എന്‍റെ നേരംപോക്കുകാര്‍!!

Thursday, June 20, 2013

പറയാതെ പ്രായം! :)    പ്രായം കൂടുതല്‍ തോന്നിക്കുക എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ ശരീരപ്രകൃതിയും പെരുമാറ്റവും നോക്കികണ്ട് നടത്തുന്ന ഒരു വിലയിരുത്തലാണ്. പിഞ്ചിലേ പഴുക്കുന്ന ചിലരുണ്ട്..നടപ്പിലും പ്രവര്‍ത്തിയിലും ഒരു 40-45 വയസ്സ് തോന്നിപ്പിക്കുന്ന 22 വയസ്സുള്ള 'അപ്പൂപ്പന്മാര്‍' എന്റൊപ്പം പഠിച്ചിട്ടുണ്ട്! അവരെ പരസ്യമായി "ഡോ തന്തേ!" എന്ന് സ്നേഹത്തോടെ വിളിക്കാനും അവര്‍ തിരിച്ചു തന്തയ്ക്ക് വിളിക്കുമ്പോ നിര്‍വൃതിയോടെ കേട്ട് നിക്കാനും കോളേജില്‍ ആളുണ്ട്!!  

പക്ഷെ, ഇതേ വിഷയം തന്നെ ഒരു വലിയ 'പ്രശ്നമായി' കാണുന്നവരുമുണ്ട്.. തന്നെ കാണാന്‍ ഒരുപാട് വയസ്സ് കൂടുതല്‍ തോന്നിക്കും എന്ന അപകര്‍ഷതയുമായി പുറംലോകവുമായി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന അതിസുന്ദരനായ ഒരു സുഹൃത്ത്‌ എനിക്കുണ്ട്.. അവന്‍റെ ഗ്ലാമറിന്റെ പാതി കിട്ട്യാല്‍ കോളേജില്‍ ഒരു ലിറ്റില്‍ റോമിയോ ആയി വിലസാമായിരുന്നു എന്ന് സ്വപ്നം കണ്ടു നടക്കുമ്പോഴാണ് പഹയന് ഇമ്മാതിരി ഒരു ഏനക്കേട്!  അമ്മ പറയുംപോലെ വെറുതെയല്ല ദൈവം കുതിരയ്ക്ക് കൊമ്പ് കൊടുക്കാത്തത്! ഇനി നേരെ മറിച്ചാണ് ചിലരുടെ കാര്യം.. എത്ര വയസ്സുണ്ടെലും ഒരു ടീ-ഷര്‍ട്ടും ഇട്ട് 'ചെത്തുപയ്യന്‍' ആയി നടക്കുന്ന ഭാഗ്യവാന്മാര്‍! ഉദാഹരണത്തിന് മ്മടെ മമ്മുക്ക പോരെ! ഈ പ്രായത്തിലും എന്താ ഒരു ലുക്ക്! അപാര ഗ്ലാമറുള്ള അച്ഛന്‍ കാരണം ചമ്മി ചളമായ ഒരു +2 കാരന്‍റെ കഥ ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.. എന്തോ കാര്യത്തിന് അച്ഛനെ കൂട്ടി ഓഫീസില്‍ വന്ന അവനോടു "അച്ഛനെ, വിളിച്ചു വരാന്‍ പറഞ്ഞിട്ട് ചേട്ടനേം വിളിച്ചാനോടാ വരുന്നേ!" എന്നായിരുന്നത്രേ അവിടുന്നുള്ള പ്രതികരണം.. അച്ഛന്‍ ഇത്രേം ഗ്ലാമര്‍ ആയത് തന്‍റെ തെറ്റാണോ എന്നായിരുന്നു പാവം പയ്യന്‍റെ പരിഭവം! 

കഥകള്‍ വേറെയുമുണ്ട് ഒരുപാട്.. എനിക്ക് അനുഭവങ്ങള്‍ കുറവായതോണ്ട് പറഞ്ഞുകേട്ട ഒരുഗ്രന്‍ കഥ പറയാം! പറഞ്ഞയാള്‍ 25 വര്‍ഷം മുന്‍പ് സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുണ്ടായ ഒരു സംഭവകഥയാണ്! കഥ പറഞ്ഞു തന്നയാളും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവര്‍ ആകയാലും അവരില്‍ ചിലരെ എനിക്ക് ഇനിയും അഭിമുഖീകരിക്കേണ്ടതാണ് എന്ന വസ്തുത നിലനില്‍ക്കുന്നതിനാലുംയഥാര്‍ത്ഥ പേരുകള്‍ വെളിപ്പെടുത്തുന്നില്ല..! 


