എന്‍റെ നേരംപോക്കുകാര്‍!!

Wednesday, June 5, 2013

ഷോര്‍ണൂര്‍- തൃശ്ശൂര്‍ TT


രണ്ടാഴ്ച മുന്‍പാണ്.. ഞങ്ങള്‍ 3 പേര്‍ സുഹൃത്ത്  സ്നിജിത്തിന്‍റെ (സ്പെല്ലിംഗ് തെറ്റിയിട്ടില്ല!) ചേച്ചിയുടെ കല്യാണത്തിന് പട്ടിക്കാടിലേക്ക് പോകുന്നു.  ഷൊര്‍ണൂരില്‍ ട്രെയിനില്‍ വന്നിറങ്ങി. അവിടുന്ന് തൃശ്ശൂര്‍. പിന്നെ പട്ടിക്കാട്. അതാണ്‌ പ്ലാന്‍.(പ്ലാന്‍ ഒക്കെ ഓരോ സ്ഥലത്ത് വന്നിറങ്ങുമ്പോള്‍ അപ്പാപ്പോള്‍ ഉണ്ടായി വരുന്നതാണ്!).
ഷോര്‍ണൂരിന്നു കെഎസ്ആര്ടീസിയില്‍ കയറിയ ഉടനെ സഫാഫ് വിന്ഡോ സീറ്റില്‍ സ്ഥാനം പിടിച്ചു! അതെനിക്ക് തീരെ പിടിച്ചില്ല. ഒരു കാര്യഗൌരവം ഇല്ലാത്ത ചെക്കന്‍! ഇപ്പഴും കൊച്ചു കുട്ടിയാണെന്നാ വിചാരം! മുന്‍പും ഈ സീറ്റിനു വേണ്ടി ഇവന്‍റടുത്ത് അടിയുണ്ടാക്കിയിട്ടുള്ളതാണ്! മാറി തരാന്‍ ഒരു ഉദ്ദേശവും ഇല്ലാന്നു കണ്ടപ്പോ ഞാന്‍ പറഞ്ഞു. 

“യാത്ര ഒരുപാടുള്ളതാണ്! റോഡ്‌ ആണേല്‍ ലാലേട്ടന്റെ മുഖം പോലെയും! കുത്തി കുലുങ്ങി പോയിട്ട് ഞാനെങ്ങാനും വാള് വച്ചാല്‍ നാറും കേട്ടാ!”

പറഞ്ഞതില്‍ ഭീഷണിയുടെ ഒരു ലാഞ്ചന ഉണ്ടായിരുന്നത് കൊണ്ട് കൂടിയാകണം, സംഗതിയേറ്റൂ! മനസ്താപത്തോട് കൂടിയെങ്കിലും അവന്‍ വിന്ഡോ സീറ്റ് എനിക്ക് വിട്ടു തന്നു! ഉദ്യമത്തില്‍ വിജയശ്രീലാളിതനായ ഞാന്‍ രാജകീയമായി, പുറംകാഴ്ചകളെല്ലാം കണ്ടു കത്തിവച്ച്, യാത്ര തുടങ്ങിയതേ ഉള്ളൂ. ചെറുതുരുത്തി എത്തുംമുന്‍പ് ദാ വരുന്നു ഒരു ഊക്കന്‍ മഴ! ചെറിയ ഇടിയും അതിന്റെ മുന്നോടിയായി മിന്നലും ഒക്കെയായിട്ട്‌ മുന്നോട്ടു പോകുംതോറും സംഗതി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഇന്നത്തെ പോലല്ലല്ലോ, രണ്ടാഴ്ച മുന്‍പ് ഒരു മഴയെങ്കിലും പെയ്താ മതി എന്നായിരുന്നല്ലോ ഇവിടുത്തെ അവസ്ഥ. കണ്ടക്ടര്‍ ഓരോ വിന്ഡോയുടെയും ഷട്ടര്‍ ഓടി നടന്നു താഴ്ത്തുന്നു. ബസില്‍ ആള് വളരെ കുറവ്. അവിചാരിതമായി കിട്ടിയ സുവര്‍ണാവസരം. എന്നിലെ മഴസ്നേഹി ഉണര്‍ന്നു ! ഞാന്‍ കയ്യും തലയുടെ പാതിയും പുറത്തേക്കിട്ടു മഴ കൊള്ളാന്‍ തുടങ്ങി! അഹങ്കാരമെന്നു നിങ്ങള്‍ പറയുമായിരിക്കും. പക്ഷെ വെള്ളം തുള്ളി തെറിച്ച് ദേഹത്ത് വന്നു വീഴുമ്പോഴുള്ള ആ ഒരു സന്തോഷം! എത്ര കാലത്തിനു ശേഷമാണെന്നോ മഴ നനയുന്നത്! സന്തോഷം ഇരട്ടിക്കുമേല്‍ മറിഞ്ഞു നൊസ്റ്റാള്‍ജിയയുമായി കൂട്ടികുഴഞ്ഞു ഒരു പ്രത്യേകപരുവമായി നില്ക്കുമ്പോഴുണ്ട് പിറകീന്നു ഒരു തോണ്ടല്‍ (POKE!)!

