എന്‍റെ നേരംപോക്കുകാര്‍!!

Wednesday, July 24, 2013

ഹാജ്യാരുടെ കാര്‍!


ഈ കഥ എന്‍റെ സുഹൃത്ത്‌ പറഞ്ഞു തന്നതാണ്.. അവന്‍റെ നാട്ടില്‍ -കൊണ്ടോട്ടിയില്‍- ശരിക്കും സംഭാവിച്ചതാണെന്നൊക്കെ അവന്‍ പറയുന്നു! ആര്‍ക്കറിയാം!!

-മൊയ്തുഹാജി ഭൂലോക പിശുക്കനാണ്.. അറുത്തകൈ കാണിച്ചിട്ട് തേയ്ക്കാന്‍ ഒരിത്തിരി ഉപ്പു ചോദിച്ചാല്‍ അതിന്‍റെ കാശിനും കണക്കു പറഞ്ഞു കളയും! ഹാജ്യാരുടെ പിശുക്ക് കാരണം നാട്ടുകാരും വീട്ടുകാരും ഒരുപോലെ സുയിപ്പായിരുന്നു.. കാല്‍ കാശിനു ഗുണമില്ലെന്നൊക്കെ ആരേലും പറഞ്ഞു കേട്ടാല്‍ അത് മൊയ്തുഹാജിയെ കുറിച്ചാകുംന്നു സംശയം വേണ്ട! പണച്ചിലവുള്ള എന്ത് കാര്യത്തിന് ചെന്നാലും "അന്‍റെയൊന്നും വാപ്പേന്‍റെ മൊതലല്ലോ ഹമുക്കെ, ഇതൊന്നും" എന്ന ഹാജ്യാരുടെ സ്ഥിരം ചോദ്യത്തിന് മുന്നില്‍ സ്ഥിരമായി തല താഴ്ത്തി എല്ലാര്‍ക്കും മടുത്തു.. പറഞ്ഞിട്ടും ചൊറിഞ്ഞിട്ടും ഒരു കാര്യോം ഇല്ലെന്നു മനസിലാക്കി എല്ലാരും സുല്ലിട്ടു! പിശുക്കന്‍ ഹാജ്യാര്‍ക്ക് ‌ 'പച്ചവെള്ളം' എന്നൊരു പേരും കൊടുത്ത് നാട്ടുകാര് നിര്‍വൃതി അടഞ്ഞു..

മക്കളെ സൃഷ്ട്ടിക്കണ കാര്യത്തില് മാത്രം മൊയ്തുഹാജിക്ക് ഇപ്പറഞ്ഞ ഒരു പിശുക്കും ഉണ്ടാര്‍ന്നില്ല! രണ്ടു ഭാര്യമാരിലായി എണ്ണം 'പറയിപ്പിക്കുന്ന' മക്കളെ ഉണ്ടാക്കി പാരമ്പര്യമായി തനിക്ക് കൈമാറി കിട്ടിയ തറവാട് വീട് നിറയ്ക്കലായിരുന്നു ഹാജ്യാരുടെ ഇഷ്ടവിനോദം! ഉണ്ടാക്കുന്ന ശുഷ്കാന്തി പക്ഷേങ്കില് പോറ്റുന്ന കാര്യത്തില് ഉണ്ടായിരുന്നില്ലാന്നു പറയണ്ടല്ലോ.. ഇല്ലായ്മയും വല്ലായ്കയുമൊക്കെ ആയിട്ടാണേലും മക്കളൊക്കെ വളര്‍ന്നു വലുതായി.. ഒന്നാമത്തെ ഭാര്യേടെ രണ്ടാമത്തെ മോന്‍ സുലൈമാന്‍ ഗള്‍ഫില് പോയി കണ്ടമാനം കാശുണ്ടാക്കി.. സുലൈമാന്‍ തന്നെ മുന്‍കൈ എടുത്ത് അനിയന്മാരെയും ഗള്‍ഫില് കൊണ്ട് പോയി അവരേം ഒരു കരയ്ക്കാക്കി.. വീട് ഗള്‍ഫുകാരുടെ വീടായപ്പോ ആവശ്യത്തിനു തുണീം സാമാനങ്ങളുമൊക്കെ വാങ്ങി തുടങ്ങി.. വീട്ടിലെ ചിലവും കാര്യങ്ങളും മക്കള് തന്നായി.. കയ്യിന്നു കാശ് ചിലവില്ലാതായപ്പോ ഹാജ്യാര്ക്കും സന്തോഷം!

