എന്‍റെ നേരംപോക്കുകാര്‍!!

Monday, November 17, 2014

ചില സ്വപ്‌നങ്ങള്‍..


യാത്രകളുടെ ആധിക്യം കാരണം എന്‍റെയൊരു സുഹൃത്തിന്‍റെ വീട്ടില്‍ ഒരു സെക്കന്റ്‌ ഹാന്‍ഡ്‌ കാര്‍ വാങ്ങാന്‍ തീരുമാനിച്ചു.. പ്രവാസിയായ അച്ഛന്‍ കാര്‍ വാങ്ങാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി ഏല്‍പ്പിച്ചത് അവനെ തന്നെയായിരുന്നു.. ഓടിക്കേണ്ടതും അവന്‍ തന്നെയായിരുന്നോണ്ട് ആശാന്‍ ഓടി നടന്നു കാര്യങ്ങള് നടത്തി.. കോഴിക്കോടുള്ള ഒരു മാരുതി സെക്കന്റ്‌ ഹാന്‍ഡ്‌ ഡീലേര്‍സില്‍ നിന്നും നല്ല കാര്‍ തിരഞ്ഞെടുക്കാന്‍ വേണ്ടി നാട്ടിലെ ചില സുഹൃത്തുക്കളെയും കൂട്ടിയാണ് പോയത്.
അവിടെ 2014 മോഡല്‍ ഒരു പുതുപുത്തന്‍ സ്വിഫ്റ്റ് കാറിലാണ് അവരുടെയെല്ലാം കണ്ണുടക്കിയത്..
കാര്‍ ആകെ ഉപയോഗിച്ചിട്ടുള്ളത് ഒരു മാസത്തില്‍ താഴെ മാത്രം..
ഓടിയിട്ടുള്ളത് കുറച്ചു കിലോമീറ്റേഴ്സ് മാത്രം..
ഇത്രയും പുതിയ വാഹനം വില്‍ക്കാന്‍ എന്തായിരിക്കും കാരണം?
ഉടമസ്ഥന്‍ സാമ്പത്തികപ്രതിസന്ധി കാരണം വിറ്റതാണെന്ന് ഡീലര്‍ പറഞ്ഞിട്ടും ഒരു വിശ്വാസകുറവ്.. ഡീലര്‍ എങ്ങോട്ടോ തിരിഞ്ഞ സമയത്ത് വണ്ടിയുടെ ഡോക്യുമെന്റ്സില്‍ നിന്നും പഴയ ഓണറുടെ കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്ത് അവര്‍ പിന്നെ വരാമെന്നും പറഞ്ഞു സ്ഥലം വിട്ടു..

പിന്നീടാണ് ഞാന്‍ അവനെ കാണുന്നത്.. മേല്‍പ്പറഞ്ഞ കഥ പറഞ്ഞ ശേഷം ആ കാര്‍ അവര് വാങ്ങാന്‍ തീരുമാനിച്ച കാര്യവും അവന്‍ പറഞ്ഞു.. ഞാന്‍ വേറെന്തെങ്കിലും ചോദിക്കും മുന്‍പ് അവന്‍ അവന്‍റെ ഫോണ്‍ എടുത്ത് WhatsApp തുറന്നു എനിക്കൊരു കോണ്ടാക്റ്റു കാണിച്ചു തന്നു..
"Swift" എന്ന് പേരുള്ള ആ കൊണ്ടാക്റ്റില്‍ ഡിസ്പ്ലേ പിക്ചറില്‍ ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.. തൊട്ടടുത്ത്‌ സാമാന്യം ഉയരമുള്ള ഒരു മനുഷ്യന്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു..
അതിലെ സ്റ്റാറ്റസ് "I really miss you my dear" എന്നായിരുന്നു!
സ്റ്റാറ്റസ് ഇട്ടിട്ട് ഒരു മാസമാകുന്നു..
അന്ന് വണ്ടിയുടെ ഡോകുമെന്റില്‍ നിന്നും അവര് പൊക്കിയ നമ്പര്‍ അവന്‍ സ്വന്തം ഫോണില്‍ സേവ് ചെയ്തു വച്ചത് അങ്ങനെയായിരുന്നു!
അവന്‍ അയാളെ നേരിട്ട് വിളിച്ച് അന്വേഷിച്ചോ എന്ന് ചോദിച്ചു ഞാന്‍.
എങ്ങനെ വിളിക്കാനാണ്.. ഈ പിക്ചറും സ്റ്റാറ്റസും കാണുമ്പോഴേ അറിയാം അയാളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ..
ഇനി വിളിച്ചാല്‍..
പക്ഷെ ഒരു കാര്യത്തില്‍ ഉറപ്പുണ്ട്..
ആ ഒരു മാസം അയാള്‍ ആ വണ്ടി പൊന്നുപോലെ നോക്കിയിട്ടുണ്ട്! അതോണ്ട് ഞങ്ങള് ആ കാറ്‌ തന്നെ വാങ്ങാന്‍ തീരുമാനിച്ചു!

ഞാന്‍ സാമാന്യം ഉയരമുള്ള ചിരിക്കുന്ന മുഖത്തോട് കൂടിയ
ആ മനുഷ്യനെ കുറിച്ച് ചിന്തിച്ചു..
അയാള്‍ ഒരു കാര്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തിരിക്കാവുന്ന ദിവസങ്ങളെകുറിച്ച് ചിന്തിച്ചു..
ബുക്ക്‌ ചെയ്ത തന്‍റെ പ്രിയപ്പെട്ട കാര്‍ കയ്യില്‍ കിട്ടുംവരേയ്ക്കുമുള്ള അയാളുടെ വികാരവിക്ഷോഭങ്ങളെ കുറിച്ച് ചിന്തിച്ചു..
നിനച്ചിരിക്കാതെ അയാളെ സാമ്പത്തികമായി തളര്‍ത്തിയ പ്രതിസന്ധിയെ കുറിച്ച് ചിന്തിച്ചു..
ആശിച്ചു വാങ്ങിച്ച തന്‍റെ പുതുപുത്തന്‍ കാര്‍- തന്‍റെ മകന്‍ തന്നെ - ഓടിച്ചോ അല്ല ഒന്ന് കണ്ടോ കൊതി തീരുംമുന്‍പ് വില്‍ക്കേണ്ടി വന്നപ്പോള്‍ അയാള്‍ അനുഭവിച്ചിരുന്നിരിക്കാവുന്ന ഹൃദയവേദന കൂടി ചിന്തിച്ചപ്പോള്‍...

പിന്നെ കൂടുതലൊന്നും ചിന്തിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ എനിക്ക് നഷ്ടപ്പെട്ടു പോയി..

No comments:

Post a Comment