തിരിഞ്ഞപ്പോള്‍ ഒരു പ്രാഞ്ചിയേട്ടന്‍, ഉദ്ദേശം ഒരു 40-45 വയസ്സ് പ്രായം കാണും, കലിപ്പില് നിക്കുന്നു. ഞാന്‍ നോക്കിയ ഉടനെ എന്റടുത്ത് കൈ കൊണ്ട് ഷട്ടര്‍ താഴ്ത്താന്‍ ആംഗ്യംകാണിച്ചു. എനിക്കു ഭയങ്കരമായിട്ട് ദേഷ്യം വന്നു. ഇയാളാരപ്പാ എന്റടുത്ത് ആജ്ഞാപിക്കാന്‍! പക്ഷെ എന്‍റെ  ക്ഷമാശീലം എന്നെ രക്ഷിച്ചു! പ്രായം ആയിവരുന്ന മനുഷ്യനല്ലേ! ഞാന്‍ തിരിഞ്ഞിരുന്നു ഷട്ടര്‍ പാതി താഴ്ത്തി ഒരു കൈകൊണ്ടു പിടിച്ച് മറ്റേ കൈ പുറത്തേക്കിട്ട് മഴ ആസ്വാദനം തുടര്‍ന്നു! എന്റടുത്താ കളി! ഇതാകുമ്പോള്‍ ഇലയ്ക്കും മുള്ളിനും കേടില്ലല്ലോ. കടീം മാറും വിശപ്പും മാറും എന്ന മറ്റേ തിയറി തന്നെ! പക്ഷെ, ഒരു 5 മിനിറ്റ് കഴിഞ്ഞില്ല, പിറകീന്നു വീണ്ടും തോണ്ടല്‍! അതേ ആള് തന്നെ! ഇപ്രാവശ്യം കലിപ്പ് കൂടീട്ടുണ്ട്!

 “പറഞ്ഞാ മനസിലാവ്ല്ലടാ?! വെള്ളം തെറിക്ക്ണ്ന്ടടാ! അടയ്ക്കാടാ!”

നല്ല ക്ലാസ് തൃശ്ശൂര്‍ സ്ലാങ്ങില് നാല് അലക്കല്‍! ആളൊരു പ്രാഞ്ചിയേട്ടന്‍ ആണെന്ന് എനിക്കപ്പഴാണ് ശരിക്കും ബോദ്ധ്യമായത്! പക്ഷെ, ആരായാലെന്താ, ഒറ്റ കാര്യം പറയുന്നതിനിടയില്‍ മൂന്ന് പ്രാവശ്യാണ് എന്നെ ‘ഡാ’ന്നു വിളിച്ചത്! 

അപമാനിക്കപെട്ടിരിക്കുന്നു! 

എന്‍റെ മഴസ്നേഹം നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കുംവരെ അറിയാം! ഇയാള്‍ക്കറിയാത്തത് എന്‍റെ കുറ്റമാണോ?