** 10 F ക്ലാസില്‍ നിന്ന് ഭയങ്കര ബഹളം.. തൊട്ടടുത്ത ക്ലാസിലേക്കും ശല്യം.. പരാതി.. ഒരു രക്ഷേം ഇല്ല.. പുതിയതായി ജോയിന്‍ ചെയ്യേണ്ട അദ്ധ്യാപകന്‍ ഇതുവരേം എത്തീട്ടില്ല.. അയാള്‍ക്ക് നല്‍കാന്‍ വച്ചതാണ് ആ ക്ലാസിന്‍റെ ചുമതല.. ഡിസിപ്ലിന്‍ എന്നാല്‍ ആര്‍മിയില്‍ ഇല്ലാത്തത്ര ചിട്ടക്കാരനാണ് പ്രിന്സിപല്‍ സര്‍.. സര്‍ കോപംകൊണ്ടു വിറച്ചു.. കുപ്രസിദ്ധമായ തന്‍റെ പിടി കെട്ടിയ ചൂരല്‍ വലിച്ചെടുത്ത് സര്‍ ക്ലാസിലേക്ക് നടന്നു.. വരാന്തയിലൂടെ കുതിച്ചുവരുന്ന സാറിനെ കണ്ട് അനുവദിക്കപ്പെട്ട അളവില്‍ സംസാരിച്ചുകൊണ്ടിരുന്ന ക്ലാസിലെ പിള്ളേര് വരെ പേടിച്ചു വിറച്ച് മിണ്ടാതായി.. പക്ഷെ, 10 Fല്‍ മാത്രം കഥയൊന്നും അറിയാതെ ആഘോഷം പൊടിപൊടിച്ചു.. ഒരു നിമിഷം.. സിംഹത്തെ പോലെ ചീറികൊണ്ട് ക്ലാസിലേക്ക് കയറി ചെന്ന സാറിനെ ഒന്നേ കണ്ടോള്ളൂ.., പിള്ളേരെല്ലാം മുയല്‍കുഞ്ഞുങ്ങളെ പോലെ ഓടി കിട്ടിയ സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു.. സര്‍ വിടുമോ?! ഒടുവില്‍ പാഞ്ഞ ഹതഭാഗ്യവാന്മാര്‍ ഒരു ഏഴു പേരെ കയ്യോടെ പിടികൂടി! ചെവിയ്ക്ക് പിടിച്ച് നൈസ് ആയിട്ട് ക്ലാസിനു പുറത്തേക്കിട്ടു! പിള്ളേര്‍ വിറച്ചു നീണ്ടു ക്യൂ ആയിട്ട് നിപ്പാണ്.. ഓരോരുത്തര്‍ക്കുമുള്ളത് തിരക്കുകൂട്ടാതെ വാങ്ങിക്കാനായിട്ട്! അക്കൂട്ടത്തില്‍ മുന്‍പ് സാറിന്റെ ചൂരലിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല! സര്‍ പതിവുപോലെ ഡയലോഗിന് ഒന്നും നിന്നില്ല... ചൂരല്‍ വലത്തേ കയ്യിലോട്ട് പിടിച്ചു എല്ലാരോടും കൈ നീട്ടാന്‍ പറഞ്ഞു.. വായുവില്‍ ഉയര്‍ന്നു താഴുന്ന ചൂരല്‍.. ക്ലാസിലെ ബാക്കിയുള്ള ഓരോരുത്തരും മനസ്സില്‍ എണ്ണാന്‍ തുടങ്ങി..

1,2,3,....6,7.....

8?

സര്‍ നോക്കിയപ്പോ ദേ പിന്നേം ഒരാള്‍! ആള് പക്ഷെ കൈ നീട്ടുന്നില്ല! അല്ലെങ്കിലെ ഹൈവാള്‍ട്ട് കോപത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സാറിന്റെ മുഖം പിന്നെയും ചുവന്നു.. മൂക്ക് വിറച്ചു.. അനുസരണക്കേട്‌ പൊറുക്കുന്നതെങ്ങനെ? സര്‍ തല ഉയര്‍ത്തി ആളെ നോക്കി.. പേടിച്ചു വിറച്ചു, പെരുച്ചാഴിയുടെ പോലെ തിളങ്ങുന്ന ഉണ്ടകണ്ണുകളുമായി തന്നെ നോക്കുന്നു ആ പയ്യന്‍! സാര്‍ക്ക് സര്‍വ്വ നിയന്ത്രണവും വിട്ടു..

"നിന്നോടല്ലടാ #$%^&, കൈ നീട്ടാന്‍ പറഞ്ഞത്?!"

സാറിന്റെ ശബ്ദം വരാന്തയില്‍ അലയടിച്ചു.. അത് ക്ലാസിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു! ഓരോ ക്ലാസുകളില്‍ നിന്നും അധ്യാപകരും കുട്ടികളും സംഗതി എന്തെന്നറിയാന്‍ എത്തി നോക്കി.. 
പയ്യന്‍റെ മുഖം ആകെകൂടി വലിഞ്ഞു മുറുകി.. ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞു പോകും എന്നൊരവസ്ഥ!

"സര്‍..."
പാതി തൊണ്ടയില്‍ കുടുങ്ങി നിന്ന ആ വിളിയില്‍ ദയനീയതയുടെ അങ്ങേ തല വരെ ഉണ്ടായിരുന്നു..
അയാള്‍ടെ കൈകള്‍ ഉയര്‍ന്നു.. അതില്‍ ഒരു പേപ്പര്‍ ഉണ്ടാരുന്നു..

"... അപ്പോയിന്റ്മെന്റ് ലെറ്റര്‍ സര്‍....!"

ആ ക്ലാസിന്‍റെ ചുമതലയോട് കൂടി സ്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന പുതിയ അദ്ധ്യാപകനായിരുന്നു ആ 'പയ്യന്‍'..!!!   


---ശുഭം---

വാല്‍ക്കഷണം:പ്രായം തോന്നിക്കില്ല എന്നതിന്റെ ഗുണം ഉപയോഗപ്പെടുത്തിയ ഇതേ അദ്ധ്യാപകന്‍ ബസില്‍ സ്ഥിരമായി CT (വിദ്യാര്‍ഥികള്‍ക്കുള്ള കണസഷന്‍ ടിക്കെറ്റ്) കൊടുത്ത് പോക്കുവരവ് നടത്തിയിരുന്നതിന്റെ ഫലമായി പേരിനൊപ്പം CT എന്ന് ചേര്‍ത്താണ് പിന്‍കാലത്ത് അറിയപ്പെട്ടിരുന്നതത്രേ!!!  

No comments:

Post a Comment