എന്‍റെ നേരംപോക്കുകാര്‍!!

Sunday, October 13, 2013

എല്ലാം നീ കരുതും പോലെ തന്നെ..

എല്ലാം നീ കരുതും പോലെ തന്നെ..
ഈ ജനലിനരികില്‍,
ചില്ലുകൂട്ടില്‍ പ്രകാശം പരത്തുന്ന ചന്ദ്രന്‍റെ
പുകച്ചുരുളുകള്‍ വ്യക്തത തരാത്ത പ്രതലത്തില്‍
നിന്‍റെ മുഖം ആവാഹിച്ചുകൊണ്ട് ഞാന്‍ നില്‍പ്പുണ്ട്.
ആവര്‍ത്തനത്തിന്‍റെ ഒരു വിരസതയ്ക്കും പിടികൊടുക്കാതെ..

കാലുകളില്‍ നിന്നും പടര്‍ന്നിറങ്ങിയ ചെറുവേരുകള്‍ക്ക്
ശരീരഭാരം താങ്ങാനാവാതെ വരുമ്പോള്‍
എവിടെയുമെന്നപോലെ ഇവിടെയും
ഹൃദയം അതേറ്റെടുത്തിരിക്കുന്നുവെന്നു മാത്രം.
ആ വേരുകളാണ് നിന്നിലേക് ആഴ്ത്തുവാന്‍ 
ഓരോ തവണയും പരാജയത്തിനായി ആരംഭം കുറിക്കുന്നത്!

അതല്ലെങ്കിലും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!,
നിലനില്‍പ്പുള്ള എന്തിനും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള
ശാശ്വതമല്ലാത്ത ഈ കാത്തിരിപ്പിന്,
ഋതുക്കളുടെ മാത്രം ദൂരം സ്വപ്നം കണ്ടത്
എന്നത്തെയും വിഡ്ഢിത്തം!
അതിനിനി ഒരുപക്ഷെ 
നീയെന്ന പ്രണയതീരം
ലക്‌ഷ്യം വച്ച് കുതിക്കുന്ന
എന്‍റെ മോഹങ്ങളുടെ ചെറുവഞ്ചികള്‍
നിരാശയുടെ ചുഴികളില്‍ തകര്‍ന്നടിയുന്ന ദൂരം മാത്രം..

എന്നെക്കാള്‍ നന്നായി നിനക്കറിയാമെങ്കിലും
ഒരു കാര്യം നിന്നോട് പറയാതെ വയ്യ..

നിന്നെ നഷ്ടപ്പെടുന്നുവെന്ന് തോന്നുന്ന 
ഓരോ ദിവസവും
ഓരോ നിമിഷവും
എനിക്ക് നിന്നോടുള്ള പ്രണയം
സ്വീകാര്യതയുടെ കെട്ടുകളില്‍ കിടന്നു 
വീര്‍പ്പുമുട്ടി മരിച്ചു വീഴും.
വള്ളിപടര്‍പ്പുകളില്‍ വിരിയുന്ന
നിറംമങ്ങിയ ചെറുപുഷ്പങ്ങള്‍
അലങ്കരിക്കുന്ന കല്ലറകളിലത്
അന്ത്യവിശ്രമം കൊള്ളും.. ആരുമറിയാതെ..

എന്നാല്‍
എനിക്ക് സമര്‍പ്പിക്കപ്പെട്ടവളെന്ന
കനപ്പെട്ട വിശ്വാസപ്രമാണത്തില്‍
നീ അടിയുറച്ചു നില്‍ക്കുമെങ്കില്‍
എന്‍റെ വിലക്കുകള്‍ക്ക് 
ശക്തിയില്ലാതായി തീരും!
ചന്ദ്രപ്രതലത്തില്‍ ആവാഹിച്ചെടുത്ത 
നിന്‍റെ സുന്ദരമുഖം 
മറ്റൊരു ചന്ദ്രനെന്ന പോലെ വിളങ്ങും!
എന്‍റെ ഉദ്യാനത്തില്‍ വിരിയുന്ന 
ഓരോ പുഷ്പവും 
നിന്‍റെ ചുംബനങ്ങള്‍ക്കായി കൊതിക്കും.

എന്‍റെ പ്രണയത്തിന്‍റെ അഗ്നി
ഓരോ അണുവിലും ആവര്‍ത്തിക്കപ്പെടും!

പ്രിയതമേ, എന്‍റെ പ്രണയം 
നിന്റെതാകുന്നു...
നിന്‍റെ മാത്രം! 

1 comment:

  1. മറ്റൊരു ചന്ദ്രനെപ്പോലെ വിളങ്ങട്ടെ

    ReplyDelete