ദേഷ്യം ഇങ്ങനെ ഇരച്ചു കയറുന്നുണ്ട്. ഒപ്പം ഉള്ളത് സഫാഫും വിഷ്ണുവും. എന്നെ തല്ലുന്ന നിലയിലോട്ടു കാര്യങ്ങള് വളര്‍ന്നാല്‍, ഏതാ ഈ ചെക്കന്‍ തല്ലു വാങ്ങുന്നല്ലോന്നും പറഞ്ഞ് മാറി നിന്ന് കണ്ടു കളയും രണ്ടും! 

ഒരു തവണ കൂടി ഞാനൊന്ന് തിരിഞ്ഞു നോക്കി. ആള് പഴയ കലിപ്പില്, എന്തേലും പറയാനുണ്ടോടാ മോനെ, എന്ന ഭാവത്തില് എന്നേം നോക്കി. ഞാന്‍ തല തിരിച്ചു. പക്ഷെ നാവ് തരിച്ചു വരുന്നു. എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാനെന്തരു മലയാളിയാണ്! അയാള്ക്ക് ‌ മാറിയിരിക്കാന്‍ പിറകിലും മുന്നിലുമായിട്ടു ഒരുപാട് സീറ്റുണ്ട്. മാറി ഇരുന്നാലെന്താണ്? കയ്യിലെ വള ഉരിഞ്ഞു പോകുമോ?! ചോദിച്ചാലോ? ഞാന്‍ വീണ്ടും തിരിഞ്ഞു.

ബ്ലും!

ഈ നോട്ടത്തിലാണ് സംഗതികളുടെ കിടപ്പ് മനസിലായത്! ഇത്തവണ ഞാന്‍ ആളെ നോക്കിയപ്പോള്‍ ആള് നോക്കുന്നത് എന്നെയല്ല! ഞങ്ങടെ സീറ്റിനു നേരെ അപ്പുറത്തുള്ള സീറ്റിലോട്ടാണ് പുള്ളിക്കാരന്റെ കണ്ണ്! അവിടെ രണ്ടു യുവമിഥുനങ്ങള്‍ സ്ഥലകാലബോധം അഞ്ചു പൈസയ്ക്കില്ലാതെ പ്രണയലീലകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു! അവിടെ കാര്യപരിപാടികളിലേക്ക് സംഗതികള്‍ നീങ്ങികൊണ്ടിരിക്കുകയാണ്! മ്മടെ പ്രാഞ്ചിയേട്ടന്‍ നൈസായിട്ട് സീന്‍ പിടിച്ചോണ്ടിരിക്യാണ്!!! ഞങ്ങടെ പിറകിലെ സീറ്റിലിരുന്നാല്‍ അങ്ങേര്‍ക്ക്  സീന്‍ നന്നായി കാണാം! പക്ഷെ പിള്ളേര്‍ക്ക്  അങ്ങേരെ കാണാനും പറ്റൂല! അതായത് പ്രസ്തുത റിയാലിറ്റി ഷോയിലെ സ്വയം പ്രഖ്യാപിത ജഡ്ജായി സേവനമനുഷ്ടിക്കുകയാണ് ആ ആസ്വാദകന്‍! അതാണ്‌ പുള്ളിക്ക് സീറ്റ് മാറിയിരിക്കാന്‍ ഇത്ര ബുദ്ധിമുട്ട്!

എനിക്ക് ചിരിയും മറ്റെന്തക്കയോ സമ്മിശ്രവികാരങ്ങളും ഒരുമിച്ചു വന്നു. ഞാന്‍ എന്‍റെപ്രതികാരത്തെ കുറിച്ചു കുറച്ചു നേരത്തേക്ക് മറന്നു. ഇങ്ങനെ ഒരു മനുഷ്യനോടു എന്ത് പറയാനാണ്! വയസ്സാന്‍ കാലത്ത് അങ്ങേരുടെ ഒരു കാര്യം! ഈ വൈകിയ നേരത്തും അയാളെ കാത്തിരിക്കുന്ന ഒരു ഭാര്യ അയാള്‍ക്കും  ഉണ്ടാകില്ലേ. ആളുകള്‍ ശ്രദ്ധിക്കാം എന്നുപോലും ഓര്‍ക്കാതെ പെര്‍ഫോര്‍മന്‍സ്  നടത്തികൊണ്ടിരിക്കുന്ന പിള്ളേരുടെ കാര്യമോ!