എല്ലാരും ഒരു വഴിക്കായപ്പോ സുലൈമാന് ഒരു പൂതി! ഒരു കാര്‍ വാങ്ങിക്കണം! കാര്യം വാപ്പാനോട് പറഞ്ഞപ്പോ സ്വാഭാവികമായും ഹാജ്യാര് ഉടക്കി.. ഒടുക്കം എണ്ണ അടിക്കാന്‍ വണ്ടി തന്നെ വിക്കേണ്ടി വരുമെന്നായി തുടക്കത്തിലേ മൂപ്പരുടെ നിലപാട്! മുറ്റത്ത് സ്വന്തായിട്ട്‌ ഒരു എണ്ണക്കിണര്‍ ഉണ്ടായാലും വാപ്പ ഇതേ പറയൂ എന്നറിയാവുന്ന സുലൈമാന്‍ പഞ്ചാര വര്‍ത്താനം പറഞ്ഞു നല്ലോം പൊക്കിവച്ചു സുഖിപ്പിച്ച് ഒരു വിധം ഹാജ്യാരേ സമ്മതിപ്പിച്ചു.. കൂട്ടത്തില്‍ ഡ്രൈവിംഗ് പഠിപ്പിക്കാം എന്നൊരുഗ്രന്‍ ഓഫെറും കൂടി കൊടുത്തപ്പോള്‍ ഹാജ്യാര് ഫ്ലാറ്റായി! തുറയ്ക്കലേ അന്ത്രുമാന്‍ മൊതലാളി ബെന്‍സ് കാറില്‍ ഞെളിഞ്ഞിരുന്ന് പോകണ പോലെ താനും സ്വന്തം കാറും ഓടിച്ചു അങ്ങാടിയിലൂടെ നെഞ്ചു വിരിച്ചു പോവണ ചിത്രം 70mmല്‍ മനസിലോടിയപ്പോള്‍ മൊയ്തുഹാജി വിജ്രുംഭിതനായി! (പണ്ടേ ഇതൊക്കേ ആവാമായിരുന്നു.. ഇതിപ്പൊ സ്വന്തം കാശല്ലല്ലോ!)

അങ്ങനെ തറവാട്ടില് കാറായി.. മൊയ്തുഹാജി ഡ്രൈവിങ്ങും പഠിച്ചു!

ആദ്യമൊക്കെ സര്‍ക്കീട്ട് നടത്തല് ഒരു ഹരായിരുന്നു! നാട്ടിന്‍പുറത്ത് എണ്ണം പറഞ്ഞ കാര്‍ മുതലാളിമാരില്‍ ഒരാളായതിന്‍റെ ഹുങ്ക്! പക്ഷെ, സുലൈമാന്‍ രാജ്യം വിട്ടതോടെ പണി പാളി.. പെട്രോള്‍ സ്വന്തം കയ്യിന്നു മുടക്കണം എന്നൊരവസ്ഥ വന്നു! പട്ടീടെ വാലും ഹാജ്യാരുടെ പിശുക്കും നിവരാന്‍ വ്യവസ്ഥ ഇല്ലല്ലോ! ഹാജ്യാര് സീന്‍ വിട്ടു! കാര്‍ നൈസായിട്ട് ഷെഡില്‍ കേറ്റിയിട്ട് മൂപ്പര് ചാരുകസേരയില്‍ കാലും കയറ്റിവച്ച് പഴേ ചേലില് ഇരുത്തോം തുടങ്ങി.. ഹാജ്യാരേ നന്നായി അറിയാവുന്ന നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അസ്വാഭാവികമായി ഒന്നും തോന്നീല..

