ്പോഴത്തെ ചിന്ത. “എന്റമ്മേ!” എന്ന് ഇന്നസന്‍റ് ചേട്ടന്റെ ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് മറിഞ്ഞു വീണാലോ എന്ന് പോലും ഞാന്‍ ചിന്തിച്ചുപോയി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പേടിപ്പെടുത്തുന്ന നിശ്ശബ്ദത അവിടെ നിറയുകയും സകല എണ്ണത്തിന്‍റെയും മുഖത്ത് നേരത്തെ പറഞ്ഞ ഭാവം ഉരുത്തിരിയുകയും ചെയ്തിരുന്നു. ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചതു പരാജയപ്പെട്ട് ഇളിഭ്യചിരിയായി മാറിയത് ഒരു കണ്ണാടിയുടെയും സഹായമില്ലാതെ എനിക്ക് തിരിച്ചറിയാന്‍ പറ്റി. കാലുകള് പതുക്കെ പിന്നിലേക്ക് വലിച്ച് നടത്തം ഓട്ടമാക്കി അവിടുന്ന് രക്ഷപ്പെടുമ്പോള്‍ ആകെ ചമ്മി നാശകോശമായതിന്റെ വേലിയേറ്റമായിരുന്നു മനസില്. ഇതിലും വലിയ പെരുന്നാള് വന്നിട്ട് പള്ളീ പോവാത്ത വാപ്പയാണ് ഒരു നിമിഷംകൊണ്ട് ജനമദ്ധ്യത്തില്‍ തുണിയുരിയപെട്ടവനെ പോലെ ആയത്!

      എന്തിനേറെ പറയണം. സംഗതി ഫ്ലാഷ് ആയില്ലേലും, സംഭവം നടന്നു അടുത്ത ദിവസം മുതല്‍ കാര്യങ്ങളില്‍ ഒരു മയമൊക്കെ വന്നു തുടങ്ങി! ആരുടേം നോട്ടത്തില് പഴയ ആ കലിപ്പൊക്കെ പോയി. ആകെ മൊത്തം ഒരു ചേഞ്ച്‌,! എന്‍റെ കാര്യത്തില് പക്ഷെ, ആദ്യത്തെ രണ്ടു ദിവസം മുഖത്തേക്ക് നോക്കാന്‍ ചമ്മലുണ്ടായിരുന്നെങ്കിലും പിന്നീട് ആ ഏരിയയിലേക്കെ നോക്കാതെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു! നമ്മള്ടടുത്താ കളി! ആ! കാണാന്‍ കൊള്ളാവുന്ന വല്ല മുഖവുമായിരുന്നേല്‍ എല്ലാം സഹിക്കാമായിരുന്നു. ആ വൃത്തികെട്ട മുഖം നോക്കി ഇങ്ങനൊരു പാട്ട് പാടേണ്ടി വന്നല്ലോ എന്നൊരു ദുഃഖം മാത്രം ബാക്കി! എന്തായാലും, എന്‍റെ സുഹൃത്തുക്കള്‍ തെണ്ടികള്‍ അന്നീ പുകിലൊന്നും അറിയാഞ്ഞത് ഭാഗ്യം! ആ പെണ്ണിന്‍റെ പേരിനൊപ്പം പേര് ചേര്‍ന്ന് വല്ല കഥകളും ഇറങ്ങിയിരുന്നേല് അമ്മച്ചിയാണേ, വല്ല പാണ്ടിലോറിക്കും അട വച്ച് ഞാന്‍ സ്വര്‍ഗത്തിലേക്ക്‌ പോയേനെ! (എനിക്കവിടെ റിസര്‍വേഷനുണ്ട്!)

24 comments:

  1. ഫോണ്ട് സൈസ്‌ കൂട്ടണം.
    കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വേരിഫികേശന്‍ ഒഴിവാക്കണം.
    ലോഗോ ചേര്‍ക്കണം.