ഹോ! കുറച്ചു നേരത്തിനു ഞാന്‍ ഭയങ്കര സദാചാരവാദിയായി പോയി!

ചിന്ത വീണ്ടും എന്‍റെ മഴ ആസ്വാദനത്തിന് ഭംഗം വരുത്തിയ പ്രാഞ്ചിയേട്ടനോടുള്ള പ്രതികാരത്തില്‍ എത്തി. എന്തെങ്കിലും ചെയ്യാതിരുന്നാല്‍ ഒരു സമാധാനം കിട്ടൂല! 

ഒടുവില്‍ ഒന്ന് തീരുമാനിച്ചു. തൃശ്ശൂര്‍ ബസ്‌ ഇറങ്ങുമ്പോള്‍ അയാളെ നോക്കി,
“നിങ്ങള് മഴ നനയാതെ പോണതൊന്നു കാണണല്ലോ മാഷെ!” എന്നൊരു പൊളപ്പന്‍ ഡയലോഗ് കാച്ചണം എന്ന് മനസ്സില്‍ കുറിച്ചിട്ടു! അയാളെന്തായാലും കുടയെടുത്തു കാണില്ല! ഹോ! അത് കേട്ട്  ചമ്മി നില്‍ക്കുന്ന അയാള്‍ടെ മുന്നിലൂടെ സ്ലോ
മോഷനില്‍ നടന്നു നീങ്ങുന്ന എന്നെയോര്‍ത്ത് എനിക്ക് തന്നെ രോമാഞ്ചം വന്നു!

പക്ഷെ എന്‍റെ  കണക്കുകൂട്ടലുകള്‍ പിഴച്ചു. തൃശ്ശൂര്‍ സ്റ്റാന്റിലെക്ക് ബസ്‌ കയറുമ്പോള്‍ മഴ സ്വിച്ച് ഇട്ടപോലെ നിന്നിരുന്നു! നോക്കി നിക്കണ നേരം കൊണ്ട് പ്രാഞ്ചിയേട്ടനും മിഥുനങ്ങളും ബസിലെ ബാക്കി യാത്രക്കാരും അവരവരുടെ ജീവിതങ്ങളിലേക്ക് നടന്നു പോയി.  ഓരോ ബസും ഒരുപാട് ജീവിതങ്ങളും വഹിച്ചാണല്ലോ ഓരോ യാത്രയും നടത്തുന്നത്. സമയം നന്നായി ഇരുട്ടിയിരുന്നതുകൊണ്ടും വിശപ്പിന്‍റെ വിളി ഒരു മയവും കൂടാതെ തുടരുന്നതുകൊണ്ടും അയാളോട് ക്ഷമിക്കാന്‍ ഞാന്‍ തയ്യാറായി! അല്ലെങ്കില്‍ കാണായിരുന്നു!! :D
എന്തായാലും അയാളോട് ഡിങ്കഭഗവാന്‍ ചോദിക്കും എന്ന വിശ്വാസത്തില്‍ ഞാന്‍, ഞങ്ങള്‍ടെ പാട്ടിനു പോന്നു.

വാല്‍ക്കഷ്ണം: യുവമിഥുനങ്ങളുടെ പെര്‍ഫോര്‍മന്‍സിന് ഞങ്ങളാരും മാര്‍ക്ക് ഇട്ടില്ലേ എന്ന് ചോദിക്കരുത്! ;)

ഞങ്ങളിലാരും ഗാന്ധിയരല്ല!!! :D ;)

2 comments:

 1. ബസിലും റിയാലിറ്റി ഷോയോ.?
  അത്രയും പുരോഗമിച്ചോ?

  ReplyDelete
  Replies
  1. കണ്ണടച്ച് ഇരുട്ടാക്കിയതാ അജിത്തെട്ടാ! പാവം പൂച്ചകുഞ്ഞുങ്ങള്‍! ;)

   Delete