ദിവസങ്ങള് കുറേ കടന്നുപോയി.. മൊയ്തുഹാജിയുടെ പഴയൊരു ചങ്ങായി കാണാന്‍ വരുന്നൂന്ന് വിളിച്ചു പറഞ്ഞു.. ചങ്ങായീടെ മുന്നില്‍ ഒന്ന് ആളാവാന്‍ വിളിച്ചോണ്ട് വരാന്‍ കാര്‍ എടുക്കാന്‍ ഹാജ്യാര് തീരുമാനിച്ചു.. ഒരുങ്ങി വന്നപ്പഴേക്കും സംഗതി വൈകി പോയി.. ചങ്ങായി അങ്ങാടിയില് കാത്തു നിക്കാന്‍ തുടങ്ങീട്ടു നേരം കുറച്ചായി.. ഹാജ്യാര് ഓടി പോയി കാര്‍ സ്റ്റാര്‍ട്ടാക്കി അങ്ങേരടെ പ്രായത്തിന് പറ്റിയ 'ഓവര്‍ സ്പീഡില്‍' അങ്ങാടിയിലേക്ക് വച്ചടിച്ചു.. വണ്ടി ഓടിച്ചോണ്ടിരിക്കുമ്പോ ഹാജ്യാര് ഒരു കാര്യം ശ്രദ്ധിച്ചു.. പോണ വഴിയിലൊക്കെ ആള്‍ക്കാര് തന്നെ നന്നായി നോക്കണുണ്ട്.. താന്‍ ആദ്യായിട്ടൊന്നുമല്ല കാറും ഓടിച്ചു ഈ വഴിയിലൊക്കെ പോണത്.. പിന്നെന്താണ് ഈ മണകുണാന്ജന്മാര്‍ ഇങ്ങനെ നോക്കണത്.. കുറച്ചു പോയപ്പോ തോന്നി നോക്കുക മാത്രല്ല, ഒരു ചെറ്യേ ചിരി കൂടിയുണ്ട് എല്ലാത്തിന്റെം മുഖത്ത്! ഹാജ്യാര്‍ക്ക്‌ ഒരു എത്തുംപിടീം കിട്ടിയില്ല.. അങ്ങാടി എത്തിയപ്പോ നാട്ടുകാര്‍ എല്ലാം കൂടി വട്ടം കൂടി നിന്ന് ചിരിയായി.. എല്ലാം കൂടി കണ്ടപ്പോ ഹാജ്യാര്‍ക്ക്‌ ദേഷ്യം ഇരച്ചു കേറി.. ആള് കാര്‍ നിര്‍ത്തി പുറത്തിറങ്ങി ചുറ്റും നോക്കി നല്ല കലിപ്പില് ഉറക്കെ വിളിച്ചു ചോദിച്ചു..

"$%^&* മക്കളെ, ഞാനെന്താടാ തുണിയില്ലാണ്ടാണാ നിക്കണത്, ഇങ്ങനെ കിളിക്കാന്‍??!"

ഉടന്‍ നാട്ടുകാരില്‍ ആരൊ വിളിച്ചു പറഞ്ഞു..

"തുണിയൊക്കെ ഉണ്ട് ഹാജ്യാരേ! പക്ഷേങ്കില് ഇങ്ങളത് മാത്രല്ല, പൊരക്കാരത്(വീട്ടുകാരുടെത്) മുയുമനും ഉണ്ട്!!!" 

പ്ലിംഗ്!

ഞെട്ടി തിരിഞ്ഞു കാറിലേക്ക് നോക്കിയ ഹാജ്യാര് കണ്ടത് ഒരു ചെറിയ ലേഡീസ് ഒണ്‍ലി ടെക്സ്റ്റയില്‍സ്!!! വീട്ടില്‍ ഭാര്യമാരും മരുമക്കളുമായുള്ള പെണ്ണുങ്ങള്‍ പുറത്തു കാണിക്കാന്‍ ഇഷ്ട്ടപ്പെടാത്ത എല്ലായിനം വസ്ത്രങ്ങളും ഭംഗിയായി, പറന്നു പോവാതിരിക്കാന്‍ പിന്‍ ചെയ്തു ഉണക്കാനിട്ടിരിക്കുന്നു കാറിന്‍റെ പുറത്ത്!!!   

വെറുതെ കിടക്കണ കാറിനു അങ്ങനേലും ഒരു ഉപകാരം ഉണ്ടാകട്ടെന്നു കരുതി കാണും പാവം സ്ത്രീജനങ്ങള്‍!!!  

2 comments:

  1. നടന്നതായാലും അല്ലെങ്കിലും കഥ നന്നായി രസിച്ചു.

    ReplyDelete