    ReplyDelete
    Replies
    1. ഓരോന്നായി പഠിച്ചു വരുന്നേ ഉള്ളൂ.. താങ്കളുടെ സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു. നന്ദി..:)

      Delete
  2. ഹ..ഹ..ഷരുന്‍..,..കൊള്ളാം നന്നായി എഴുതി പഴയ കാല വിശേഷങ്ങള്‍..,..അക്ഷരങ്ങളുടെ വലുപ്പം വല്ലാതെ കുറഞ്ഞു പോയ പോലെ തോന്നുന്നു . അതിനൊരു പരിഹാരം കാണാന്‍ ശ്രദ്ധിക്കുമല്ലോ.

    ഇടത്തരം ഓര്‍മ്മകള്‍ രസകരമായി അവതരിപ്പിക്കുന്നതോടൊപ്പം ഗൌരവകരമായ വിഷയങ്ങളിലേക്കും കൂടി എഴുത്തും ചിന്തകളും കടന്നു ചെല്ലാന്‍ നിര്‍ബന്ധമായും ഷരുന്‍ ശ്രദ്ധിക്കണം. ഷരുനിനു നന്നായി എഴുതാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസം ഞങ്ങള്‍ വായനക്കാര്‍ക്കുണ്ട്.


    വീണ്ടും എഴുതുക..ഞാന്‍ വീണ്ടും വരാം..ആശംസകളോടെ..

    ReplyDelete
    Replies
    1. കോളേജില്‍ സുഹൃത്തുക്കളെ രസിപ്പിക്കുക എന്നാ ലക്‌ഷ്യം മുന്‍നിര്‍ത്തിയാണ് എഴുത്ത് ഈ വിധമാക്കിയത്. പക്ഷെ ഇത് മുഴുവന്‍ വായിക്കാനുള്ള ക്ഷമ മിക്കവാറും കാണിക്കുന്നില്ലെന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണ്.
      ഗൌരവകരമായ കാര്യങ്ങളും എനിക്ക് വിഷയമാകാറുണ്ട്. എന്റെ FBയിലെ അപ്ഡേറ്റ്കളില്‍ താങ്കള്‍ക്കത് വ്യക്തമാകും. നിങ്ങള്‍ ഏല്‍പ്പിക്കുന്ന വിശ്വാസം കാക്കാന്‍ എന്നാലാകുംവിധം ഞാന്‍ ശ്രമിക്കും. നന്ദി..

      Delete
  3. നന്നായി എഴുതുന്നുണ്ട്, തുടരുക

    ReplyDelete
  4. വീണ്ടും എഴുതുക..ഞാന്‍ വീണ്ടും വരാം..ആശംസകളോടെ........hukka huva mikkado

    ReplyDelete
    Replies
    1. വീണ്ടും വരിക.. ഈ ബ്ലോഗ്‌ പുതിയ എഴുത്തുകുത്തുകളുമായി താങ്കളെ വരവേല്‍ക്കട്ടെ!!!

      എന്താണീ .hukka huva mikkado എന്ന് മനസിലായില്ല..:P

      Delete
  5. അബ്സാര്‍ ഇക്ക പറഞ്ഞത് തന്നെ പറയുന്നു.... കഥ നന്നായിരിക്കുന്നു.... ഇനിയം പ്രതീക്ഷിക്കുന്നു....ആശംസകള്‍ സ്നേഹിതാ....

    http://vigworldofmystery.blogspot.co.uk/2012/02/prologue.html#comment-form
    ഇടക് ഇവിടെ കൂടി ഒന്ന് വന്ന് നോക്കുമല്ലോ? അല്ലെ?

    ReplyDelete
    Replies
    1. നമ്മളിനി ഒന്നും പറയേണ്ടല്ലോ..:) എല്ലാത്തിനും നന്ദി..:)

      Delete
  6. ഫോണ്ട് വായിക്കാൻ വല്ലാത്ത വിഷമം ഉണ്ട്.. സൈസ് കൂട്ടുമല്ലോ......

    വളരെ നന്നായി എഴുതി ഇനിയും എഴുതുക.....

    ഭാവുകങ്ങള്

    ReplyDelete
    Replies
    1. ഫോണ്ട് സൈസ് കൂടിയിടുണ്ട്. ഇനിയും നല്ല മാറ്റങ്ങള്‍ വരുത്തുവാനുണ്ട്. നന്ദി ഭാവുകങ്ങള്‍ക്ക്..:)

      Delete
  7. ഹഹ... നല്ല എഴുത്ത്!

