എന്‍റെ നേരംപോക്കുകാര്‍!!

Friday, November 21, 2014

ഇങ്ങനെയും മനുഷ്യര്‍..

ഒരു രണ്ടു മണിക്കൂര്‍ മുന്‍പായിരിക്കണം..
ഓഫീസില്‍ നിന്നും റൂമിലേക്ക്‌ നടന്നു വരുന്നു..
ചെറിയ എന്നാല്‍ തിരക്കേറിയ ആ സൂപ്പെര്‍ മാര്‍ക്കറ്റിന്റെ അരികുപറ്റി തിരക്കിനെ കീറി മുറിച്ചു പതുക്കെ നടക്കുമ്പോ അകലെയായി അസാധാരണമാംവിധം ശരീരം പ്രദര്‍ശിപ്പിച്ച് നേരെ നടന്നടുക്കുന്ന ഒരു സ്ത്രീയെ കണ്ടു..
അടുത്തെത്തിയപ്പോള്‍ മനസ്സിലായി..
അവര്‍ സ്ത്രീയായിരുന്നില്ല..
പുരുഷനുമായിരുന്നില്ലാ..
ഒറ്റയ്ക്കല്ല.. രണ്ടു പേര്‍.. കയ്യില്‍ ചുരുട്ടി പിടിച്ച കാശ്..
നേരേ അടുത്തെത്തുന്ന ഓരോരുത്തരും തമ്മിലടുപ്പിച്ച എതിര്‍ധൃവങ്ങളെന്ന പോലെ വികര്‍ഷിച്ചു അവര്‍ക്കിരുവശത്തേക്കും തെന്നി മാറുന്നുണ്ട്..
ചിന്തിച്ചു നില്‍ക്കുംമുന്‍പേ അവരടുത്തെത്തി..
ഞാന്‍ തലയൊരല്‍പ്പം താഴ്ത്തി വശത്തേക്ക് മാറി നടക്കാന്‍ ശ്രമിച്ചു..
ഇല്ല വഴിയില്ല..
ഒരു കാല്‍വെപ്പ്‌.. തൊട്ടുമുന്‍പില്‍ അവര്‍..
അകപ്പെട്ടു കഴിഞ്ഞു.. ഞാന്‍ തല താഴ്ത്തി തന്നെ..
അടുത്ത്.. വളരെ അടുത്ത്..
അതിലൊരാള്‍ തന്‍റെ കയ്യെടുത്ത് എന്‍റെ തലയില്‍ വച്ചു..
ഇതുവരേ അറിഞ്ഞിട്ടില്ലാത്ത പൌഡറിന്റെയോ മറ്റെന്തിന്റെയൊക്കയോ മനം മടുപ്പിക്കുന്ന ഗന്ധം..
ഞാനൊന്നു വിറച്ചു..
നഗരത്തില്‍ ആ ജനാവലിയ്ക്ക് മുന്നില്‍ മാനം നഷ്ടപ്പെടാന്‍ പോകുന്നൂ എന്ന ചിന്ത..
തലയില്‍ വച്ച കൈ ചെവിയിലൂടെ ഊര്‍ന്ന് പതുക്കെ കീഴ്ത്താടിയില്‍ തടവി..
ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി..
അവരുടെ മുഖത്ത്, ആ കണ്ണുകളില്‍, അറപ്പുളവാക്കുന്ന ശൃംഗാരഭാവം..
ഞാന്‍ പതുക്കെ പറഞ്ഞു..
കാശില്ല..
ഞാന്‍ പറഞ്ഞ ഭാഷ, അവര്‍ക്ക് മനസ്സിലായ ഭാഷ ഏതെന്നറിയില്ല..
എന്‍റെ മുഖം ഒരു കടലാസുപോലെ വെളുത്തു വിളറിയിരുന്നിരിക്കണം..
മുഖഭാഷ അത്രയ്ക്കു ദയനീയമായിരുന്നിരിക്കണം..
അല്ല ആയിരുന്നു..
കീഴ്ത്താടിയില്‍ ഇരുന്ന വിരലുകള്‍ എന്‍റെ ചുണ്ടുകളില്‍ കൂടി ഒന്ന് തൊട്ടു, തന്‍റെ ചുണ്ടുകള്‍ കൂര്‍പ്പിച്ച് ഒരു പറക്കും ചുംബനം നല്‍കി അവര്‍ എന്നെ വിട്ടു അടുത്ത ഇരയെ നേടി പോയി!
ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു..
അവര്‍ തിരിച്ചു വരുമെന്ന് ഭയന്നല്ല..
പലവുരു യാചിച്ചു കരഞ്ഞിട്ടും ഒരു സ്ത്രീ കാട്ടാതിരുന്ന ദയ ഒരു ഹിജഡ എന്നോട് കാണിച്ചിരിക്കുന്നു!

ഒരു സെന്‍സസിലും ഉള്‍ക്കൊള്ളപ്പെടാത്ത, ഒരു വോട്ടര്‍ പട്ടികയിലും പേര്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത, സമൂഹത്തിന്‍റെ വെറുപ്പോടുള്ള നോട്ടം മാത്രം ഏറ്റുവാങ്ങപ്പെട്ടു ഒരു ജീവിതചക്രം കുത്തഴിഞ്ഞു ആടി തീര്‍ത്തു മണ്ണില്‍ ജീവിച്ചിരുന്നൂവെന്നൊരു തെളിവ് പോലും അവശേഷിപ്പിക്കാതെ എരിഞ്ഞു തീരുന്ന അത്തരം ജീവിതങ്ങളോട് ഒരല്‍പം അനുഭാവം തോന്നിപോയി..
വെറുത്തിട്ടു കടന്നുപോയ പലതിനോടും തോന്നാത്ത ഒന്ന്...

No comments:

Post a Comment