    എനിക്കും ഇതുപോലെ പെണ്കുട്ട്യോളെ മൈന്‍ഡ് ചെയ്യാതെ ഒരുമാതിരി ചൊറിയുന്ന ഒരു പരിപാടി സ്കൂള്‍ കാലത്ത് ഉണ്ടായിരുന്നു. ചുമ്മാ ഒരു രസം!

    നാലാം ക്ലാസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ പുസ്തകത്തിന്‍റെ പുറത്തു ഞാന്‍ അന്ന് അറിയാവുന്ന ലെവലില്‍ ഉള്ള കുറച്ചു അശ്ലീലം എഴുതിവെച്ചു. അവള്‍ അതും പൊക്കിപ്പിടിച്ചു ആകെ കരഞ്ഞു കുളമാക്കി. അവസാനം എന്നെ ഹെഡ്മിസ്ട്രസ് കയ്യോടെ പൊക്കി, പ്രസ്തുത "എഴുത്ത്" എടുത്തു എന്റെ ഷര്‍ട്ടില്‍ കുത്തി സ്കൂളിന് വലംവെച്ച് വരാന്‍ പറഞ്ഞു. ഞാന്‍ അപ്പൊ തന്നെ അവിടുന്ന് സ്കൂട്ടായി അവിടത്തെ കഞ്ഞിപ്പുരയുടെ പുറകില്‍ പോയി ഒളിച്ചിരുന്നു. ഹോ... അന്ന് ആകെ ചമ്മി നാറി!

    വീണ്ടും എഴുതുക!

    ഫോണ്ട് സൈസ് കൂട്ടുക! (ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്ഥിരമായി Ctrl + Mouse Scroll ഉപയോഗിക്കേണ്ടിവരും :-(

    ആശംസകള്‍ :-)

    ReplyDelete
    Replies
    1. അമ്പടാ! ആളൊരു കൊച്ചു ഭീകരനായിരുന്നല്ലേ!! ആ പ്രായത്തില്‍ ഞാനും പേര് കേട്ടൊരു വില്ലനായിരുന്നു! എന്തൊക്കെ സംഭവങ്ങള്‍!,..!

      തീര്‍ച്ചയായും ഇനിയും എഴുത്തുകള്‍ വരും!

      നന്ദി ഈ ആശംസകള്‍ക്ക്..!

      Delete
  8. ഷരുന്‍ നന്നായിട്ടുണ്ട്........കൂടുതല്‍ കസര്‍ത്തുകള്‍ പ്രതീക്ഷിക്കുന്നു. വീണ്ടും എഴുതുക .......വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ട്.ആശംസകള്‍ !!!

    ReplyDelete
    Replies
    1. വായിക്കാന്‍ നിങ്ങളൊക്കെ ഉള്ളപ്പോള്‍ കസര്‍ത്തുകള്‍ ഇനിയും വരും! നന്ദി!

      Delete
  9. എന്‍റെ ഫോളോവറുടെ വീട് തേടി വന്നതാണ്... കണ്ടു... വായിച്ചു... ഇഷ്ട്ടപ്പെട്ടു... ഇനിയും വരും... ഇതുപോലുള്ള സദ്യ പ്രതീക്ഷിക്കുന്നു...:-)

    ReplyDelete
    Replies
    1. ഈ മനോഹരമായ കണ്ണുകള്‍ പോലെ മനോഹരമായ ചിത്രങ്ങളും കവിതയും കണ്ടപ്പോള്‍ പിന്തുടരപ്പെടേണ്ടാതാണെന്നു തോന്നി! നന്ദി ചേച്ചി.. വട്ടം കൂട്ടികൊണ്ടിരിക്കുന്ന പുതിയ സദ്യ വിളമ്പുമ്പോള്‍ ഉണ്ണുവാനുണ്ടാകുമെന്നു തീര്‍ച്ചയായും പ്രതീക്ഷിച്ചുകൊള്ളുന്നു..!

      Delete
  10. കിടിലോല്‍ക്കിടിലം... സൂപ്പര്‍ സ്റ്റോറി...

    ReplyDelete